ഇലക്ട്രിക് ഹൈപ്പർ കാറിൽ കറങ്ങി സച്ചിൻ; പിനിന്‍ഫരീന ബാറ്റിസ്റ്റയുടെ വില കേട്ട് ഞെട്ടി ആരാധകർ
text_fieldsഹൈദരാബാദില്‍ നടക്കുന്ന 2022-23 ഫോര്‍മുല ഇ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് വേദിയിൽ സ്ഥിര സാന്നിധ്യമായിരുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ഇറ്റാലിയന്‍ വാഹന ഡിസൈന്‍ കമ്പനിയായ പിനിന്‍ഫരീന നിര്‍മിച്ച ബാറ്റിസ്റ്റ എന്ന ഇലക്ട്രിക് കാര്‍ ഓടിക്കുന്നതിനുള്ള അവസരവും ഇവിടെവച്ച് അദ്ദേഹത്തിന് ലഭിച്ചു. കാറിന്റെ ചിത്രങ്ങൾ സച്ചിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് പിനിന്‍ഫരീന. രാജ്യെത്ത ഏറ്റവും വിലയുള്ള ഹൈപ്പര്‍ കാര്‍ എന്ന വിശേഷണവുമായാണ് ബാസ്റ്റിസ്റ്റ എത്തുന്നത്. 20 കോടി രൂപയാണ് ബാസ്റ്റിസ്റ്റ ഹൈപ്പര്‍ കാറിന്റെ വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘ഇലക്ട്രിക് വാഹനങ്ങളാണോ ഭാവി എന്ന ചോദ്യത്തിനുള്ള കൃത്യമായ മറുപടിയാണ് പിനിന്‍ഫരീന ബാസ്റ്റിസ്റ്റ. ഇത് വളരെ വേഗത കൈവരിക്കുന്ന വാഹനമാണ്. ആനന്ദ് മഹീന്ദ്രയുടെയും അദ്ദേഹത്തിന്റെ ടീമിന്റെ അദ്ഭുതകരമായ നേട്ടമാണ് ഈ വാഹനം. ഇന്ത്യന്‍ കമ്പനികള്‍ ഇത്തരം അത്യാധുനിക വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കാന്‍ നേതൃത്വം നല്‍കുന്നതില്‍ അഭിമാനമുണ്ട്’-സച്ചിന്‍ വാഹനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചു.
പിനിന്‍ഫരീന ഇലക്ട്രിക് ഹൈപ്പര്‍ കാറായ ബാറ്റിസ്റ്റ 2019-ലാണ് പ്രഖ്യാപിക്കുന്നത്. ബാസ്റ്റിസ്റ്റ എന്ന മോഡല്‍ പിനിന്‍ഫരീന ഇന്ത്യയില്‍ എത്തിച്ചിട്ടില്ല. ഇതിന്റെ 150 യൂനിറ്റ് മാത്രമായിരിക്കും നിര്‍മിക്കുകയെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്പ്, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളിലായിരിക്കും കൂടുതല്‍ യൂനിറ്റുകള്‍ വില്‍പ്പനയ്ക്ക് എത്തിക്കുക.
120 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്കാണ് ബാറ്റിസ്റ്റയില്‍ നല്‍കിയിട്ടുള്ളത്. അത്യാധുനിക സാങ്കേതികവിദ്യയിലുള്ള നാല് മോട്ടോറുകളാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. ഇത് 1900 പി.എസ്. കരുത്തും 2300 എന്‍.എം ടോര്‍ക്കുമേകും. രണ്ട് സെക്കന്റിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വാഹനത്തിനാകും. 12 സെക്കന്റില്‍ 300 കിലോമീറ്റര്‍ വേഗത നേടും. 350 കിലോമീറ്ററാണ് പരമാവധി വേഗത.
സൂപ്പര്‍കാറുകളുടെ തനതായ ഡിസൈന്‍ ശൈലികള്‍ പിന്തുടര്‍ന്നാണ് ബാറ്റിസ്റ്റയും ഒരുക്കിയിട്ടുള്ളത്. ഫ്രണ്ടി സ്പ്ലിറ്റര്‍, സൈഡ് ബ്ലേഡുകള്‍, റിയര്‍ ഡിഫ്യൂസര്‍ തുടങ്ങിയവയാണ് ഈ വാഹനത്തിന് സൂപ്പര്‍ കാര്‍ ഭാവം പകരുന്നത്. പ്രീമിയം ലെതറില്‍ ഐകോണിക്ക ബ്ലു കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിങ്ങുകള്‍ നല്‍കിയുള്ള സീറ്റാണ് അകത്തളത്തിലെ പ്രധാന ആകര്‍ഷണം. കറുപ്പാണ് ഇന്റീരിയറിന്റെ ഭാവം.
മികച്ച റേഞ്ചാണ് ബാറ്റിസ്റ്റക്ക്. ഒറ്റത്തവണ ബാറ്ററി ചാര്‍ജ് ചെയ്താല്‍ 476 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. ഇലക്ട്രിക് വാഹനങ്ങളില്‍ എതിരാളികള്‍ ഇല്ലാത്ത ഈ മോഡലിന് എതിരാളികളായി വിശേഷിപ്പിക്കാന്‍ സാധിക്കുന്ന വാഹനങ്ങള്‍ ബുഗാട്ടി ഷിറോണ്‍, ലംബോര്‍ഗിനിയുടെ മോഡലുകള്‍ എന്നിവയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.