ആർ.സി പുതുക്കുന്നവർക്ക് വമ്പൻ പണി: നിരക്ക് കുത്തനെ ഉയർത്തി കേന്ദ്രം; 21 ഇരട്ടിവരെ വർധന
text_fieldsന്യൂഡൽഹി: 15 വർഷം പഴക്കമുള്ള വാഹനങ്ങളുടെ ആർ.സി പുതുക്കാനുള്ള ഫീസുകൾ കുത്തനെ ഉയർത്തി കേന്ദ്രം. ഫീസ് വർധിപ്പിക്കുന്നതിന് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം ബുധനാഴ്ച കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. 2021 ഒക്ടോബർ ഒന്നു മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽവരുമെന്ന് മന്ത്രാലയം അറിയിച്ചു. എല്ലാ സ്വകാര്യ വാണിജ്യ വാഹനങ്ങൾക്കും നിരക്കുകൾ ബാധകമാകും. വിജ്ഞാപനം അനുസരിച്ച്, പാസഞ്ചർ കാറിന്‍റെ ആർസി പുതുക്കുന്നതിന് വാഹന ഉടമ 5,000 രൂപ നൽകേണ്ടിവരും.
ഇരുചക്രവാഹനങ്ങൾക്ക് രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള നിലവിലെ നിരക്ക് 300 രൂപയാണ്. ഇത് 1,000 രൂപയായി വർധിപ്പിക്കാനാണ് തീരുമാനം. 15 വർഷം പഴക്കമുള്ള ബസിനോ ട്രക്കിനോ ഫിറ്റ്നസ് പുതുക്കൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് 12,500 രൂപയാണ് നൽകേണ്ടത്. നിലവിലുള്ളതിനേക്കാൾ ഏകദേശം 21 മടങ്ങാണ് ഫീസ് വർധിച്ചത്. വരാനിരിക്കുന്ന സ്ക്രാപ്പേജ് പോളിസിയിലെ നിർദേശങ്ങളിൽ പ്രധാനപ്പെട്ടതാണ് ആർ.സി പുതുക്കുന്നതിനുള്ള ഫീസുകളുടെ വർധന. വാഹനത്തിന്‍റെ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള കാലതാമസത്തിനുള്ള പിഴയും വർധിപ്പിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ പുതുക്കാൻ താമസിക്കുന്നവർ പ്രതിമാസം 300 മുതൽ 500 രൂപവരെ പിഴ നൽകേണ്ടിവരും.
വാണിജ്യ വാഹനത്തിന്‍റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങാൻ വൈകുന്നവർ പ്രതിദിനം 50 രൂപ പിഴയൊടുക്കണം. ബൈക്കിനുള്ള രജിസ്ട്രേഷൻ ഫീസ് 300 രൂപയും പുതുക്കലിനുള്ള ഫീസ് 1000 രൂപയുമാണ്. അതുപോലെ, ത്രീ-വീലറുകളുടെ രജിസ്ട്രേഷൻ നിരക്ക് 600ഉം പുതുക്കൽ നിരക്ക് 2,500 രൂപയുമാണ്. ഇറക്കുമതി ചെയ്ത വാഹനം രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫീസ് 5,000 രൂപയും അതിന്‍റെ പുതുക്കലിനുള്ള ഫീസ് 40,000 രൂപയുമായാണ് നിശ്ചയിച്ചിരിക്കുന്നത്. ടാക്സി വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് 1,000 രൂപ നൽകണം. സർട്ടിഫിക്കറ്റ് പുതുക്കുന്നതിന് 7,000 ചിലവാകും. മീഡിയം ഗുഡ്സ് അല്ലെങ്കിൽ പാസഞ്ചർ വെഹിക്കിൾ ആണെങ്കിൽ 1,300 രൂപക്ക് പുതിയ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കും. സർട്ടിഫിക്കറ്റ് പുതുക്കുന്നതിന് 10,000 രൂപ ചിലവാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.