വാഹനം ഉണ്ടാക്കാനും പൊളിക്കാനും ഇനി ടാറ്റ മോട്ടോർസ്; മൂന്നാമത്തെ സ്ക്രാപ്പിങ് സെന്‍റർ തുറന്നു
text_fieldsവാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് രാജ്യത്തെ മൂന്നാമത്തെ വെഹിക്കിള്‍ സ്‌ക്രാപ്പിങ് കേന്ദ്രം ആരംഭിച്ചു. ഗുജറാത്തിലെ സൂറത്തിലാണ് പുതിയ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ‘റീസൈക്കിൾ വിത് റെസ്പെക്ട്’ എന്ന പേരിലാണ് പുതിയ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. മുമ്പ് രാജസ്ഥാനിലെ ജയ്പൂരിലും ഒഡിഷയിലെ ഭൂവനേശ്വറിലും ടാറ്റ സ്‌ക്രാപ്പിങ് സെന്‍ററുകൾ ആരംഭിച്ചിരുന്നു. ടാറ്റ മോട്ടോർസിന്റെ ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ പി.ബി. ബാലാജിയാണ് പുതിയ വെഹിക്കിള്‍ സ്‌ക്രാപ്പിങ് യൂനിറ്റ് ഉദ്ഘാടനം ചെയ്തത്.
പരിസ്ഥിതി സൗഹൃദപരമായ രീതികളിലൂടെയാണ് ഇവിടെ വാഹനങ്ങൾ പൊളിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ആഗോള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള റീസൈക്ലിങ് രീതിയിലൂടെ പരമാവധി മാലിന്യങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ടയറുകൾ, ബാറ്ററികൾ, ഇന്ധനം, എണ്ണകൾ, ദ്രാവകങ്ങൾ, വാതകങ്ങൾ എന്നിവയുൾപ്പെടെ വാഹനത്തിന്റെ വിവിധ ഭാഗങ്ങൾ സുരക്ഷിതമായി പൊളിച്ചു മാറ്റുന്നതിന് പ്രത്യേകം സ്റ്റേഷനുകൾ കേന്ദ്രത്തിലുണ്ട്. ഓരോ വർഷവും 15,000 വാഹനങ്ങൾ റീസൈക്കിൾ ചെയ്യാനുള്ള ശേഷിയും സ്‌ക്രാപ്പിങ് കേന്ദ്രത്തിനുണ്ട്.
വാഹന നിര്‍മാണ രംഗത്തന്നതു പോലെ പോലെ തന്നെ വെഹിക്കിൾ സ്‌ക്രാപ്പിങ് മേഖലയിലും കരുത്തുറ്റ സാന്നിധ്യമാകുകയാണ് ടാറ്റ മോട്ടോഴ്‌സിന്റെ ലക്ഷ്യം. ശ്രീ അംബിക ഓട്ടോയുമായി സഹകരിച്ച് ഒരുക്കിയിട്ടുള്ള കേന്ദ്രത്തില്‍ എല്ലാ ബ്രാന്റുകളുടെയും എന്‍ഡ്-ഓഫ്-ലൈഫ് വാഹനങ്ങൾ പൊളിക്കാന്‍ സാധിക്കും.
”സുസ്ഥിരതയാണ് ഞങ്ങളുടെ ചാലകശക്തി. ‘റീസൈക്കിൾ വിത് റെസ്പെക്ട്’ കേന്ദ്രത്തിന് തുടക്കം കുറിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഈ പരിവർത്തനാത്മക യാത്രയിൽ ഞങ്ങൾക്ക് മികച്ച മുന്നേറ്റം നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോളതലത്തിൽ അംഗീകരിച്ചിട്ടുള്ള റീസൈക്ലിങ് പ്രക്രിയകൾ ഉപയോഗിച്ച്, മാലിന്യങ്ങൾ പരമാവധി കുറച്ചാണ് ഞങ്ങൾ ഈ കേന്ദ്രം പ്രവർത്തിപ്പിക്കാൻ ആഗ്രഹിക്കുന്നത്. ഈ സൗകര്യങ്ങൾ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഗുണം ചെയ്യുമെന്നും സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുമെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്”-പി.ബി ബാലാജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.