ഇന്ത്യക്കാരെ അടിമകളാക്കി, അവസാനം സഞ്ചരിച്ചത് ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വാഹനങ്ങളിൽ; ഒരു മധുര പ്രതികാരത്തിന്റെ കഥ
text_fieldsരാജാവും രാജ്ഞിയും ആവുക എന്നാൽ ലോകത്ത് ലഭ്യമായ ആഡംബരങ്ങളൊക്കെ അനുഭവിക്കുക എന്നുകൂടിയാണ് അർഥം. ലോകത്തെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നിലാവുമ്പോൾ പ്രത്യേകിച്ചും. എലിസബത്ത് രാജ്ഞിയുടെ ജീവിതവും ഇങ്ങിനെയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊള്ളയടിച്ച വസ്തുക്കളാൽ സമ്പന്നമായ ജീവിത പരിസരമായിരുന്നു അവരുടേത്. ഇതിൽ പ്രധാനം അവരുടെ കിരീടത്തിലെ രത്നങ്ങളും വൈരങ്ങളുമൊെക്കയായിരുന്നു. ആഡംബരങ്ങളുടെ കൂട്ടത്തിൽ രാജ്ഞിയുടെ വാഹനങ്ങളുംപെടുന്നു. ലോകത്തിലെ ഏറ്റവും മുന്തിയ വാഹനങ്ങളായിരുന്നു എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്നത്.
12 മില്യൺ ഡോളർ മൂല്യം വരുന്ന കാറുകളുടെ വലിയ ശേഖരം എലിസബത്ത് രാജ്ഞിക്ക് ഉണ്ടായിരുന്നു. ലണ്ടാം ലോക മഹായുദ്ധകാലത്ത് ട്രക് ഡ്രൈവറായും മെക്കാനിക്കായും അവർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അന്ന് തുടങ്ങിയതാണ് രാജ്ഞിയുടെ വാഹനപ്രേമം. ലാൻഡ് റോവർ ഡിഫൻഡറാണ് എലിസബത്ത് രാജ്ഞിയുടെ പ്രിയപ്പെട്ട വാഹനം. മൂന്ന് റോൾസ് റോയ്‌സ്, രണ്ട് ബെന്റ്‌ലി, റേഞ്ച് റോവർ എന്നിങ്ങനെ നീളുന്നതാണ് ഈ ആഡംബര വാഹന ലിസ്റ്റ്.
എന്നും ബ്രിട്ടീഷ് കാറുകളായിരുന്നു എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്നത്. ഒരു കാലത്ത് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പ്രിയ വാഹനങ്ങൾ റോൾസ് റോയ്സുകളായിരുന്നു. ഇടക്കാലത്ത് ബെന്റ്ലെ സ്റ്റേറ്റ് ലിമോസിൻ രാജ്ഞിയുടെ ഔദ്യോഗിക വാഹനമായി മാറി. എന്നാൽ അവസാന കാലത്ത് രാജ്ഞിയുടെ പ്രിയ വാഹനങ്ങളായത് ജാഗ്വാർ ലാൻഡ്റോവറായിരുന്നു. പ്രത്യേകിച്ചും ടാറ്റ മോട്ടോഴ്സ് ഏറ്റെടുത്തശേഷമുള്ള റേഞ്ച്റോവർ എസ്.യു.വികൾ രാജ്ഞിക്ക് ഏറെ പ്രിയെപ്പട്ടതായിരുന്നു.
ബ്രിട്ടീഷ് സിംഹാസനത്തിൽ 70 വർഷം പൂർത്തിയാക്കിയ രാജ്ഞിക്ക് ലാൻഡ്റോവർ കമ്പനി തങ്ങളുടെ ഏറ്റവും പുതിയ ഡിഫൻഡർ എസ്.യു.വി സമ്മാനമായി നൽകിയിരുന്നു. തന്റെ 95ാം വയസിൽ റോയൽ വിൻഡ്‌സർ ഹോഴ്‌സ് ഷോയിലേക്ക് തന്റെ റേഞ്ച് റോവർ ഓടിച്ചുവന്ന രാജ്ഞിയുടെ ചിത്രങ്ങൾ ബ്രിട്ടനിൽ വൈറലായിട്ടുണ്ട്. സാധുവായ ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനമോടിക്കാൻ യു.കെയിൽ അനുമതി ഉണ്ടായിരുന്ന ഒരേയൊരു വ്യക്തിയും രാജ്ഞി മാത്രമായിരുന്നു.
രാജ്ഞിയുടെ ഏറ്റവും ആകർഷകമായ കാറുകളിലൊന്നാണ് ഡെയ്‌ംലർ സൂപ്പർ വി8 എൽഡബ്ല്യുബി. ലാൻഡ് റോവർ ഡിഫൻഡറുകൾ രാജ്ഞി എന്നും ഇഷ്ടപ്പെട്ടിരുന്നു. പഴയ സീരീസ് ഒന്നു മുതൽ പുതിയ ഡിഫൻഡർ വരെ ഏകദേശം 30 എണ്ണം രാജഞിക്ക് സ്വന്തമായി ഉണ്ടായിരുന്നു. റോൾസ് റോയ്‌സ് ഫാന്റം 5, 6 എന്നിവ 1950-കളിലും 1960-കളിലും രാജ്ഞിയുടെ ഗാരേജിന്റെ ഭാഗമായിരുന്നു.
ചാൾസ് രാജകുമാരന്റെ 21-ാം ജന്മദിനത്തിൽ എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും 1965 മോഡൽ ആസ്റ്റൺ മാർട്ടിൻ DB6 വോലാന്റെ സമ്മാനമായി നൽകിയിട്ടുണ്ട്. 2002-ൽ കിരീടധാരണത്തിന്റെ 50ാം വർഷത്തിൽ രാജകീയമായ ബെന്റ്‌ലി ലിമോസിൻ രാജ്ഞിക്ക് നൽകിയിരുന്നു. 400bhp കരുത്തേകുന്ന 6.75-ലിറ്റർ V8 എഞ്ചിനാണ് കാറിന് കരുത്തുപകർന്നിരുന്നത്. 10 മില്യൺ പൗണ്ടാണ് ഈ ഗംഭീര വാഹനത്തിന്റെ വില.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.