പെട്രോളിൽ എഥനോൾ 'ചേർക്കുന്ന' ബജറ്റ്; അറിയാം ഗുണവും ദോഷവും
text_fieldsകുറച്ചുകാലമായി കേന്ദ്ര വാഹനഗതാഗത മന്ദ്രാലയത്തിന്റെ ഇഷ്ട വിഷയങ്ങളിലൊന്നാണ് പെട്രോളിൽ എഥനോൾ ചേർക്കുക എന്നത്. ഗതാഗത മേഖലയിലെ പരമ്പരാഗത ഇന്ധനങ്ങൾക്ക് പകരം ഹരിത ബദലായി എഥനോളിനെ അവതരിപ്പിക്കുകയാണ് ഇതുകൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച പുതിയ ബജറ്റിലും പുതിയ നയത്തിന്റെ സ്വാധീനം കാണാനാകും. സാധാരണ പെട്രോളിന് രണ്ട് രൂപ സർചാർജ് ഏർപ്പെടുത്താനും എഥനോൾ ചേർത്ത പെട്രോളിന് ഇളവ് നൽകാനുമാണ് ബജറ്റ് നിർദേശം.ഒക്ടോബർ മുതൽ നിർദേശം നടപ്പാകും.
ആറ് മാസത്തിനകം രാജ്യത്ത് എഥനോൾ പമ്പുകളുടെ ശൃംഖല സ്ഥാപിക്കുമെന്ന് മാസങ്ങൾക്ക് മുമ്പ് ഗതാഗത, ഹൈവേ മന്ത്രാലയം പറഞ്ഞിരുന്നു. ആദ്യഘട്ടത്തിൽ എഥനോൾ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും പിന്നീടായിരിക്കും പമ്പുകൾ സ്ഥാപിക്കുക. 'ആറ് മാസത്തിനുള്ളിൽ, ഞങ്ങൾ രാജ്യത്ത് എഥനോൾ പമ്പുകളുടെ ശൃംഖല സ്ഥാപിക്കും. എഥനോളിെൻറ ലഭ്യത ഉറപ്പുവരുത്തുമെന്ന് ഞാൻ ഉറപ്പുനൽകുന്നു. പ്രകൃതി വാതക ഇന്ധനങ്ങളോടുള്ള ജനങ്ങളുടെ വിധേയത്വം അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്' -വാഹന നിർമാതാക്കളുടെ കൂട്ടായ്മയായ സിയാം വാർഷിക കൺവെൻഷനിൽ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. 2022 മുതൽ ഇന്ത്യയിലുടനീളം 10 ശതമാനം എഥനോൾ ചേർത്ത ഇന്ധനം കൊണ്ടുവരാനും ഇത് ഘട്ടംഘട്ടമായി 20 ശതമാനംവരെ വർധിപ്പിക്കാനുമാണ് കേന്ദ്രം പദ്ധതിയിടുന്നത്.
പ്രതീക്ഷകൾ നിരവധി
ഒരുപാട് പ്രതീക്ഷകളുമായാണ് കേന്ദ്രം എഥനോൾ മിശ്രിത പെട്രോളും ഫ്ലെക്സ് എഞ്ചിനുകളുമൊക്കെ വാഹനരംഗത്ത് കൊണ്ടുവരുന്നത്. ധാന്യം, കരിമ്പ് തുടങ്ങിയ വിളകൾ പുളിപ്പിച്ചാണ് സാധാരണ എഥനോൾ ഉത്പാദിപ്പിക്കുന്നത്. അതിനാൽ, ഫ്ലെക്സ് എഞ്ചിനുകൾ നിർബന്ധമാക്കാനുള്ള നീക്കം കാർഷിക മേഖലയ്ക്കും ഗുണം ചെയ്യുമന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ രാജ്യത്തെ എണ്ണ ഇറക്കുമതി ചിലവ് കുറയുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
രാജ്യത്തിെൻറ മിക്ക ഭാഗങ്ങളിലും പെട്രോളിെൻറ നിലവിലെ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്. എന്നാൽ എഥനോൾ വില ലിറ്ററിന് 60-62 രൂപയുമാണ്. കൂടാതെ, എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെ മലിനീകരണ തോതും കുറവാണ്.'ഞങ്ങൾ ഇതിനകം E100 അവതരിപ്പിച്ചു. പക്ഷേ ഇത് മൂന്ന് റീട്ടെയിലിൽ മാത്രമേ ലഭ്യമാകൂ. എഥനോൾ ഒൗട്ട്ലെറ്റുകൾ ഞങ്ങൾ വിപുലീകരിക്കും'എഥനോളിെൻറ വാണിജ്യ ലഭ്യതയെക്കുറിച്ച്, സിയാം പരിപാടിയിൽ പങ്കെടുത്ത പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം സെക്രട്ടറി തരുൺ കപൂർ പറഞ്ഞു.
രാജ്യത്തെ വാഹന നിർമ്മാതാക്കൾ ഫ്ലെക്സ് എഞ്ചിനുകൾകൂടി നിർമിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. 'ഫ്ലെക്സ് എഞ്ചിൻ ഉപയോഗിച്ചുള്ള വാഹനങ്ങൾ വ്യാപകമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ബ്രസീലിലെ പോലെ, ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ ഫ്ലെക്സ് എഞ്ചിനുകൾകൂടി നിർമാതാക്കൾ ഉത്പ്പാദിപ്പിക്കണം. സാങ്കേതികവിദ്യ ലഭ്യമായതിനാൽ പുതിയ കുതിപ്പിനുള്ള സമയമാണിത്. ഇന്ത്യൻ ഓട്ടോ വ്യവസായം ബയോ-എഥനോൾ അനുയോജ്യമായ വാഹനങ്ങൾ വേഗത്തിൽ പുറത്തിറക്കാൻ ഞാൻ ആഗ്രഹിക്കുന്നു'-മന്ത്രി പറഞ്ഞു.
ഫ്ലെക്സ് എഞ്ചിൻ?
എഥനോൾ ചേർത്ത ഇന്ധനം വരുമ്പോഴുള്ള പ്രധാന പ്രശ്സം നിലവിലെ എഞ്ചിനുകൾ അതിന് അനുയോജ്യമല്ല എന്നതാണ്. ഫ്ലക്സ് എഞ്ചിനുകളാണ് ഇത്തരം ഇന്ധനങ്ങൾക്ക് അനുയോജ്യം. വിവിധ രാജ്യങ്ങളിൽ ഇപ്പോൾതന്നെ ഇവ ഉപയോഗിക്കുന്നുണ്ട്. ഒന്നിൽ കൂടുതൽ ഇന്ധനത്തിലോ മിശ്രിത ഇന്ധനത്തിലോ പ്രവർത്തിക്കാൻ കഴിയുന്ന എഞ്ചിനാണ് ഫ്ലെക്സ് എഞ്ചിനുകൾ. സാധാരണഗതിയിൽ പെട്രോൾ, എഥനോൾ അല്ലെങ്കിൽ മെഥനോൾ എന്നിവയുടെ മിശ്രിതമാണ് ഇവയിൽ ഉപയോഗിക്കുന്നത്. ഏത് മിശ്രിതത്തിനും അനുയോജ്യമായി സ്വയം ക്രമീകരിക്കാൻ കഴിയുന്ന എഞ്ചിനുമാണിത്. ആധുനിക വാഹനങ്ങളിലുള്ള ഫ്യൂവൽ കോമ്പോസിഷൻ സെൻസർ, ഇ.സി.യു പ്രോഗ്രാമിങ് പോലുള്ള പരിഷ്കാരങ്ങളാണ് ഇത് സാധ്യമാക്കുന്നത്.
ഫ്ലെക്സ് എഞ്ചിനുകൾ നിർബന്ധമാക്കുമെന്ന സൂചനയും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി നൽകിയിട്ടുണ്ട്. ഫ്ലെക്സ് എഞ്ചിനുകൾ 100 ശതമാനം പെട്രോൾ അല്ലെങ്കിൽ 100 ശതമാനം എഥനോൾ എന്നിവയിലും പ്രവർത്തിക്കാൻ കഴിവുള്ളവയാണ്. ഇവ ഇതിനകം ബ്രസീൽ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ലഭ്യമാണ്. ഇന്ത്യ നിലവിൽ എഥനോൾ മിശ്രിത പെട്രോളാണ് ഉപയോഗിക്കുന്നത്. 2025 ആകുേമ്പാഴേക്ക് 20 ശതമാനം എഥനോൾ മിശ്രിത പെട്രോൾ ഉത്പാദിപ്പിക്കുകയാണ് രാജ്യം ലക്ഷ്യമിടുന്നത്.
നിലവിൽ ഇന്ത്യയിൽ ഫ്ലെക്സ്-ഫ്യുവൽ എഞ്ചിനുള്ള ഇരുചക്രവാഹനമോ പാസഞ്ചർ ഫോർ വീലറോ വിൽക്കുന്നില്ല. 2019 ജൂലൈയിൽ ടിവിഎസ് അപ്പാച്ചെ ആർടിആർ 200 െൻറ എഥനോൾ പവർ പതിപ്പ് പുറത്തിറക്കിയിരുന്നു. എന്നാൽ ഈ മോഡൽ പൊതുവിപണിയിൽ ലഭ്യമല്ല. എഥനോൾ വിതരണ ശൃംഖലയുടെ അഭാവമാണ് സാങ്കേതികവിദ്യ സജീവമായി കമ്പനികൾ പിന്തുടരാതിരിക്കാനുള്ള പ്രധാന കാരണം.
എഥനോളിന്റെ ദോഷങ്ങൾ
10 ശതമാനം എഥനോള് ചേര്ത്ത പെട്രോൾ ഉപയോഗിക്കുന്നതുതന്നെ വാഹനങ്ങൾക്ക് ദോഷകരമാണെന്ന ആരോപണം ഇതിനകംതന്നെ ഉയർന്നിട്ടുണ്ട്. 10 ശതമാനം എന്ന അനുപാതത്തെപറ്റി ഇന്ധന കമ്പനികൾ പമ്പുടമകളെപോലും മുൻകൂട്ടി അറിയിച്ചിരുന്നില്ല. ഇതുസംബന്ധിച്ച് ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ബോധവത്കരിക്കാനും നടപടി ഉണ്ടായിരുന്നില്ലയില്ല. എഥനോൾ േചർത്ത പെട്രോളിലും ഡീസലിലും അൽപം വെള്ളം കലർന്നാൽ വാഹനം തകരാറിലാവും. സാധാരണ നിലയിൽ പെട്രോളിലും ഡീസലിലും വെള്ളം കലരാതെ വേറിട്ടു നിൽക്കും. എന്നാൽ, എഥനോൾ േചർന്നാൽ വെള്ളം അതിൽ ലയിക്കും. ഓട്ടോറിക്ഷകളടക്കം വാഹനങ്ങൾ ഇങ്ങനെ തകരാറിലായതായി വ്യാപകമായ പരാതി ഉയർന്നിരുന്നു.
വില കുറയുന്നില്ല
എഥനോൾ ചേർത്ത പെട്രോൾ വിറ്റിട്ടും ഇന്ധനത്തിന് വില കുറയാത്തതും നമ്മുടെ അനുഭവമാണ്. പത്ത് ശതമാനം എഥനോൾ ചേർത്ത പെട്രോൾ സംസ്ഥാനത്ത് വിറ്റിട്ടും നൂറ്ശതമാനം പെട്രോൾ എന്ന നിലയിലാണ് വില ഉയർത്തുന്നത്. പ്രകൃതി സൗഹൃദ ബയോ ഇന്ധനം എന്ന കാഴ്ചപ്പാടോടെയാണ് സംസ്ഥാനത്ത് പത്ത് ശതമാനം എഥനോൾ ചേർത്ത് പെട്രോൾ വിൽപന തുടങ്ങിയത്. മറ്റ് സംസ്ഥാനങ്ങളിൽ ഇത് നേരത്തേ നിലവിൽവന്നിരുന്നു. ടാങ്കറുകളിലും വാഹനങ്ങളിലും ഇന്ധന ടാങ്കുകളിൽ പല കാരണങ്ങളാൽ കാണപ്പെടുന്ന ജലാംശം എഥനോളുമായി കലരുന്നത് പെട്രോളിൻെറ ഗുണനിലവാരത്തെ ബാധിക്കും.
വാഹനങ്ങളുടെ എൻജിൻ തകരാറിന് വരെ ഇത് കാരണമാകുന്നതിനാൽ പലയിടങ്ങളിലും ഉപഭോക്താക്കളും പമ്പുടകളും തമ്മിൽ ഇതേചൊല്ലി തർക്കമുണ്ട്. ദിവസവും പലതവണ പരിശോധിച്ച് പെട്രോളിൽ ജലാംശമില്ലെന്ന് ഉറപ്പാക്കാനാണ് പമ്പുകൾക്ക് എണ്ണക്കമ്പനികളുടെ നിർദേശം. ഇത് പലപ്പോഴും പ്രായോഗികമല്ലെന്ന് പമ്പ് ഉടമകൾ പറയുന്നു. പത്ത് ശതമാനം എഥനോൾ ചേർത്ത പെട്രോൾ ലിറ്ററിന് ഏഴ് രൂപ വരെ കുറച്ചുനൽകാനാകുമെന്നാണ് പമ്പുടമകൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.