ലോകത്തിലെ ആദ്യ പറക്കും കാർ, പാൽ വി ലിബർട്ടി തയ്യാർ; ഇന്ത്യയിലും നിർമിക്കാൻ ധാരണ
text_fieldsപറക്കും കാർ നിർമാണത്തിൽ ഗവേഷണം നടത്തിയിരുന്ന ഡച്ച് കമ്പനിയായ പാൽ വി തങ്ങളുടെ ആദ്യ ഉത്പന്നം വിപണിക്കായി തയ്യാറായതായി അറിയിച്ചു. ലോകത്തിലെ ആദ്യ പറക്കും കാറായ ലിബർട്ടിയാണ് പാൽ വി റോഡുകൾക്കായി സജ്ജമാക്കിയത്. ലിബർട്ടി അടുത്തിടെ കർശനമായ യൂറോപ്യൻ റോഡ് പ്രവേശന പരീക്ഷണങ്ങളിൽ വിജയിച്ചിരുന്നു. ഇപ്പോൾ ഒൗദ്യോഗിക ലൈസൻസ് പ്ലേറ്റ് ഉപയോഗിച്ച് റോഡിലിറങ്ങാൻ വാഹനത്തിന് അനുമതി ലഭിച്ചിരിക്കുകയാണ്.ഇരട്ട എഞ്ചിനുകളാണ് ഫ്ലൈയിംഗ് കാറിെൻറ കരുത്ത്. ഒരേ സമയം രണ്ടുപേർക്ക് വാഹനത്തിൽ യാത്രചെയ്യാനുമാകും.
പരീക്ഷണ നാളുകൾ
2020 ഫെബ്രുവരി മുതൽ ടെസ്റ്റ് ട്രാക്കുകളിൽ നടത്തിയ കർശനവും വിപുലവുമായ ഡ്രൈവ് ടെസ്റ്റ് പ്രോഗ്രാമിനെ തുടർന്നാണ് വാഹനത്തിന് റോഡിലിറങ്ങാൻ അനുമതി ലഭിച്ചത്. അതിവേഗ സഞ്ചാരം, ബ്രേക്ക്, ശബ്ദ മലിനീകരണ പരിശോധന എന്നിവ പരിശോധനകളിൽ ഉൾപ്പെട്ടിരുന്നു. 'ഞങ്ങൾ വർഷങ്ങളായി റോഡ് അധികൃതരുമായി സഹകരിക്കുന്നു. അതിെൻറ വിജയമാണ് ഇപ്പോൾ ലഭിച്ച അനുമതി'-പാൽ വി സി.ടി.ഒ മൈക്ക് സ്റ്റെക്കലെൻബർഗ് പറയുന്നു.
നികുതിയൊഴികെ 399,000 ഡോളർ (ഏകദേശം 2.52 കോടി രൂപ) ആണ് ലിബർട്ടിയുടെ വില. 2012 ൽ വാഹനത്തിെൻറ ടെസ്റ്റ് പ്രോട്ടോടൈപ്പ് പറന്നുയർന്നിരുന്നു. 2015 മുതൽ യൂറോപ്യൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി(EASA)യുടെ ഏവിയേഷൻ സർട്ടിഫിക്കേഷനിലൂടെ കടന്നുപോകുന്നുണ്ട്. വാഹനത്തിെൻറ അന്തിമരൂപം 2022 ൽ മാത്രമേ പുറത്തിറക്കുകയുള്ളൂ. വാഹനത്തിെൻറ ഡെലിവറികൾ അതിനുശേഷം മാത്രമേ ആരംഭിക്കൂ. വാഹനത്തിനായി ഇനിയും 1,200-ലധികം ടെസ്റ്റ് റിപ്പോർട്ടുകൾ പൂർത്തിയാക്കേണ്ടതുണ്ട്. അവസാന 150 മണിക്കൂർ ഫ്ലൈറ്റ് ടെസ്റ്റിംഗ് നടക്കുന്നത് ഇതിനുശേഷമായിരിക്കും.
ഇന്ത്യയിലും നിർമിക്കും
ഡ്രൈവ് മോഡിൽ പരമാവധി 160 കിലോമീറ്റർ വേഗതയാണ് വാഹനത്തിനുള്ളത്. ഒമ്പത് സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ കഴിയും. ഫ്ലൈറ്റ് മോഡിൽ പരമാവധി 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും. 500 കിലോമീറ്റർ പറക്കാനും കഴിയും. 660 കിലോഗ്രാം മാത്രം ഭാരമുള്ളതിനാൽ ഒരു സ്പോർട്സ് കാർ പോലെയാണ് ലിബർട്ടി പ്രവർത്തിക്കുന്നതെന്ന് ടെസ്റ്റ് ഡ്രൈവർ ഹാൻസ് ജൂർ പറയുന്നു.
വാഹനത്തിനായി ബുക്ക്ചെയ്ത് കാത്തിരിക്കുന്നവർ നിരവധിയാണ്. അവരിൽ ചിലർ ഇതിനകം പാൽ വി ഫ്ലൈഡ്രൈവ് അക്കാദമിയിൽ ഒരു 'ഗൈറോപ്ലെയ്ൻ' ഫ്ലൈയിംഗ് ലൈസൻസിനായി പരിശീലനം ആരംഭിച്ചിട്ടുമുണ്ട്. പാൽ വി ഗുജറാത്ത് സംസ്ഥാനവുമായി ഇതിനകം ഒരു ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. 2021 മുതൽ സംസ്ഥാനത്ത് വാഹനം ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് നിന്ന് നിരവധി യൂറോപ്യൻ രാജ്യങ്ങളിലേക്ക് വാഹനം കയറ്റുമതി ചെയ്യുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.