പെട്രോൾ ഇരുചക്ര വാഹനങ്ങൾക്ക് ഹരിത നികുതി; നിർദേശം കേന്ദ്രം സ്വീകരിക്കുമോ?
text_fieldsരാജ്യത്ത് പെട്രോള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് ഹരിത നികുതി ഏര്‍പ്പെടുത്തണമെന്ന് ആവശ്യം. ഇലക്ട്രിക് വാഹന നിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് മാനുഫാക്ചേഴ്സ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (SMEV) ആണ് കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചത്. ഇതിലൂടെ ഫോസില്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ ഉപയോഗം കുറക്കാമെന്നും ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കാമെന്നുമാണ് ഇവരുടെ വാദം. ഇതുസംബന്ധിച്ച കത്ത് ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ കേന്ദ്ര സര്‍ക്കാരിന് അയച്ചിട്ടുണ്ട്.
പെട്രോള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് ഹരിത നികുതി ഏര്‍പ്പെടുത്തണമെന്നും അതുകൊണ്ട് ലഭിക്കുന്ന പണം ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കണമെന്നുമാണ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം ഇലക്ട്രിക് ടൂവീലറുകള്‍ക്കുള്ള ഫെയിം II സബ്‌സിഡി കുറച്ചതിനാല്‍ അവയുടെ വില വര്‍ധിക്കാനും അതുവഴി ഇപ്പോഴുള്ള ഇ.വി വിൽപ്പന ട്രെന്‍ഡിന് മാറ്റം വരാനും സാധ്യതയുണ്ടെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയില്‍ വില്‍ക്കുന്ന പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് ഹരിത നികുതി ചുമത്തുക വഴി ഫെയിം സബ്‌സിഡിക്ക് പുതുജീവനേകുമെന്ന് കരുതുന്നതായി എസ്.എം.ഇ.വി കത്തില്‍ പറയുന്നു. ഹരിത നികുതിയിലൂടെ ലഭിക്കുന്ന വരുമാനം ഇലക്ട്രിക് ടൂവീലറുകള്‍ക്കുള്ള സബ്‌സിഡിയാക്കി നല്‍കാമെന്നാണ് അവര്‍ പറയുന്നത്. പെട്രോള്‍ ടൂവീലറുകള്‍ പുറംതള്ളുന്ന മലിനീകരണത്തിന്റെ തോത് ഉയര്‍ത്തിക്കാണിച്ചാണ് സംഘടന ഇവികള്‍ക്കുള്ള പിന്തുണ വര്‍ധിപ്പിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുന്നത്.
ഇന്ത്യയിലെ പെട്രോള്‍ ഇരുചക്രവാഹനങ്ങള്‍ ഓരോ കിലോമീറ്ററും സഞ്ചരിക്കുമ്പോള്‍ 300 ഗ്രാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നു എന്നാണ് കണക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 1,58,62,087 വാഹനങ്ങളാണ് വിറ്റഴിക്കപ്പെട്ടത്. ഓരോ വാഹനവും പ്രതിദിനം ശരാശരി 20 കിലോമീറ്റര്‍ ഓടുന്നു എന്ന് കണക്കാക്കിയാല്‍ ഒരു വര്‍ഷം ഏകദേശം 100 ദശലക്ഷം കിലോ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആണ് അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്നത്.
പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ഓടുമ്പോഴും ക്രൂഡ് ഓയില്‍ വേര്‍തിരിക്കുമ്പേഴുമുണ്ടാകുന്ന മലിനീകരണത്തിന്റെ തോത് കുറക്കാന്‍ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് സാധിക്കുമെന്നതിനാല്‍ അത് കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളെ പിന്തുണക്കുക കൂടിയാണെന്ന് കത്തില്‍ പറയുന്നു. ഡല്‍ഹി പോലുള്ള വമ്പന്‍ നഗരങ്ങളിലെ മലിനീകരണ തോത് കൂടിയതും അത് ഡീസല്‍ വാഹന നിരോധനത്തിലേക്ക് നയിച്ചതും അടുത്തിടെ വാര്‍ത്തയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.