സീറ്റ്ബെൽറ്റ് ധരിക്കാത്ത പിൻ സീറ്റ് യാത്രക്കാർക്കും പിഴ ഈടാക്കി ഈ സംസ്ഥാനം; നടപടി വ്യാപിപ്പിക്കുമെന്നും സൂചന
text_fieldsന്യൂഡൽഹി: കാറിലെ മുഴുവൻ യാത്രക്കാരും സീറ്റ്ബെൽറ്റ് ധരിക്കണമെന്ന് അടുത്തിടെയാണ് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ആവശ്യപ്പെട്ടത്. പാസഞ്ചർ വാഹനങ്ങളില്‍ പിന്‍നിര സീറ്റുകളിലും യാത്ര ചെയ്യുന്ന ആളുകള്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാനുള്ള നീക്കത്തിലുമാണ് കേന്ദ്രം എന്നാണ് സൂചനകള്‍. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വരുന്നതിന് മുമ്പുതന്നെ നടപടിയുമായി ഇറങ്ങിയിരിക്കുകയാണ് ഡല്‍ഹി പൊലീസ്. കഴിഞ്ഞ ദിവസം ഇവർ നടത്തിയ വാഹന പരിശോധനയില്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കാത്ത പിന്‍നിര യാത്രക്കാര്‍ക്കും പിഴ ഈടാക്കിയതായാണ് റിപ്പോര്‍ട്ട്.
നേരത്തെ മുൻസീറ്റ് യാത്രക്കാർക്ക് മാത്രമാണ് സീറ്റ്ബെൽറ്റ് നിർബന്ധിമാക്കിയിരുന്നത്. ഇനി മുതൽ സീറ്റ്ബെൽറ്റ് ധരിക്കാത്ത പിൻസീറ്റ് യാത്രക്കാർക്ക് പിഴയിടാക്കുമെന്ന് നിതിൻ ഗഡ്കരി നേരത്തേ അറിയിച്ചിരുന്നു. സൈറസ് മിസ്ത്രി മരിച്ച വാഹനാപകടത്തിന് പിന്നാലെയായിരുന്നു ഗഡ്കരിയുടെ പ്രഖ്യാപനം. 'പിൻസീറ്റ് യാത്രക്കാർ സീറ്റ്ബെൽറ്റ് ഇടണമെന്നുള്ളത് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ, യാത്രികർ ഇത് പിന്തുടരാറില്ല. ഇനി പിൻസീറ്റ് യാത്രക്കാർ സീറ്റ്ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്താൽ 1000 രൂപ പിഴയിടാക്കും'. എൻ.ഡി.ടി.വിക്ക് നൽകിയ പ്രതികരണത്തിലാണ് നിതിൻ ഗഡ്കരി ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം ഡൽഹിയിലെ കൊണാട്ട് പ്ലേസിന് സമീപമുള്ള ബരാഖംബ റോഡില്‍ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് പിന്നിലെ സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്ന 17 യാത്രക്കാരില്‍ നിന്ന് പിഴ ഈടാക്കിയത്. രണ്ടാം ദിവസം പരിശോധനയില്‍ 41 ആളുകള്‍ക്കും പിഴ നല്‍കി. മോട്ടോര്‍ വാഹന നിയമം 194 ബി അനുസരിച്ച് 1000 രൂപയാണ് പിഴ ഈടാക്കുന്നത്. പിൻസീറ്റ് യാത്രക്കാർക്ക് എയർബാഗ് നിർബന്ധമാക്കുന്നതിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും എയർബാഗിന്റെ വിലയേക്കാൾ പ്രാധാന്യം യാത്രക്കാരുടെ ജീവനുണ്ടെന്നും ഗഡ്കരി അടുത്തിടെ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.