ലോകത്തിലെ ഏറ്റവും വിലയേറിയ നമ്പർ പ്ലേറ്റ് ഇനിമുതൽ ദുബായിയിൽ; ലേലം നടത്തിയത് 'വണ്‍ ബില്യണ്‍ മീല്‍സ്' പദ്ധതിക്കായി
text_fieldsലോകത്തിലെ ഏറ്റവും വിലയേറിയ നമ്പർപ്ലേറ്റ് ഇനിമുതൽ ദുബായിയിൽ. 'വണ്‍ ബില്യണ്‍ മീല്‍സ്' പദ്ധതിയിലേക്ക് തുക സമാഹരിക്കുന്നതിന് യു.എ.ഇയില്‍ നടത്തിയ 'മോസ്റ്റ് നോബിള്‍ നമ്പേഴ്‌സ്' എന്ന ചാരിറ്റി ലേലത്തിലാണ് റെക്കോർഡ് തുകക്ക് നമ്പർ ലേലത്തിൽപ്പോയത്. ചാരിറ്റി ലേലത്തില്‍ വി.ഐ.പി കാര്‍ നമ്പര്‍ പ്ലേറ്റ് 'P 7' ആണ് 55 ദശലക്ഷം ദിര്‍ഹത്തിന് (ഏകദേശം 122.6 കോടി രൂപ) ലേലം ചെയ്തത്. അജ്ഞാതനായ കോടീശ്വരനാണ് നമ്പർ ലേലത്തിൽ പിടിച്ചിരിക്കുന്നത്.
ലേലത്തില്‍ നിന്നുള്ള വരുമാനം നേരിട്ട് 'വൺ ബില്യണ്‍ മീല്‍സ് എന്‍ഡോവ്മെന്റ്' ക്യാമ്പയിനിലേക്കാണ് പോകുന്നതെന്ന് സംഘാടകർ പറയുന്നു. റമദാന്‍ മാസത്തില്‍ ഭക്ഷണത്തിനായി കഷ്ടത അനുഭവിക്കുന്നവരെ ഈ ക്യാമ്പയിനിലൂടെ സഹായിക്കാന്‍ സാധിക്കും. 50 ദരിദ്ര രാജ്യങ്ങളില്‍ ഭക്ഷണമെത്തിക്കുന്ന പദ്ധതിയാണ് ‘വൺ ബില്യൺ മീൽസ്’. പദ്ധതി പ്രഖ്യാപിച്ച് ആദ്യ 15 ദിവസം പിന്നിട്ടപ്പോള്‍ തന്നെ വിവിധ കേന്ദ്രങ്ങളില്‍ നിന്നായി 51.4 കോടി ദിര്‍ഹം സമാഹരിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രി ജുമൈറ ബീച്ചിലെ ഫോര്‍ സീസണ്‍സ് റിസോര്‍ട്ടിലാണ് ചാരിറ്റി ലേലം സംഘടിപ്പിച്ചത്. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സിന്റെ സഹകരണത്തോടെ എമിറേറ്റ്സ് ഓക്ഷനാണ് ലേലം നടത്തിയത്. 2008-ല്‍ അബുദാബിയിലെ കാര്‍ നമ്പര്‍ 1 പ്ലേറ്റ് 52.2 ദശലക്ഷം ദിര്‍ഹത്തിന് (ഏകദേശം 116.3 കോടി രൂപ) വിറ്റതായിരുന്ന നിലവിലുണ്ടായിരുന്ന റെക്കോഡ്.
ഈ റെക്കോഡ് തകര്‍ക്കപ്പെടണമെന്ന വാശിയിലാണ് ലേലം വിളി പുരോഗമിച്ചത്. 15 ദശലക്ഷം ദിര്‍ഹത്തിനാണ് ലേലം ആരംഭിച്ചത്. ഫ്രഞ്ച് എമിറാത്തി ബിസിനസ്മാനും ടെലിഗ്രാം സ്ഥാപകനുമായ പാവല്‍ ദുറോവും ലേലത്തില്‍ പങ്കെടുത്തിരുന്നു. മിനിറ്റുകള്‍ക്കകം ലേലം വിളി 30 ദശലക്ഷം ദിര്‍ഹം പിന്നിട്ടു. പവല്‍ ദുറേവ് 35 ദശലക്ഷം വിളിച്ചതോടെ ലേലം അല്‍പ്പസമയം സ്തംഭിച്ചു.
എന്നാല്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി പലരും കൂട്ടി വിളിച്ചതോടെ ലേലത്തിന് വീണ്ടും ചൂടുപിടിച്ചു. ഓരോ വിളിക്കും കാണികള്‍ ആര്‍പ്പുവിളിച്ചു. പിന്നാലെ ലേലംവിളി 55 ദശലക്ഷം ദിര്‍ഹത്തില്‍ അവസാനിച്ചു. എന്നാല്‍ ലേലം വിളിച്ചെടുത്ത വ്യക്തി അജ്ഞാതനായിരിക്കാന്‍ ആഗ്രഹിക്കുന്നതായാണ് വിവരം. 16 വര്‍ഷത്തിനുശേഷമാണ് ഇത്രയും ഉയര്‍ന്ന തുകയ്ക്ക് വാഹന നമ്പര്‍ പ്ലേറ്റ് ലേലം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷത്തെ നമ്പര്‍ പ്ലേറ്റിന് ലഭിച്ച ഏറ്റവും ഉയര്‍ന്ന ലേലത്തുക 5.2 കോടി ദിര്‍ഹമായിരുന്നു.
AA19, AA22, AA80, O71, X36, W78, H31, Z37, J57, N41 എന്നിങ്ങനെ 10 രണ്ടക്ക നമ്പറുകള്‍ ഉള്‍പ്പെടെ വിവിധ നമ്പര്‍ പ്ലേറ്റുകളും ലേലത്തിന്റെ ഭാഗമായി. മറ്റ് പ്രത്യേക നമ്പര്‍ പ്ലേറ്റുകളില്‍ Y900, Q22222, Y6666 എന്നിവ ഉള്‍പ്പെടുന്നു. AA19 എന്ന നമ്പര്‍ 4.9 ദശലക്ഷം ദിര്‍ഹത്തിന് വിറ്റുപോയി.
O 71 നമ്പര്‍പ്ലേറ്റിന് 150 ദശലക്ഷം ദിര്‍ഹമാണ് ലഭിച്ചത്. 975,000 ദിര്‍ഹത്തിനാണ് Q22222 നമ്പര്‍ വിറ്റുപോയത്. അപൂര്‍വമായ 14 വാഹന നമ്പര്‍ പ്ലേറ്റുകള്‍ക്കൊപ്പം 35 മൊബൈല്‍ ഫോണ്‍ നമ്പറുകളും ലേലത്തില്‍ വെച്ചിരുന്നു. ഇത്തിസലാത്ത് ഡയമണ്ട് പ്ലസ്, ഡു പ്രത്യേക നമ്പറുകളുടെ ലേലത്തിലൂടെ മൊത്തം 3,007,500 ദിര്‍ഹം സമാഹരിക്കാന്‍ സാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.