പാർക്കിങ് നിയമം ലംഘിച്ചവരുടെ ഫോട്ടോ അയച്ചാൽ 500 രൂപ പാരിതോഷികം -കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി
text_fieldsന്യൂഡൽഹി: പാർക്കിങ് നിയമങ്ങൾ ലംഘിച്ച് ആരെങ്കിലും വാഹനങ്ങൾ പാർക്ക് ചെയ്താൽ അതിന്റെ ഫോട്ടോ എടുത്ത് അധികൃതർക്ക് അയക്കുന്നവർക്ക് പാരിതോഷികം നൽകുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. നിയമലംഘകർക്ക് 1,000 രൂപ പിഴ ചുമത്തിയാൽ 500 രൂപയാണ് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുക. വൻ നഗരങ്ങളിൽ അനധികൃത പാർക്കിങ് വൻ പ്രശ്നം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്ന് അദ്ദേഹം പറഞ്ഞു.
"അനധികൃതമായി പാർക്ക് ചെയ്‌ത വാഹനത്തിന്റെ ഫോട്ടോ അയക്കുന്നയാൾക്ക് 500 രൂപ സമ്മാനം ലഭിക്കുമെന്ന നിയമം ഞാൻ ഉടൻ കൊണ്ടുവരും. നിയമലംഘകർക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ 1000 രൂപ പിഴയിട്ടാലാണ് ഫോട്ടോ അയക്കുന്നയാൾക്ക് ഈ തുക നൽകുക. അപ്പോൾ പാർക്കിങ് മൂലമുള്ള പ്രശ്‌നം പരിഹരിക്കപ്പെടും" -മന്ത്രി പറഞ്ഞു. പാർക്കിങ് സ്ഥലം ഉണ്ടാക്കാതെ വാഹനങ്ങൾ റോഡ് കൈയടക്കുന്നതിൽ മന്ത്രി ഖേദം പ്രകടിപ്പിച്ചു.
'നാഗ്പൂരിലെ എന്റെ പാചകക്കാരന് രണ്ട് സെക്കൻഡ് ഹാൻഡ് വാഹനങ്ങളുണ്ട്. ഇപ്പോൾ നാലംഗങ്ങളുള്ള ഒരു കുടുംബത്തിന് ആറ് വാഹനങ്ങളുണ്ട്. ഡൽഹിക്കാർ ഭാഗ്യവാന്മാരാണെന്ന് തോന്നുന്നു, കാരണം ഞങ്ങൾ അവരുടെ പാർക്കിങ്ങിനായി റോഡ് ഉണ്ടാക്കി. തങ്ങളുടെ വാഹനങ്ങൾ നിർത്തിയിടാൻ ആരും പാർക്കിങ് ഇടങ്ങൾ ഉണ്ടാക്കുന്നില്ല, ഭൂരിഭാഗം പേരും അവരുടെ വാഹനങ്ങൾ തെരുവുകളിലാണ് പാർക്ക് ചെയ്യുന്നത്' -പരിഹാസരൂപേണ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.