റോഡ് തൂത്തുവാരാൻ റോൾസ് റോയ്‌സ് വാങ്ങിയ ഇന്ത്യൻ രാജാവ്; കഥയിലെത്ര വാസ്തവമുണ്ട്?
text_fieldsലോകത്തിലെ ഏറ്റവും വിലകൂടിയ വാഹനങ്ങളിലൊന്നാണ് റോൾസ് റോയ്‌സ്. അതുകൊണ്ട് തന്നെ റോൾസിനെ ചുറ്റിപ്പറ്റി ധാരാളം അതിശയോക്തിപരമായ കഥകളും പ്രചരിക്കാറുണ്ട്. അത്തരം കഥകളിൽ പലതിനും റോൾസിനോളംതന്നെ പഴക്കവുമുണ്ട്. 1906 മുതൽ ലോകത്ത് വിൽക്കപ്പെടുന്ന വാഹനങ്ങളാണ് റോൾസിേന്റത്. 115 വർഷത്തെ പാരമ്പര്യമെന്നത് ചില്ലറ കാര്യമല്ലല്ലോ. രാജാക്കന്മാർ മുതൽ മാഫിയ തലവന്മാർവരെ മോഹിച്ചിരുന്ന വാഹനത്തെപറ്റി അപസർപ്പക കഥകൾ പ്രചരിക്കുക സ്വാഭാവികവും.
ഇത്തരമൊരു കഥയിലെ നായകൻ ഒരു ഇന്ത്യൻ രാജാവാണ്. റോൾസ് റോയ്‌സ് വാങ്ങാൻ ലണ്ടനിൽ എത്തിയ രാജാവിെൻറ വേഷവിധാനംകണ്ട് റോൾസ് റോയ്‌സ് അധികൃതർ ഷോറൂമിൽ കയറ്റിയില്ലത്രെ. ഇതിൽ കുപിതനായ രാജാവ് ആറ് റോൾസ് റോയ്സുകൾ വാങ്ങി റോഡ് വൃത്തിയാക്കാൻ തെൻറ തൊഴിലാളികൾക്ക് കൊടുത്തു എന്നാണ് കഥ. ഇതിലെ രാജാവായി നിരവധിപേരെ മാറ്റിമാറ്റി കഥാകൃത്തുകൾ പറയാറുണ്ട്. നമ്മുക്ക് ഇതിലെത്രമാത്രം ശരിയുണ്ടെന്ന് പരിശോധിക്കാം.
രാജാവിെൻറ കഥ
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വാഹന നിർമ്മാതാക്കളിൽ ഒന്നാണ് റോൾസ് റോയ്‌സ്. തുടക്കംമുതൽ ആഡംബര വാഹന നിർമ്മാതാക്കളായാണ് റോൾസ് കണക്കാക്കപ്പെട്ടിരുന്നത്. ഇക്കാരണത്താൽ, മിക്ക പണക്കാരും സ്റ്റാറ്റസ് സിംബലായി റോൾസ് റോയ്‌സ് വാങ്ങാറുമുണ്ട്. നമ്മുടെ കഥയുടെ നിരവധി പതിപ്പുകൾ ലഭ്യമാണെങ്കിലും നായകൻ ഒരു രാജാവാണ്. മഹാരാജ ജയ്സിങ്ങിനെ ബന്ധപ്പെടുത്തിയിട്ടുള്ളതാണ് അതിലൊന്ന്. ജയ്സിങ് ലണ്ടൻ സന്ദർശിച്ചപ്പോഴാണ് ആസംഭവം ഉണ്ടായത്. അദ്ദേഹം സാധാരണ ഇന്ത്യൻ വസ്ത്രം ധരിച്ചാണ് ലണ്ടനിലെത്തിയത്. വസ്ത്രത്തിെൻറ നീളവും പളപളപ്പും നോക്കി ആളിെൻറ വലുപ്പം നിശ്ചയിക്കുന്ന കാലമാണത്. നഗരത്തിൽ ചുറ്റിക്കറങ്ങുന്നതിനിടെയാണ് അദ്ദേഹം റോൾസ് റോയ്‌സ് ഷോറൂം കണ്ടത്. കൗതുകം തോന്നിയ രാജാവ് റോൾസ് റോയ്‌സ് കാറുകളെക്കുറിച്ച് കൂടുതൽ അറിയാൻ അവിടേക്കുചെന്നു.
എന്നാൽ അദ്ദേഹത്തിെൻറ 'ഇന്ത്യൻ'രൂപഭാവവും അപരിഷ്കൃത വേഷവും കണ്ട ഷോറും അധികൃതർ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. അദ്ദേഹമൊരു ഭിക്ഷക്കാരനാണെന്നാണ് ഇംഗ്ലീഷുകാർ വിചാരിച്ചിരുന്നതെന്നും അതിശയോക്തിക്കായി കഥപറച്ചിലുകാർ കൂട്ടിച്ചേർക്കാറുണ്ട്. എന്തായാലും കുപിതനും അപമാനിതനുമായ രാജാവ് പ്രതികാരം ചെയ്യാൻ തീരുമാനിച്ചു. അങ്ങിനെ അേദ്ദഹം ആറ് റോൾസ് റോയ്‌സ് വാഹനങ്ങൾ വാങ്ങി ഇന്ത്യയിലേക്ക് കയറ്റി അയച്ചു. തുടർന്ന് തെൻറ രാജ്യത്തെ മുനിസിപ്പൽ തൊഴിലാളികൾക്ക് ഇവ നിരത്ത് അടിച്ചുവാരാനായി നൽകുകയും ചെയ്തു. മാലിന്യത്തിൽ റോൾസ് റോയ്‌സ് നിൽക്കുന്നതിേൻറയും മുന്നിൽ ചൂല് കെട്ടിവച്ച വാഹനത്തിേൻറയും ചിത്രങ്ങളും വിശ്വാസ്യതക്കായി കഥക്കൊപ്പം നൽകാറുണ്ട്.
കഥയിലെത്ര സത്യമുണ്ട്?
കഥ സത്യമാണോ അല്ലയോ എന്നറിയാൻ, ആദ്യം, മഹാരാജ ജയ്സിങിെൻറ ചരിത്രം അറിയേണ്ടതുണ്ട്. മഹാരാജാവിന്റെ മുഴുവൻ പേര് സവായ് ജയ്സിങ് എന്നാണ്. ജയ്സിങ് രണ്ട് എന്നും അദ്ദേഹം അറിയപ്പെടുന്നു. 1688 നവംബർ മൂന്നിനാണ് അദ്ദേഹം ജനിച്ചത്. 1743 സെപ്റ്റംബർ 21 ന് മരിക്കുകയും ചെയ്തു. ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, രാജാവ് ജീവിച്ചിരുന്ന കാലത്തൊന്നും ഒരു യന്ത്രവാഹനത്തെക്കുറിച്ച് ആരും കേട്ടിട്ടില്ല എന്നതാണ്. മോട്ടറൈസ്ഡ് വാഹനങ്ങളുടെ ഉത്പ്പാദനം 1885നുശേഷമാണ് ആരംഭിക്കുന്നത്. കാൾ ബെൻസ് ആണ് ആദ്യമായൊരു മുച്ചക്ര വാഹനത്തിൽ യന്ത്രം പിടിപ്പിച്ചത്. ഇതിനൊക്കെ ശേഷം 1906ലാണ് റോൾസ് റോയ്‌സ് പ്രവർത്തനം ആരംഭിച്ചത്. അപ്പോഴേക്കും മഹാരാജ ജയ് സിങ് മരിച്ച് മണ്ണടിഞ്ഞിട്ടുണ്ടായിരുന്നു. അതിനാൽതന്നെ നമ്മുടെ കഥയുടെ, ടൈംലൈൻ ചരിത്ര സത്യങ്ങൾക്ക് കടകവിരുദ്ധമാണ്.
ഹൈദരാബാദിലെ നൈസാമിന്റെയും ഭരത്പൂരിലെ മഹാരാജ കിഷൻ സിംങിേൻറയും പട്യാല മഹാരാജാവിേൻറയും പേരിലും ഇതേ കഥ പ്രചരിപ്പിക്കാറുണ്ട്. എന്നാൽ ഇവയെല്ലാത്തിേൻറയും സമയക്രമത്തിൽ വൈരുധ്യങ്ങളുണ്ട് എന്നതാണ് പ്രശ്നം.
ചൂല് കെട്ടിവച്ച റോൾസ്
കഥയുടെ അനുബന്ധമായി പ്രചരിക്കുന്ന ചിത്രത്തിൽ എന്തെങ്കിലും വാസ്തവമുണ്ടോ എന്ന് അന്വേഷിക്കുന്നതും രസകരമാണ്. റോൾസ് റോയ്സിെൻറ മുന്നിൽ ചൂലുകൾ കെട്ടിവച്ചിരിക്കുന്നത് എന്തിനാണ്? ഇഴകീറി പരിശോധിച്ചാൽ ഇതിൽ വേറൊരു സത്യത്തിെൻറ ചുരുളഴിയും.
ചൂലുകളുടെ ഉദ്ദേശ്യം നമ്മൾ ചിന്തിക്കുന്നതിൽ നിന്ന് വ്യത്യസ്തമാണ്. ആ ചൂലുകളുടെ ജോലി ടയറുകൾ സംരക്ഷിക്കുകയാണ്. അന്നത്തെ വിലകൂടിയ വാഹനങ്ങളാണല്ലോ റോൾസ്. അക്കാലത്ത് ഇന്ത്യയിലെ റോഡുകൾ ഒട്ടും മികച്ചതായിരുന്നില്ല. ഇന്നത്തേപ്പോലെ ടയറുകളും സുലഭമായിരുന്നില്ല. അതുകൊണ്ടുതന്നെ വിലകൂടിയ വാഹനങ്ങളുടെ മുൻവശത്ത് ചൂലുകൾ കെട്ടിയിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. കല്ലുകളോ മുള്ളുകളോ കൊണ്ട് ടയറുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിൽ നിന്ന് തടയാനാണത്രേ ഇത്. ധൂർത്തന്മാരായ രാജാക്കന്മാർ തങ്ങളുടെ വാഹനങ്ങളുടെ ടയറുകൾ പോലും മാറ്റിസ്ഥാപിച്ചിരുന്നില്ല. വാഹനം കേടായാൽ അവർ പുതിയ റോൾസ് റോയ്‌സ് വാങ്ങാൻ പോകും. അതുകൊണ്ടുതന്നെ വാഹനങ്ങളുടെ ആയുസ്സ് കൂട്ടുകയായിരുന്നു ചൂലുകളുടെ കർത്തവ്യം.
റോൾസിനെപറ്റിയുള്ള മറ്റ് കെട്ടുകഥകൾ
റോൾസിനെപറ്റിയുള്ള കഥകളിൽ ഏറ്റവും വ്യാപകമായി പ്രചരിച്ചിരുന്ന ഒന്നാണ് വാഹനം വാങ്ങാൻ 'ഒരു യോഗ്യതയൊക്കെ' വേണമെന്നത്. റോൾസ് വാങ്ങാനെത്തുന്നവരുടെ പശ്ചത്തലം പരിശോധിച്ചശേഷം അനുയോജ്യമെന്ന് കണ്ടാൽ മാത്രമെ വാഹനം നൽകൂ എന്നതാണ് ഈ കഥയുടെ സാരം. പണ്ടുകാലത്ത് രാജാക്കന്മാർക്ക് മാത്രമാണ് വാഹനം വിറ്റിരുന്നതെന്നും പ്രചരണമുണ്ടായിരുന്നു. ഈ നിറംപിടിപ്പിച്ച കഥകളിൽ എന്തെങ്കിലും സത്യമുണ്ടോ? ഇല്ലെന്നതാണ് വാസ്തവം. ആർക്കും വാങ്ങാവുന്ന വാഹനമാണ് റോൾസ് റോയ്‌സ്.
പക്ഷെ റോൾസ് സ്വന്തമാക്കുന്നവരിലധികവും പണവും പ്രതാപവും ഉള്ളവരായിരുന്നത് വാസ്തവമാണ്. കാരണം ഇത്രയും വിലയുള്ള വാഹനം വാങ്ങാൻ അവർക്കുമാത്രമേ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ ഇന്ന് റോൾസ് സ്വന്തമായുള്ള എല്ലാത്തരം ആളുകളും ലോകത്ത് എല്ലായിടത്തും ഉണ്ട്. അതിൽ കച്ചവടക്കാരും കൃഷിക്കാരും മുടിമുറിക്കുന്നവരും ബാർ ഡാൻസർമാരും മാഫിയ തലവന്മാരും ഒക്കെയുണ്ട്. റോൾസ് വാങ്ങാനുള്ള ഒരേെയാരു മാനദണ്ഡം കമ്പനി ആവശ്യപ്പെടുന്ന പണം നൽകുക എന്നതാണ്.
സമ്പൂർണ്ണമായും ബ്രിട്ടീഷ് വാഹനം
റോൾസിനെപറ്റിയുള്ള മറ്റൊരു അന്ധവിശ്വാസം അതൊരു സമ്പൂർണ ബ്രിട്ടീഷ് വാഹനം ആണെന്നതാണ്. ആ അവകാശവാദവും പൂർണമായും ശരിയാണെന്ന് പറയാനാകില്ല. റോൾസ് റോയ്‌സ് യുകെയിലെ അവരുടെ ഫാക്ടറിയിൽ നിർമിക്കുകയും ഒരുമിച്ച് ചേർക്കുകയും ചെയ്യുന്നെന്നത് ശരിയാണ്. പക്ഷെ റോൾസിന്‍റെ വാഹനഭാഗങ്ങളിലധികവും നിർമിക്കുന്നത് ലോകത്തിന്‍റെ വിവിധഭാഗങ്ങളിലാണ്. ഒരു റോൾസിന്‍റെ ജനനം ജർമനിയിലാണ് നടക്കുന്നത്. വാഹനത്തിന്‍റെ അലുമിനിയം ബോഡി പാനൽ നിർമിക്കുന്നത് അവിടെയാണ്. പിന്നീടിത് യുകെയിലെ ഫാക്ടറിയിലേക്ക് കൊണ്ടുവരുന്നു. റോൾസിന് ആവശ്യമായ ലെതർ, വുഡ്, ഇൻഫോടൈൻമെന്‍റ് സിസ്റ്റം തുടങ്ങിയവയൊക്കെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിർമിച്ച് ബ്രിട്ടനിലെത്തിക്കുകയാണ് ചെയ്യുന്നത്.
വെള്ളിയിൽ തീർത്ത സ്പിരിറ്റ് ഓഫ് എക്സ്റ്റസി
റോൾസിന്‍റെ മുഖമുദ്രയാണ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി എന്ന ലോഗോ. വാഹനം സ്റ്റാർട്ട് ചെയ്യുേമ്പാൾ ഉയർന്നുവരുന്ന ഈ ശിൽപ്പം വെള്ളിയിലാണ് നിർമിക്കുന്നതെന്നൊരു അന്ധവിശ്വാസം ലോകത്തുണ്ട്. എന്നാൽ ഒരു സ്റ്റാേന്റർഡ് കാറിൽ സ്പിരിറ്റ് ഓഫ്എക്സ്റ്റസി നിർമിക്കുന്നത് സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടാണ്. പക്ഷെ ഒരുകാര്യം സത്യമാണ്. വാഹന ഉപഭോക്താവ് ആവശ്യെപ്പടുന്ന ലോഹം ഉപയോഗിച്ച് സ്പിരിറ്റിനെ നിർമിച്ചുകൊടുക്കുന്ന പതിവ് റോൾസിനുണ്ട്. അത് ചിലപ്പോൾ സ്വർണവും വെള്ളിയും രത്നം പതിച്ചതും ഒക്കെ ആകാറുമുണ്ട്. ഓരോ വാഹനത്തിനും സ്പിരിറ്റ് ഓഫ് എക്സ്റ്റസി വ്യത്യാസപ്പടുമെന്ന് സാരം.
ടാക്സികളായി ഉപയോഗിക്കാറില്ല
റോൾസ് റോയ്‌സ് ഒരിക്കലും ടാക്സികളായി ഉപയോഗിക്കാറില്ല എന്നൊരു അന്ധവിശ്വാസം പലർക്കും ഉണ്ട്. ഇതും തെറ്റാണ്. ലോകത്ത് ആയിരക്കണക്കിന് റോൾസ് റോയ്‌സ് ടാക്സികൾ നിലവിലുണ്ട്. നമ്മുടെ നാട്ടിൽതന്നെ ബോബി ചെമ്മണ്ണൂർ വാങ്ങി ടാക്സിയായി ഓടിക്കുന്ന റോൾസ് റോയ്‌സ് പ്രശസ്തമാണല്ലോ. ബംഗളൂരുവിലെ ഹെയർ സ്റ്റൈലിസ്റ്റായ രമേഷ് ബാബു തന്‍റെ ടാക്സി ശേഖരത്തിൽ റോൾസുകളേയും ഉൾപ്പടുത്തുകയും അത് വലിയ വാർത്തയാവുകയും ചെയ്തിരുന്നു.
ഒരിക്കലും തിരിച്ചുവിളിച്ചിട്ടില്ല
ആധുനിക കാലത്ത് വാഹനങ്ങൾ തിരിച്ചുവിളിക്കുക എന്നത് അത്ര മോശംകാര്യമൊന്നുമല്ല. അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് തകരാർ കണ്ടെത്തിയാൽ വാഹനം തിരിച്ചുവിളിച്ച് പരിഹരിക്കുകതന്നെ വേണം. ഇല്ലെങ്കിൽ വൻ തുക പിഴ നൽകേണ്ടിവരും. റോൾസുകൾ ഒരിക്കലും തിരിച്ചുവിളിക്കേണ്ടിവന്നിട്ടില്ല എന്നൊരു വിശ്വാസം വാഹനപ്രേമികൾക്കിടയിൽ ഉണ്ട്. റോൾസിന്‍റെ ഈടും ഉറപ്പും സൂചിപ്പിക്കാനാണ് ഈ കഥ പ്രചരിപ്പിക്കുന്നത്. എന്നാൽ നിരവധിതവണ റോൾസ് റോയ്‌സ് വാഹനങ്ങൾ തിരിച്ചുവിളിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും അവസാനം റോൾസിന്‍റെ 2015 മോഡൽ ഗോസ്റ്റ് തിരിച്ചുവിളിച്ചിരുന്നു. 2003നും 2010നും ഇടയിൽ ഫാന്‍റത്തിന്‍റെ നിരവധി മോഡലുകളും കമ്പനി തിരിച്ചുവിളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.