കുറച്ചുദിവസമായി ഇന്ധനവില കൂടിയിട്ടില്ല കേേട്ടാ; കാരണം ഇതാണ്
text_fieldsഒരു ഇടവേളയ്ക്കുശേഷം രാജ്യാന്തര എണ്ണവില ഉയർന്നിട്ടും മാറ്റമില്ലാതെ രാജ്യത്തെ ഇന്ധനവില. വെള്ളിയാഴ്ച 85 ഡോളറിൽ താഴെയായിരുന്ന ക്രൂഡോയിൽ ബാരൽ വില ഇപ്പോൾ 86.47 ഡോളറിലെത്തിയിട്ടുണ്ട്. എന്നിട്ടും പ്രാദേശിക എണ്ണവില കൂടിയിട്ടില്ല. 2021 നവംബർ മൂന്നിനാണ് പ്രതിപക്ഷ പ്രക്ഷോഭത്തെത്തുടർന്ന് ഇന്ധനവില കുറച്ചത്. ദീപാവലിയുടെ തലേദിവസം നടപ്പാക്കിയ ആ കുറക്കലിനുശേഷം പിന്നെ ഇന്ധനവിലയിൽ മാറ്റമുണ്ടായിട്ടില്ല. ജനവികാരം കണക്കിലെടുത്ത് അന്ന് എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന്റെ ഫലമായി രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ ഗണ്യമായ കുറവുണ്ടായി. വിവിധ സംസ്ഥാന സർക്കാരുകളും നികുതികുറച്ച് ഇന്ധനവില പിന്നേയും കുറക്കുന്നതിന് സന്നദ്ധരായിരുന്നു.
കഴിഞ്ഞ ദിവസം 83 ഡോളറിലേക്കു നീങ്ങിയ എണ്ണവിലയിൽ രണ്ടു ശതമാനത്തിലധികം കുറവു രേഖപ്പെടുത്തിയിരുന്നു. അതേസമയം ഡിസംബറിൽ പണപ്പെരുപ്പം പിന്നെയും കുതിച്ചെന്നാണു റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇന്ധനവിലക്കയറ്റം തന്നെയാണ് സൂചികയെ പ്രതികൂലമായി ബാധിച്ചത്.
ഒരുഘട്ടത്തിൽ ഒമിക്രോൺ ഭീതിയെ തുടർന്ന് രാജ്യാന്തര എണ്ണവില കൂപ്പുകുത്തിയിരുന്നു. പിന്നീട്, ഒമിക്രോൺ വകഭേദം ഡെൽറ്റയോളം ഭീകരമാകില്ലെന്ന റിപ്പോർട്ടുകളാണ് നിലവിൽ എണ്ണവില ഉയരാൻ വഴിവച്ചത്. ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകൾ രണ്ടര ലക്ഷത്തിലേക്ക് എത്തുന്നത് ശുഭസൂചനയല്ല. ഇതിനിയും ഉയർന്ന് അതിർത്തികൾ അടയ്ക്കുകയും നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്താൽ എണ്ണവില വീണ്ടും കൂപ്പുകുത്തും.
വരുംദിവസങ്ങളിൽ എണ്ണവില മുകളിലോട്ട് പോയാൽ ഡോളറിനെതിരേ രൂപയുടെ നഷ്ടം ചൂണ്ടിക്കാട്ടി പ്രാദേശിക ഇന്ധനവില വർധിപ്പിക്കാനും സാധിക്കും. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 95.41 രൂപയാണ് വില. ഡീസലിന് 86.67 രൂപവരും.
പ്രധാന നഗരങ്ങളിലെ ഇന്ധന വില
ന്യൂഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 95.41 രൂപയാണ് വില. ഡീസൽ ലിറ്ററിന് 86.67 രൂപയും. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 104.46 രൂപയും ഡീസൽ ലിറ്ററിന് 91.40 രൂപയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 106.36 രൂപയും ഡീസൽ ലിറ്ററിന് 93.47 രൂപയുമാണ് വില. ജൂൺ 26 മുതലാണ് ഇവിടെ പെട്രോൾ വില 100 രൂപ കടന്നത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 104.06 രൂപയാണ് വില. ഡീസൽ ലിറ്ററിന് 91.40 രൂപയാണ് വില. കോഴിക്കോട് ഓഗസ്റ്റ് അഞ്ചിനാണ് പെട്രോൾ വില 100 രൂപയിൽ എത്തിയത്. ഒരു ലിറ്റർ പെട്രോളിന് ഇന്ന് 104.49 രൂപയും ഡീസലിന് 91.83 രൂപയുമാണ് വില.
ഇന്ധനവില കൂടാത്തതിന് കാരണം
15 ദിവസത്തെ രാജ്യാന്തര എണ്ണവിലയുടെ ശരാശരി കണക്കാക്കിയാണ് പ്രാദേശിക ഇന്ധനവില നിർണയിക്കുന്നതെന്ന വാദം ശരിയാണെങ്കിൽ ഇതിനകം എണ്ണവില കൂടണമായിരുന്നു. എണ്ണവിലയിലെ ഇളവു തുടർന്നാൽ മാത്രമേ വില കുറയ്ക്കാനാകൂ എന്ന വാദവും ഇൗ സാഹചര്യത്തിൽ നിലനിൽക്കുന്നതല്ല. പിന്നെയുള്ള ഒരേയോരു കാരണം വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പാണ്. ഉരലിന് കാറ്റുപിടിച്ചപോലുള്ള എണ്ണവിലയുടെ ഒറ്റ നിൽപ്പിന് കാരണം ഇലക്ഷൻ മാത്രമാണെന്നാണ് മേഖലയിലുള്ളവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.