കുറഞ്ഞ വിലക്ക് കൂടുൽ കരുത്ത്; ആൾട്രോസ് ഐ ടർബോക്ക് വില പ്രഖ്യാപിച്ച് ടാറ്റ
text_fieldsപ്രീമിയം ഹാച്ച്ബാക്കായ ടാറ്റ ആൾട്രോസിന്‍റെ ശ്രേണിയിലേക്ക് കടന്നുവന്ന പുതിയ വേരിയന്‍റ് ഐ ടർബോക്ക് വില പ്രഖ്യാപിച്ചു. മൂന്ന് വകഭേദങ്ങളാണ് ആൾട്രോസ് ഐ ടർബോക്കുള്ളത്. 7.73 ലക്ഷമാണ് അടിസ്ഥാന എക്സ് ടി ട്രിമിന് വിലയിട്ടിരിക്കുന്നത്. ഇസെഡ് ട്രിമ്മിന് 8.45 ലക്ഷവും ഏറ്റവും ഉയർന്ന എക്സ് ഇസഡ് പ്ലസിന് 8.85 ലക്ഷവും വിലവരും. പ്രധാന എതിരാളികളായ 120 എച്ച്പി, 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുള്ള (9.90-11.33 ലക്ഷം രൂപ) ഹ്യൂണ്ടായ് ഐ 20, 110 എച്ച്പി 1.0 ലിറ്റർ, ടർബോ-പെട്രോൾ എഞ്ചിനുള്ള ഫോക്‌സ്‌വാഗൺ പോളോ 1.0 ടിഎസ്‌ഐ (8.09-9.67 ലക്ഷം) തുടങ്ങിയവയെ അേപക്ഷിച്ച് വില കുറവാണെന്നത് ആൾട്രോസ് ഐ ടർബോക്ക് നേട്ടമാകും.
വിലകൾ താൽക്കാലികമാണെന്നും ഭാവിയിൽ ഇത് കൂടാൻ സാധ്യതയുണ്ടെന്നും ടാറ്റ പറയുന്നു. ടാറ്റയുടെ 1.2 റിവോട്രോൺ എഞ്ചിന്‍റെ ടർബോ പതിപ്പാണ് ആൾട്രോസ് ഐ ടർബോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 110 എച്ച്പി, 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണിത്. നിലവിൽ മാനുവൽ ഗിയർബോക്സ് മാത്രമാണ് നൽകിയിരിക്കുന്നത്. ഭാവിയിൽ ഡിസിടി ഓട്ടോ ഓപ്ഷനും ഉൾപ്പെടുത്തും.
1.2 ലിറ്റർ, മൂന്ന് സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ യൂനിറ്റ് 110 എച്ച്പിയും 140 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഇത് നേരത്തേ നെക്‌സൺ എസ്‌യുവിയിൽ നൽകിയിരുന്ന എഞ്ചിനാണ്. നെക്സണിൽ 120 എച്ച്പിയും 170 എൻഎ ടോർക്കും ഉണ്ടാക്കുമായിരുന്നു. ആൾട്രോസിലെത്തുേമ്പാൾ എഞ്ചിൻ ട്യൂണിൽ മാറ്റമുണ്ട്. പുതിയ ടോപ്പ്-സ്പെക് എക്സ്ഇസഡ് പ്ലസ് ട്രിം നിരവധി പുതിയ സവിശേഷതകളോടുകൂടിയാണ് വരുന്നത്.
12 സെക്കൻഡിനുള്ളിൽ വാഹനം പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നാണ് ടാറ്റയുടെ അവകാശവാദം. 18.13 കിലോമീറ്റർ ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്റ്റാൻഡേർഡ് കാറിന്‍റെ സിറ്റി, ഇക്കോ എന്നിവയ്‌ക്ക് പകരമായി സിറ്റി, സ്‌പോർട്ട് എന്നീ വ്യത്യസ്‌ത ഡ്രൈവ് മോഡുകളുമായാണ് ഐ ടർബോ വരുന്നത്.
കൂടുതൽ സവിശേഷതകൾ
എക്സ് ടി, എക്‌സ് ഇസഡ്, എക്‌സ് ഇസഡ് പ്ലസ് എന്നീ മൂന്ന് വേരിയന്‍റുകളിൽ ആൽട്രോസ് ഐ ടർബോ ലഭ്യമാകും. ആൾട്രോസ് ലൈനപ്പിലേക്ക് ടാറ്റ പുതിയ ടോപ്പ്-സ്പെക് എക്സ്ഇസഡ് പ്ലസ് വേരിയൻറുകൂടി അവതരിപ്പിച്ചിട്ടുണ്ട്. എട്ട് സ്പീക്കർ ഹാർമൻ സൗണ്ട് സിസ്റ്റം (നാല് സ്പീക്കറുകൾ, നാല് ട്വീറ്ററുകൾ), ലെതർ സീറ്റുകൾ, എ.സിയിൽ എക്സ്പ്രസ് കൂൾ ഫംഗ്ഷൻ, ടച്ച്സ്ക്രീൻ വാൾപേപ്പർ കസ്റ്റമൈസേഷൻ, ടാറ്റയുടെ ഐആർഎ (ഇന്‍റലിജന്‍റ് റിയൽ ടൈം അസിസ്റ്റന്‍റ) കണക്റ്റുചെയ്ത കാർ സാങ്കേതികവിദ്യ, ജിയോ ഫെൻസിങിനൊപ്പം വോയ്‌സ് കമാൻഡുകൾ എന്നിവ പുതിയ വാഹനം വാഗ്ദാനം ചെയ്യുന്നു.
ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്‍റ് സിസ്റ്റം, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകൾ, മൊബൈൽ സെൻസിങ് വൈപ്പറുകൾ, ആംബിയന്‍റ് ലൈറ്റിംഗ് തുടങ്ങിയ സവിശേഷതകൾ എക്സ് ഇസെഡ് ട്രിം വാഗ്ദാനം ചെയ്യുന്നു. ആൽട്രോസ് ഐ ടർബോയിൽ വലിയ ഡിസൈൻ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെങ്കിലും പുതിയ ഹാർബർ ബ്ലൂ നിറം കൂട്ടിച്ചേർത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.