ഇന്ത്യയുടെ സ്വന്തം വൈദ്യുതി കാർ, സ്ട്രോം ആർ 3; ഒറ്റ ചാർജിൽ 200 കിലോമീറ്റർ, വില 4.5ലക്ഷം മാത്രം
text_fieldsമുംബൈ ആസ്ഥാനമായുള്ള സ്ട്രോം മോട്ടോഴ്‌സ് ആർ 3 എന്ന പേരിൽ വൈദ്യുത ത്രീവീലർ പുറത്തിറക്കി. വാഹനത്തിന്‍റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 10000 രൂപയാണ് ബുക്കിങ്ങിനായി നൽകേണ്ടത്. 100 ശതമാനം വൈദ്യുത വാഹനമാണിത്. ആർ 3 പ്യുവർ, ആർ 3 കറന്‍റ്, ആർ 3 ബോൾട്ട് എന്നിങ്ങനെ മൂന്ന് വേരിയന്‍റുകളിലാണ് വാഹനം വരുന്നത്. 4.5 ലക്ഷം രൂപയിൽ വില ആരംഭിക്കും.
രൂപവും പ്രത്യേകതകളും
2,907 മില്ലീമീറ്റർ നീളവും 1,450 മില്ലീമീറ്റർ വീതിയും 1,572 മില്ലീമീറ്റർ ഉയരവും 550 കിലോഗ്രാം ഭാരവുമുള്ള വാഹനമാണ് സ്ട്രോം ആർ 3. മുന്നിൽ 100 ലിറ്റർ, പിന്നിൽ 300 ലിറ്റർ എന്നിങ്ങനെ മികച്ച ബൂട്ട് സ്പെയ്സാണ്. ഉരുണ്ട ഹെഡ്‌ലാമ്പുകൾ, 'സ്ട്രോം' ലോഗോയുള്ള വ്യതിരിക്തമായ ഫ്രണ്ട് ഗ്രിൽ, ചരിഞ്ഞ ബോണറ്റ്, വൃത്താകൃതിയിലുള്ള വീൽ ആർച്ചുകൾ എന്നിവ വാഹനത്തിന് പ്രീമിയം രൂപം നൽകുന്നുണ്ട്. 13 ഇഞ്ച് അലോയ് വീലുകളാണ്. ഓട്ടോറിക്ഷയിൽ കാണുന്നതിന് വിപരീതമായാണ് വാഹനത്തിൽ ചക്രങ്ങൾ പിടിപ്പിച്ചിരിക്കുന്നത്. മുന്നിൽ രണ്ട് ചക്രങ്ങളും പിന്നിൽ ഒന്ന് വീതവും. രണ്ട് വാതിലുകളുള്ള സ്ട്രോം ആർ 3യിൽ രണ്ടുപേർക്ക് സഞ്ചരിക്കാം. ഇലക്ട്രിക് ബ്ലൂ, നിയോൺ ബ്ലൂ, റെഡ്, ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളിൽ വാഹനം ലഭിക്കും.
ഉൾവശം
ഇന്‍റീരിയറുകൾക്ക് അത്യാധുനിക സവിശേഷതകൾ ലഭിക്കും. 12 തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, 4.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഹെഡ് യൂണിറ്റ് എന്നിവ ആകർഷകം. 4 ജി കണക്റ്റിവിറ്റിയുള്ള സ്മാർട്ട് കാറാണ് സ്ട്രോം. വോയ്‌സ് കൺട്രോൾ, ജെസ്റ്റർ കൺട്രോൾ, സ്മാർട്ട് മ്യൂസിക് പ്ലേലിസ്റ്റുള്ള 20 ജിബി ഓൺബോർഡ് മ്യൂസിക് സ്റ്റോറേജ് സിസ്റ്റം എന്നിവയും സവിശേഷതകളിൽ ഉൾപ്പെടുന്നു. മൊബൈൽ കണക്റ്റിവിറ്റി, ടേൺ ബൈ ടേൺ നാവിഗേഷൻ എന്നിവയും ലഭിക്കും. 15 കിലോവാട്ട് ഇലക്ട്രിക് ഹൈ എഫിഷ്യൻസി എസി മോട്ടോർ വഴി 20 എച്ച്പി കരുത്തും 90 എൻഎം ടോർക്കും ലഭ്യമാകും. ലിഥിയം അയൺ ബാറ്ററിയാണ്.
ഇക്കോ, നോർമൽ, സ്‌പോർട് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകൾ വാഹനത്തിലുണ്ട്. സ്ട്രോം ആർ 3 പ്യുവർ, കറന്‍റ് വേരിയന്‍റുകളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വേഗത കൈവരിക്കാനാകും. ഒറ്റ ചാർജിൽ 200 കിലോമീറ്റർ ആണ് സഞ്ചരിക്കുക. 3 മണിക്കൂർകൊണ്ട് ബാറ്ററി പൂർണമായി ചാർജ് ചെയ്യാനാകും. മുൻ ചക്രങ്ങളിൽ ഡിസ്ക് ബ്രേക്കുകളും പിൻ ചക്രത്തിന് ഡ്രം ബ്രേക്കും ലഭിക്കും. ഇരട്ട ഷോക്ക് അബ്സോർബറുകൾ വഴിയാണ് സസ്പെൻഷൻ ജോലികൾ നടക്കുക. പുനരുൽപ്പാദിപ്പിക്കാവുന്ന ബ്രേക്കിങ് സംവിധാനവും പ്രത്യേകതയാണ്. 185 എംഎം ഗ്രൗണ്ട് ക്ലിയറൻസ് മികച്ചതാണ്. സ്ട്രോം മോട്ടോഴ്‌സ് ആർ 3 ക്ക് 3 വർഷം / 1 ലക്ഷം കിലോമീറ്റർ വാറന്‍റിയും വാഗ്ദാനം ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.