ടാറ്റ ആൾട്രോസ് ഡീസലിന് വമ്പിച്ച ഇളവ്; 40,000 രൂപ കുറച്ചു
text_fieldsപ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ ഒരേയൊരു ഡീസൽ മോഡലായ ടാറ്റ ആൾട്രോസിന് വിലകുറച്ചു. 40000 രൂപയുടെ വമ്പിച്ച ഇളവാണ് ആൾട്രോസിന് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു മാസത്തിനുമുമ്പ് 15,000 രൂപ വില ഉയർത്തിയശേഷമാണ് ടാറ്റയുടെ പുതിയ നീക്കം. ബിഎസ് 4, ബിഎസ് 6 വേരിയൻറുകൾ തമ്മിലുള്ള വിലയിലെ അന്തരം പരിഹരിക്കാനാണ് വില പരിഷ്കരണം.
'ആൾട്രോസ് ഇതിനകം തന്നെ വിപണിയിൽ നേടിയെടുത്ത മുൻതൂക്കം നഷ്ടപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല'എന്നാണ് വിലക്കിഴിവിനെപറ്റി കമ്പനി വൃത്തങ്ങൾ പറയുന്നത്. ഒക്ടോബറിൽ പുറത്തിറങ്ങുന്ന ഹ്യൂണ്ടായ് ഐ 20 യുടെ ആസന്നമായ വരവും ടാറ്റയെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. മുന്നാം തലമുറ ഐ 20 പുറത്തിറക്കുന്നതോടെ ഡീസൽ എഞ്ചിനിലുള്ള അപ്രമാദിത്വം ടാറ്റക്ക് നഷ്ടമാകും.
1.5 ലിറ്റർ ഡീസൽ എഞ്ചിനുമായിട്ടായിരിക്കും ഐ 20 വരികയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ പ്രീമിയം ഹാച്ച് വിഭാഗത്തിലെ വാഹന വിൽപന പെട്രോൾ മോഡലുകളിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ്. അടുത്തിടെ അപ്‌ഡേറ്റുചെയ്‌ത ഹോണ്ട ജാസ്, മാരുതി സുസുക്കി ബലേനൊ, ഹ്യുണ്ടായ് എലൈറ്റ് ഐ 20 തുടങ്ങിയവ ബിഎസ് 6 ലേക്ക് മാറിയപ്പോൾ ഡീസൽ ഉപേക്ഷിച്ചിരുന്നു. ഇതോടെ ആൾട്രോസിന് വിൽപ്പനയിൽ മൂന്നാം സ്ഥാനത്ത് എത്താനുമായി.
2020 ഓഗസ്റ്റിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 5,000 യൂനിറ്റാണ് ആൾട്രോസ് വിറ്റത്. വിലക്കുറവിനൊപ്പം പുതിയ വേരിയൻറുകളും എഞ്ചിൻ ഓപ്ഷനുകളും ഉപയോഗിച്ച് ടാറ്റ ആൾട്രോസിനെ പരിഷ്കരിക്കുന്നത് തുടരുമെന്നാണ് വിവരം. ടാറ്റ ആൾട്രോസ് ഡാർക് എഡിഷൻ ഏകദേശം തയ്യാറായിക്കഴിഞ്ഞു. ആൾട്രോസ് പെട്രോളിനായി ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് വെർഷനും ടർബോ-പെട്രോൾ വെർഷനുമൊക്കെ അണിയറിയിൽ ഒരുങ്ങുന്നുണ്ട്. കൂടാതെ ആൾട്രോസിെൻറ വൈദ്യുത വാഹന പതിപ്പും തയ്യാറായി കഴിഞ്ഞതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.