ഏതെങ്കിലും ബൈക്ക് ഇറക്കി ഹിറ്റായതല്ല, ഇറക്കിയ എല്ലാ ബൈക്കും ഹിറ്റായിരുന്നു; വരവറിയിച്ച് റോയൽ എൻഫീൽഡ് 'ഷോട്ട്ഗൺ'
text_fieldsറോയൽ എൻഫീൽഡ് മെറ്റിയർ 350 പുറത്തിറക്കുന്ന വേളയിൽ കമ്പനി സിഇഒ വിനോദ് ദസാരി ഒരു വെളിപ്പെടുത്തൽ നടത്തിയിരുന്നു. അടുത്ത ഏഴ് വർഷത്തേക്ക് ഓരോ പാദത്തിലും പുതിയ മോഡലുകൾ പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ടെന്നായിരുന്നു അന്ന് ദസാരി പറഞ്ഞത്. ഇതനുസരിച്ച് ഏഴ് വർഷംകൊണ്ട് 28 റോയലുകളാണ് നിരത്തിലെത്തേണ്ടത്. കമ്പനിക്ക് ധാരാളം പുതിയ പേരുകൾ ആവശ്യമുണ്ടെന്നും ഇത് സൂചിപ്പിക്കുന്നുണ്ട്.
റോയൽ എൻഫീൽഡ് രജിസ്റ്റർ ചെയ്ത ഏറ്റവും പുതിയ പേര് ഷോട്ട്ഗൺ എന്നാണ്. വരാനിരിക്കുന്ന 650 സിസി മോട്ടോർസൈക്കിളിൽ ഉപയോഗിക്കാനാണ് പുതിയ പേരെന്നാണ് സൂചന. ഹണ്ടർ, ഷെർപ, റോഡ്‌സ്റ്റർ തുടങ്ങിയ പേരുകൾ ഇതിനകംതന്നെ റോയൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒന്നോ രണ്ടോ വർഷങ്ങളിലായാണ് ഇത്രയധികം വ്യാപാരമുദ്രകൾ റോയൽ സ്വന്തമാക്കുന്നത്. നിലവിൽ 650 സിസി മോഡലുകൾ മികച്ച മേൽവിലാസമാണ് എൻഫീൽഡിന് ഉണ്ടാക്കിക്കൊടുത്തിട്ടുള്ളത്. 2018 മുതൽ വിപണിയിലുള്ള ഇൻറർസെപ്റ്റർ 650, കോണ്ടിനെൻറൽ ജിടി 650 എന്നിവയാണവ.
പതിവായി പുറത്തുവരുന്ന ചാര ചിത്രങ്ങൾ അനുസരിച്ച് കുറഞ്ഞത് രണ്ട് 650 സിസി ബൈക്കുകളിലെങ്കിലും റോയൽ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. അവയിലൊന്ന് പരമ്പരാഗത ക്രൂസർ സ്റ്റൈൽ മോട്ടോർസൈക്കിളാണ്. മറ്റൊന്ന് റെട്രോ സ്റ്റൈൽ ബൈക്കാണ്.ആദ്യത്തേതിനെ മെറ്റിയർ 650 എന്ന് വിളിക്കാൻ സാധ്യതയുണ്ട്. കാരണം അതിെൻറ രൂപകൽപ്പന മെറ്റിയർ 350 ന് സമാനമാണ്. മാത്രമല്ല ഇൗ പേര് ഇന്ത്യക്കാർക്ക് പുതിമയുള്ളതുമാണ്. റോയൽ എൻഫീൽഡ് ഷോട്ട്ഗൺ എന്ന പേര് രണ്ടാമത്തെ 650 സിസി ടെസ്റ്റ് ബൈക്കിന് ബാധകമാകാം എന്നാണ് സൂചന.
വരാനിരിക്കുന്ന 650 സിസി ബൈക്കുകൾക്ക് ഇനിയും കുറച്ച് സമയമെടുക്കുമെങ്കിലും വാഹന പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് അടുത്ത തലമുറ റോയൽ എൻഫീൽഡ് ക്ലാസിക് 350നു വേണ്ടിയാണ്. ഹോണ്ട സിബി 350 ആർഎസിനെ നേരിടാൻ 350 സിസി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി റോഡ്സ്റ്റർ-സ്റ്റൈൽ മോട്ടോർസൈക്കിൾ പരീക്ഷിക്കുന്നതിലും കമ്പനി വ്യാപൃതരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.