സോണി ത്രീഡി സറൗണ്ട് സൗണ്ട്; എക്സ്.യു.വി 700ൽ അത്ഭുതങ്ങൾ ഒളിപ്പിച്ച് മഹീന്ദ്ര
text_fieldsഒാഗസ്റ്റ് 14ന് പുറത്തിറക്കുന്ന മഹീന്ദ്രയുടെ പതാക വാഹകൻ എസ്.യു.വിയായ എക്സ്.യു.വി 700ൽ അത്ഭുതങ്ങൾ ഒളിപ്പിച്ച്മഹീന്ദ്ര. ഓഡിയോ സിസ്റ്റത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളാണ് കമ്പനി നിലവിൽ പുറത്തുവിട്ടിരിക്കുന്നത്. സോണി ത്രീഡി സൗണ്ട് സിസ്റ്റമാകും എക്സ്.യു.വിയുടെ ഉയർന്ന വകഭേദങ്ങളിൽ വരിക. റൂഫ് മൗണ്ടഡ് സ്പീക്കറുകൾ, ആംപ്ലിഫയർ, സബ് വൂഫർ എന്നിവ ഉൾപ്പെടുന്ന 445 വാട്ട് ഒാഡിയോ സിസ്റ്റമാണ് സോണി എക്സ്.യു.വിക്കായി നൽകുന്നത്. ഇന്ത്യയിൽ പ്രീമിയം ത്രീഡി സറൗണ്ട് സൗണ്ട് ടെക്നോളജി ഉപയോഗിക്കുന്ന ആദ്യത്തെ കാറായിരിക്കും എക്സ്.യു.വിയെന്ന് സോണി പറയുന്നു.
ഒാഡിയോ സിസ്റ്റത്തിൽ 12 കസ്റ്റം ബിൽറ്റ് സ്പീക്കറുകൾ ഉൾപ്പെടും. വാതിലുകൾ, ഡാഷ്‌ബോർഡ്, ബൂട്ട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സ്പീക്കറുകൾ ഉണ്ടാകും. കംപ്രസ് ചെയ്ത ഓഡിയോ ഫയലുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പുതിയ ഒാഡിയോ സിസ്റ്റത്തിനാകും. റേഡിയോ മുതൽ യുഎസ്ബി, ഓൺലൈൻ സ്ട്രീമിങ് വരെയുള്ള ഇൻപുട്ടുകൾക്കെല്ലാം ത്രീ ഡി ഓഡിയോ സാങ്കേതികവിദ്യ അനുയോജ്യമാണ്. സിസ്റ്റത്തിലെ മറ്റൊരു സവിശേഷത, വാഹനത്തിെൻറ വേഗതക്കനുസരിച്ച് ശബ്ദം ക്രമീകരിക്കാനാവും എന്നതാണ്. ബാഹ്യ ശബ്ദങ്ങളുടെ സ്വാധീനം കുറയ്ക്കുന്നതിന് ഇത് സഹായിക്കും.
നിർമാണം പൂർത്തിയായ എക്സ്.യു.വി 700െൻറ നിരവധി സവിശേഷതകൾ നേരത്തേ കമ്പനി പുറത്തുവിട്ടിരുന്നു. അതിൽ പലതും എസ്.യു.വി വിഭാഗത്തിലെ സെഗ്മെൻറ് ഫസ്റ്റ് ഫീച്ചറുകളുമാണ്. 200 എച്ച്പി, 2.0 ലിറ്റർ ടർബോ-പെട്രോൾ, 185 എച്ച്പി, 2.2 ലിറ്റർ ടർബോ-ഡീസൽ എഞ്ചിൻ എന്നിവ വാഹനത്തിന് ലഭിക്കും.
മറ്റ് പ്രത്യേകതകൾ
എക്സ്.യു.വി 500നേക്കാൾ ആധുനികമാണ് പുതിയ വാഹനം. സി-ആകൃതിയിലുള്ള ഡിആർഎല്ലുകളുള്ള ഹെഡ്‌ലൈറ്റുകൾ, ആവശ്യത്തിന് മാത്രം പുറത്തുവരുന്ന ഡോർ ഹാൻഡിലുകൾ, പുതിയ ഗ്രില്ലും ടെയിൽ-ലൈറ്റുകളും, അലോയ് വീലുകൾ എന്നിവയെല്ലാം പുതിയ വാഹനത്തിെൻറ പ്രത്യേകതകളാണ്. മഹീന്ദ്ര എസ്‌യുവി ശ്രേണിക്കായി അവതരിപ്പിച്ച പുതിയ ലോഗോയാവും എക്സ്.യു.വി 700ൽ ഉപയോഗിക്കുക. ഇൻഫോടെയിൻമെൻറിനും ഇൻസ്ട്രുമെൻറ് ക്ലസ്റ്ററിനുമായി ഡ്യൂവൽ സ്ക്രീൻ ഒാപ്ഷനും വാഹനത്തിലുണ്ട്.
ഇൻഫോടെയിൻമെൻറിനായുള്ള അഡ്രിനോ എക്സ് ഇൻറർഫേസ്, ആമസോൺ അലക്സ വെർച്വൽ അസിസ്റ്റൻറ്, അഡാസ് സുരക്ഷാ സംവിധാനം, പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക് എന്നിവയും എക്സ്.യു.വിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മധ്യനിരയിൽ ക്യാപ്റ്റൻ സീറ്റുകളുള്ള ആറ് സീറ്റ് ലേഒൗട്ടിലും ബെഞ്ച് സീറ്റുള്ള 7 സീറ്റ് ലേഒൗട്ടിലും വാഹനം ലഭ്യമാകും.
എതിരാളികൾ
ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ്, ഹ്യുണ്ടായ് അൽകാസർ തുടങ്ങിയ മുൻനിര എസ്‌യുവികളിൽ നിന്ന് കടുത്ത മത്സരം നേരിടുന്ന വാഹനമാണ് എക്സ്.യു.വി 700. തൽക്കാലം എക്സ്.യു.വി 500െൻറ നിർമാണം അവസാനിപ്പിക്കുമെങ്കിലും വാഹന നിരയിൽ നിന്ന് പൂർണമായും ഒഴിവാക്കില്ലെന്നാണ് സൂചന. 2024ൽ ഇടത്തരം എസ്.യു.വി വിഭാഗത്തിൽ എക്സ്.യു.വി 500നെ മഹീന്ദ്ര പുനസ്ഥാപിക്കാൻ ഇടയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.