പുത്തൻ ഹിമാലയൻ പറപ്പിച്ച് സി.എസ്.സന്തോഷ്; 450 സി.സി കരുത്തിൽ കുതിച്ച് അഡ്വഞ്ചർ രാജാവ്
text_fieldsഹിമാലയൻ 411, സ്‌ക്രാം 411 എന്നിവക്ക് ശേഷം റോയൽ എൻഫീൽഡ് അവതരിപ്പിക്കുന്ന 450 സി.സി മോഡൽ അഡ്വഞ്ചർ ബൈക്ക് നിരത്തിലേക്ക്. ഇതിന് മുന്നോടിയായി പുറത്തിറങ്ങിയ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇന്ത്യയുടെ ഡാക്കർ റാലി താരമായ സി.എസ് സന്തോഷ് 450 സി.സി ഹിമാലയൻ ഓടിക്കുന്നതാണ് വിഡിയോയിലുള്ളത്. കർണാടകയിലെ കോലാറിലെ ബിഗ് റോക്ക് ഡേർട്ട് പാർക്കിലാണ് സന്തോഷ് ഹിമാലയനുമായി പറക്കുന്നത്.
ലോകത്തിലെ ഏറ്റവും ദുഷ്കരമായ ഡാക്കർ റാലി പൂർത്തിയാക്കിയ ആദ്യ ഇന്ത്യക്കാരനാണ് സി.എസ്. സന്തോഷ്. അദ്ദേഹം ഹിമാലയന്‍റെ 450 സി.സി റാലി പതിപ്പ് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത വർഷം ഡാക്കറിൽ ഹിമാലയൻ 450 പതിപ്പുമായി സന്തോഷ് മത്സരിക്കാനിറങ്ങും. ഡാക്കർ സ്പെഷ്യലിസ്റ്റിന്റെ ഇൻസ്റ്റാഗ്രാം പേജിൽ പുറത്തിറക്കിയ വിഡിയോയിൽ, ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി റോഡ്-സ്പെക്ക് ഹിമാലയൻ 450-ൽ സന്തോഷ് റൈഡ് ചെയ്യുന്നതും സ്ലൈഡുചെയ്യുന്നതും കാണാം.
പുതിയ സിംഗിൾ സിലിണ്ടർ എഞ്ചിനുമായിട്ടാണ് 450 സിസി ഹിമാലയൻ വരുന്നത്. എഞ്ചിൻ 40 ബിഎച്ച്പിയും സമാനമായ അളവിലുള്ള ടോർക്കും ഉൽപ്പാദിപ്പിക്കും. പുതിയ 6-സ്പീഡ് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹിമാലയന്റെ ഏറ്റവും വലിയ എതിരാളിയായ KTM 390 അഡ്വഞ്ചർ അടുത്തിടെ പൂർണമായും ക്രമീകരിക്കാവുന്ന സസ്പെൻഷൻ അവതരിപ്പിച്ചിരുന്നു, ഹാർലി-ഡേവിഡ്‌സണും ട്രയംഫും ജൂലൈ ആദ്യം പുതിയ 400cc മോട്ടോർസൈക്കിളുകളുമായി എത്തുകയാണ്.
ഹിമാലയൻ 411, സ്‌ക്രാം 411 എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ പുത്തൻ ആർക്കിടെക്ച്ചർ പ്ലാറ്റ്ഫോമിലാണ് റോയൽ എൻഫീൽഡ് ഹിമാലയൻ 450 ADV മോട്ടോർസൈക്കിൾ നിർമിക്കുന്നത്. ഇത് നിലവിലെ പ്ലാറ്റ്ഫോമിനേക്കാൾ മികവുറ്റതായിരിക്കുമെന്നാണ് സൂചന.
650 സിസി സീരീസിന് താഴെ ഇന്ത്യയിൽ അപ്-സൈഡ് ഡൌൺ (USD) ഫ്രണ്ട് ഫോർക്കുകൾ അവതരിപ്പിക്കുന്ന റോയലിൽ നിന്നുള്ള ആദ്യത്തെ മോട്ടോർസൈക്കിളാണ് ഹിമാലയൻ 450. ലോങ് ട്രാവൽ സസ്‌പെൻഷൻ യൂനിറ്റ്, പ്രീ-ലോഡ് അഡ്ജസ്റ്റ്‌മെന്റ് ഉള്ള ഓഫ്-സെറ്റ് റിയർ മോണോഷോക്ക് എന്നിവയാണ് മറ്റ് ഹൈലൈറ്റുകൾ.
റോയൽ എൻഫീൽഡ് മോഡലുകളുടെ ഏറ്റവും വലിയ പോരായ്മമയായി പലരും ചൂണ്ടികാണിക്കുന്ന ഒന്നാണ് ഹാലജൻ ബൾബുകളുടെ ഉപയോഗം. ഹിമാലയൻ 450 ഇക്കാര്യം പൊളിച്ചെഴുതും. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പിനൊപ്പം എൽഇഡി ടെയിൽ ലാമ്പും ടേൺ സിഗ്നലുകളും ഉൾക്കൊള്ളുന്നതാണ് പുത്തൻ ബൈക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.