'ഒരു സീറ്റില്‍ ഒരു കുട്ടിമാത്രം, നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല'; സ്കൂൾ യാത്രകൾക്കുള്ള കോവിഡ് മാർഗരേഖ അറിയാം
text_fieldsകോവിഡ് കാലത്ത് സ്കൂൾ തുറക്കുന്നതിെൻറ പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ യാത്ര സുഗമമാക്കുവാനും വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുവാനും വിശദമായ മാര്‍ഗരേഖയുമായി ഗതാഗത വകുപ്പ്. ഒക്ടോബര്‍ 20ന് മുന്‍പ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്കൂളുകളില്‍ നേരിട്ടെത്തി വാഹനങ്ങളുടെ യാന്ത്രിക ക്ഷമതാ പരിശോധന പൂര്‍ത്തിയാക്കും. ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയാക്കി ട്രയല്‍ റണ്ണിനുശേഷം മാത്രമേ വിദ്യാർഥികളുടെ യാത്രയ്ക്കായി വാഹനം ഉപയോഗിക്കാവൂ.
പരിശോധന പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ക്ക് സ്റ്റുഡൻറ്സ് ട്രാൻസ്പോർേട്ടഷൻ പ്രോേട്ടാക്കോൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കും. സര്‍ട്ടിഫിക്കറ്റ് വാഹനത്തില്‍ സൂക്ഷിക്കണം. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള കോവിഡ് പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ 'സ്റ്റുഡൻറ്സ് ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്രോട്ടോക്കോള്‍' തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ലീന .എമ്മിനു നൽകി മന്ത്രി ആൻറണി രാജു പ്രകാശനം ചെയ്തു.
ഡ്രൈവര്‍മാരും ബസ് അറ്റന്‍ഡര്‍മാരും രണ്ട് ഡോസ് വാക്സിന്‍ എടുക്കണം
ഡ്രൈവര്‍മാരും ബസ് അറ്റന്‍ഡര്‍മാരും രണ്ട് ഡോസ് വാക്സിന്‍ എടുക്കണമെന്നും അവരുടെ താപനില എല്ലാ ദിവസവും പരിശോധിച്ച് പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതുമാണെന്ന് മാർഗരേഖ പറയുന്നു. പനിയോ ചുമയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉള്ള വിദ്യാർഥികള്‍ക്ക് യാത്ര അനുവദിക്കരുത്. സ്കൂള്‍ വാഹനങ്ങളില്‍ തെര്‍മല്‍ സ്കാനറും സാനിറ്റൈസറും കരുതണം. ഹാന്‍ഡ് സാനിറ്റൈസര്‍ എല്ലാ വിദ്യാർഥികളും കരുതണമെന്നും ഒരു സീറ്റില്‍ ഒരു കുട്ടി മാത്രം യാത്ര ചെയ്യുന്ന രീതിയില്‍ ക്രമീകരിക്കണമെന്നും നിന്നു കൊണ്ടുള്ള യാത്ര അനുവദിക്കരുതെന്നും നിര്‍ദേശമുണ്ട്. എല്ലാ കുട്ടികളും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിച്ച് പരസ്പരമുള്ള സ്പര്‍ശനം ഒഴിവാക്കണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്.
വാഹനത്തിൽ എ.സിയും തുണി കൊണ്ടുള്ള സീറ്റ് കവറും കര്‍ട്ടനും പാടില്ല. ഈ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുവാന്‍ സ്കൂള്‍ അധികൃതര്‍ കുട്ടികളെ പ്രേരിപ്പിക്കണമെന്നും ഓരോ ദിവസവും യാത്ര അവസാനിക്കുമ്പോള്‍ അണുനാശിനിയോ സോപ്പ് ലായനിയോ ഉപയോഗിച്ച് വാഹനങ്ങള്‍ കഴുകേണ്ടതാണെന്നും മാർഗരേഖ ആവശ്യപ്പെടുന്നു. സ്കൂള്‍ ട്രിപ്പിനായി മറ്റ് കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത്തരം വാഹനങ്ങളും മോട്ടോര്‍ വാഹന വകുപ്പിെൻറ നിര്‍ദേശങ്ങള്‍ പാലിക്കുന്നതായി ബന്ധപ്പെട്ട സ്കൂള്‍ അധികൃതര്‍ ഉറപ്പ് വരുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.