വമ്പൻ ഓഫറുമായി ബെൻസ് അധികൃതർ വന്നിട്ടും കൊടുത്തില്ല; ഉത്രാടം തിരുനാളിന്റെ അപൂർവ കാർ എം.എ. യൂസഫലിക്ക്
text_fieldsതിരുവനന്തപുരം: ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ ഉപയോഗിച്ചിരുന്ന ബെൻസ് കാർ അപൂർവ സൗഹൃദത്തിന്‍റെയും ആത്മബന്ധത്തിന്റെയും പ്രതീകമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിക്ക് കൈമാറും. കാർ യൂസഫലിക്ക് കൈമാറാൻ മാർത്താണ്ഡവർമ ആഗ്രഹിച്ചിരുന്നു.
അബൂദബിയിലെ വസതിയിലെത്തി സന്ദർശിച്ച വേളയിൽ എം.എ. യൂസഫലിയെ മാർത്താണ്ഡ വർമ കൊട്ടാരത്തിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ച് 2012ൽ യൂസഫലി പട്ടം കൊട്ടാരത്തിലെത്തിയപ്പോഴാണ് തന്‍റെ പ്രിയപ്പെട്ട 'ബെൻസ് 180 T' കാർ സമ്മാനിക്കാനുള്ള ആഗ്രഹം ഉത്രാടം തിരുനാൾ നേരിട്ടറിയിച്ചത്.
അദ്ദേഹം വിടവാങ്ങിയോടെ ഏറെക്കാലമായി കാർ മകൻ പത്മനാഭ വർമയുടെയും ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ ഫൗണ്ടേഷന്‍റെയും സംരക്ഷണയിലാണ്. ഉത്രാടം തിരുനാളിന്റെ ആഗ്രഹം പോലെ വൈകാതെ തന്നെ കാർ യൂസഫലിക്ക് സമ്മാനിക്കാനാണ് രാജകുടുംബത്തിന്‍റെ തീരുമാനം.
ചരിത്രത്തിനപ്പുറം നിറമുള്ള നിരവധി ഓർമകളുടെ പ്രതീകമായാണ് ആറ് പതിറ്റാണ്ടിലധികം പഴക്കമുള്ള സി.എ.എൻ -42 ബെൻസ് കാറിനെ രാജകുടുംബം കാണുന്നത്.
1950 കളിൽ 12,000 രൂപക്കാണ് ജർമനിയിലെ സ്റ്റുട്ട്ഗർട്ടിൽ നിർമിതമായ ഈ കാർ രാജകുടുംബം സ്വന്തമാക്കുന്നത്.
കർണാടകയിലായിരുന്നു രജിസ്ട്രേഷൻ. ഒരു മിനിറ്റിനുളളിൽ ഒരു മൈൽ വേഗത്തിൽ യാത്ര നടത്തിയിരുന്ന മാർത്താണ്ഡ വർമക്ക് 'മൈൽ എ മിനിറ്റ്' എന്ന വിളിപ്പേര് നേടിക്കൊടുത്തതും ഈ ബെൻസ് തന്നെ. സ്വയമോടിച്ചും യാത്രക്കാരനായുമടക്കം 40 ലക്ഷം മൈലുകൾ മാർത്താണ്ഡ വർമ സഞ്ചരിച്ചെന്നാണ് കണക്ക്. ഇതിൽ 23 ലക്ഷം മൈലുകളും ഈ ബെൻസ് കാറിലാണ്.
താണ്ടിയ ദൂരം അടയാളപ്പെടുത്തി ബെൻസ് കമ്പനി നൽകിയ മെഡലുകളും കാറിനു മുന്നിൽ പതിപ്പിച്ചിട്ടുണ്ട്. 85-ാം വയസ്സിലും മാർത്താണ്ഡ വർമ ഈ കാർ ഓടിച്ചിരുന്നു.
മോഹവില നൽകി കാർ വാങ്ങാൻ അക്കാലത്ത് പലരും എത്തിയിരുന്നു. ന്യൂജൻ കാറുകളെ വരെ പിന്നിലാക്കി റെക്കോഡ് ദൂരം സഞ്ചരിച്ച ഈ ബെൻസിനെ അഭിമാന ചിഹ്നമാക്കി മാറ്റാൻ ബെൻസ് കമ്പനി തന്നെ ആഗ്രഹിച്ചു. കാർ തിരിച്ചെടുത്ത് പകരം രണ്ട് കാറുകൾ നൽകാമെന്നറിയിച്ച് ജർമൻ ആസ്ഥാനമായ കമ്പനിയിലെ ഉന്നതർ തന്നെ സമീപിച്ചിരുന്നു.
അതേസമയം, കാര്‍ അമൂല്യമായി സൂക്ഷിക്കുമെന്ന് എം.എ. യൂസഫലി പറഞ്ഞു. കാര്‍ തിരുവനന്തപുരത്ത് സൂക്ഷിച്ച് പൊതുജനങ്ങള്‍ക്ക് കാണാനുള്ള സൗകര്യമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.