പതിറ്റാണ്ടുകള്‍ക്കു മുമ്പ് വിറ്റ കാർ 'പൊന്നുംവില'കൊടുത്ത് ഉപ്പാക്ക് പിറന്നാൾ സമ്മാനമായി നൽകി മകൻ
text_fieldsഎകരൂല്‍: പിതാവിന് അപൂര്‍വവും വ്യത്യസ്തവുമായ പിറന്നാൾ സമ്മാനം നല്കി അമ്പരപ്പിച്ചിരിക്കുകയാണ് കോഴിക്കോട് എളേറ്റില്‍ വട്ടോളി ചളിക്കോട് നിയാസ് അഹമ്മദ് എന്ന 26കാരന്.
കല്പറ്റ കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ വെഹിക്ൾ സൂപ്പര്‍വൈസറായ പിതാവ് സി.കെ.സി. അബ്ദുല്‍ നാസറിനാണ് ഒക്ടോബര്‍ 20ന് നടക്കുന്ന 54ാം പിറന്നാളിന് മകന് അടിപൊളി സമ്മാനം മുന്‍കൂറായി നല്കി സന്തോഷിപ്പിച്ചത്.
പതിറ്റാണ്ടുകള്‍ക്കുമുമ്പ് അബ്ദുല്‍ നാസര്‍ ഉപയോഗിച്ച് പിന്നീട് വിറ്റ് കൈമറിഞ്ഞ മാരുതി-800 കാറാണ് വര്‍ഷങ്ങളുടെ പരിശ്രമത്തില്‍ ഇപ്പോഴത്തെ ഉടമ തിരുവനന്തപുരം സ്വദേശിയെ കണ്ടുപിടിച്ച് പൊന്നുംവില കൊടുത്ത് വാങ്ങി മകന് പിതാവിന് സമ്മാനിച്ചത്. 1985 മോഡല്‍ കെ.ആര്.ഇസെഡ് 7898 കോഴിക്കോട് രജിസ്റ്റര്‍ നമ്പറിലുള്ള കാറാണ് 1992ല്‍ അബ്ദുല്‍ നാസര്‍ വാങ്ങിയിരുന്നത്.
നിയാസ് അഹമ്മദിനും കുട്ടിക്കാലത്ത് ഈ കാറിനോട് വലിയ ഇഷ്ടമായിരുന്നുവെന്ന് നാസര്‍ പറഞ്ഞു. 15 വര്‍ഷത്തെ ഉപയോഗ ശേഷം സാമ്പത്തികപ്രയാസം മൂലം 2007ൽ നാട്ടുകാരനായ മജീദിന് 44,000 രൂപക്ക് വിറ്റു. കുറച്ചുകാലത്തെ ഉപയോഗത്തിനുശേഷം മജീദും വിറ്റു.
വര്‍ഷങ്ങള്‍ക്കുശേഷം പഴയ കാറിനോടുള്ള ഇഷ്ടം കൂടിക്കൂടിവന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളില്‍ അന്വേഷിച്ചെങ്കിലും ഉടമസ്ഥനെ കെണ്ടത്താനായില്ല. മകന് മുതിര്‍ന്ന് ബംഗളൂരുവില്‍ പഠിക്കുന്ന കാലത്താണ് ഗതാഗത വകുപ്പ് വെബ്സൈറ്റ് സെര്‍ച്ച് ചെയ്ത് കാര്‍ തിരുവനന്തപുരത്തുള്ളതായി കണ്ടെത്തി രണ്ടു വര്‍ഷം മുമ്പ് നിയാസിന് തിരുവനന്തപുരത്ത് ജോലി ലഭിച്ചതോടെ കാര്‍ കണ്ടുപിടിക്കാൻ ശ്രമം ഊർജിതമാക്കി.
കഴിഞ്ഞ നവംബര്‍ 20ന് തിരുവനന്തപുരം കവടിയാറിലുള്ള ഉമേഷ് എന്നയാളുടെ വശം വാഹനം കണ്ടെത്തി. എന്നാൽ, അദ്ദേഹം ആദ്യം വില്ക്കാന് തയാറായില്ല. ഒരു വര്‍ഷത്തോളമുള്ള പരിശ്രമത്തിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് 94,000 രൂപ നല്കി തിരുവനന്തപുരം 'മാള്‍ ഓഫ് ട്രാവന്‍കൂര്‍' ഷോപിങ്മാള് ഡയറക്ടറായ നിയാസ് ഉപ്പയുടെ പഴയ വാഹനം സ്വന്തമാക്കിയത്.
കാര്‍ ഉപ്പയുടെ പേരിലേക്കു മാറ്റിയ രേഖകള്‍ സഹിതമാണ് നിയാസ് നാട്ടിലെത്തിച്ചത്. മുമ്പ് വിറ്റ കാറിനോടുള്ള ഉപ്പയുടെ ഇഷ്ടം മനസ്സിലാക്കിയാണ് അതേ കാര്‍ കണ്ടുപിടിച്ച് സമ്മാനമായി നല്കാന് തീരുമാനിച്ചതെന്ന് നിയാസ് അഹമ്മദ് പറഞ്ഞു.
സഹോദരങ്ങളായ റഷ സൈനബ്, നാസര്‍ സിഹാന്‍ എന്നിവരുടെ സാന്നിധ്യത്തിൽ സർപ്രൈസ് സമ്മാനം നൽകിയപ്പോഴുണ്ടായ ഉപ്പയുടെ അമ്പരപ്പ് ഇപ്പോഴും മാറിയിട്ടില്ലെന്നും നിയാസ് 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.