എ.ടി.വി ആയി മാറിയ ഹിമാലയൻ; ഇത് അമ്പരപ്പിക്കുന്ന മാറ്റം
text_fieldsറോയൽ എൻഫീൽഡിന്‍റെ അഡ്വഞ്ചർ ബൈക്കായ ഹിമാലയന് സംഭവിച്ച രൂപമാറ്റമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. നേരത്തേ ഇതൊരു ബൈക്കായിരുന്നു എന്ന സൂചനകൾ പോലും ഇല്ലാത്തവിധം പൂർണമായൊരു എ.ടി.വി (ഓൾ ടെറയിൻ വെഹിക്ൾ) ആക്കി മാറ്റിയിരിക്കുകയാണ് ഹിമാലയനെ. ജയ്പൂരിലെ കൻവാർ കസ്റ്റംസ് എന്ന പ്രാദേശിക കസ്റ്റമൈസേഷൻ വർക്ക്‌ഷോപ്പാണ് പുതിയ അവതാരത്തിനുപിന്നിൽ.
രണ്ട് ചക്രങ്ങളുള്ള ബൈക്കിൽ നിന്ന് നാല് വീലുകളുള്ള ഓൾ-ടെറൈൻ വെഹിക്കിൾ ആയാണ് ഹിമാലയൻ മാറിയത്. കസ്റ്റമൈസേഷന്‍റെ വിശദാംശങ്ങൾ വിശദീകരിക്കുന്ന വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 2019 മോഡൽ ഹിമാലയനാണ് പരിഷ്കരിച്ചിരിക്കുന്നത്. എഞ്ചിൻ, ഫ്രെയിമിന്‍റെ കുറച്ചുഭാഗം, ചെയിൻസെറ്റ് മുതലായ ഘടകങ്ങൾ ഹിമാലയനിൽ നിന്നാണ് എടുത്തിട്ടുള്ളത്.
ഇൻസ്ട്രുമെന്‍റ് ക്ലസ്റ്ററും ഹാൻഡിൽബാറും പഴയ തണ്ടർബേർഡ് 350 ൽ നിന്നുള്ളതാണ്. മിക്കവാറും എല്ലാ ബോഡി പാനലുകളും ഫൈബർ പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. നോബി ഓൾ-ടെറൈൻ ടയറുകളാണ് മെഷീൻ കട്ട് അലോയ് വീലുകളിൽ ഉപയോഗിച്ചിരിക്കുന്നത്. ഫോർ വീൽ വാഹനമാണിത്. ഫ്രണ്ട് വീലുകളിൽ ഡ്യുവൽ ഡിസ്ക് ബ്രേക്ക് സജ്ജീകരണവും പിൻ ചക്രങ്ങളിൽ സിംഗിൾ ഡിസ്കുകളും നൽകിയിരിക്കുന്നു. ഷോക്ക് അബ്സോർബറുകൾ, ഡിസ്ക് ബ്രേക്കുകൾ എന്നിവ പ്രത്യേകമായി ഇറക്കുമതി ചെയ്തു. എൽഇഡി ഹെഡ്ലൈറ്റുകളാണ്. മുന്നിലൊരു ലഗേജ് റാക്കും നൽകിയിട്ടുണ്ട്.
പുതിയ എ.ടി.വിക്ക് കരുത്തുപകരുന്നത് 411 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ്. 6,500 ആർപിഎമ്മിൽ 24.3 ബിഎച്ച്പി കരുത്തും 4,500 ആർപിഎമ്മിൽ 32 എൻഎം ടോർക്കും വാഹനം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയർബോക്സാണ്. ഹിമാലയനെ എ.ടി.വി ആക്കി മാറ്റാൻ ഏകദേശം 3.5 ലക്ഷം രൂപയോളം ചെലവായെന്ന് കൻവാർ കസ്റ്റംസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.