വാങ്ങിയിട്ട് നാല് മാസം; പുത്തൻ കാർ തുരുമ്പെടുക്കുന്നെന്ന പരാതിയുമായി ഉടമ ഷോറൂമിൽ -വിഡിയോ
text_fieldsപുത്തൻ കാർ വാങ്ങിയിട്ട് നാല് മാസം തികഞ്ഞപ്പോഴേക്കും തുരുമ്പെടുക്കുന്നെന്ന പരാതിയുമായി ഉടമ ഷോറൂമിൽ. ഫരീദാബാദില്‍ നിന്നുള്ള ടാറ്റ സഫാരി ഉടമയായ റോക്കി വസിഷ്ഠാണ് പരാതിക്കാരൻ. തന്റെ പുത്തന്‍ കാർ പലയിടത്തും തുരുമ്പു പിടിച്ചതായാണ് ഇദ്ദേഹത്തിന്റെ പരാതി. ടാറ്റ മോട്ടോര്‍സിന്റെ അംഗീകൃത ഡീലറായ ന്യൂഡല്‍ഹി, മോട്ടിനഗറിലെ ഓട്ടോവികാസിലാണ് റോക്കി പരാതിയുമായി എത്തിയത്.
നാല് മാസത്തിനുള്ളില്‍ 45 ഓളം സ്ഥലങ്ങളിലാണ് തുരുമ്പെടുക്കാന്‍ തുടങ്ങിയതെന്നാണ് കാറുടമയുടെ പരാതി. പരാതിപ്പെട്ട് രണ്ട് മാസം കഴിഞ്ഞിട്ടും ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഓട്ടോവികാസ് അധികൃതര്‍ക്ക് സാധിച്ചില്ല. പിന്നാലെ റോക്കി കാറുമായി ഡീലര്‍ഷിപ്പില്‍ എത്തിയതോടെ സംഭവം ചൂടുപിടിച്ചു.
ഡീലര്‍ പൊലീസിനെ വിളിച്ചതോടെ പ്രശ്‌നം രൂക്ഷമായി. ഓട്ടോ വികാസ് ഡീലര്‍ഷിപ്പില്‍ പൊലീസുകാര്‍ എത്തിയതോടെ സംഘര്‍ഷം ഉടലെടുത്തു. വിഷയം റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രാദേശിക മാധ്യമങ്ങള്‍ സംഭവസ്ഥലത്തെത്തി. 21 ലക്ഷം രൂപ മുടക്കിയാണ് താന്‍ കാര്‍ വാങ്ങിയതെന്നും ഇത്രയും വിലപിടിപ്പുള്ള കാറിന് ഇത്തരത്തിലൊരു ദുര്‍ഗതിയുണ്ടാകുമെന്ന് താന്‍ സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിട്ടില്ലെന്നാണ് റോക്കി പറയുന്നത്. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നും തനിക്ക് പകരം കാര്‍ തരണമെന്നും ടാറ്റ മോട്ടോര്‍സ് ഡീലറോട് റോക്കി ആവശ്യപ്പെടുകയായിരുന്നു.
ഡോര്‍, ബൂട്ട് ഹിംഗുകള്‍ എന്നിവിടങ്ങളിലും തുരുമ്പുണ്ട്. സ്റ്റാമ്പ് ചെയ്ത ഷാസി നമ്പര്‍ പോലും തുരുമ്പെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. എഞ്ചിന്‍ ബേയിലും ബോണറ്റിലും തുരുമ്പുകള്‍ കാണാം. ഉടമക്ക് കാര്‍ മാറ്റി നല്‍കില്ലെന്നാണ് ഡീലര്‍മാരായ ഓട്ടോ വികാസ് പറയുന്നത്. ഫരീദാബാദിലെ ഹാർഡ് വാട്ടറും വെള്ളത്തിലെ ഉയർന്ന ടി.ഡി.എസ് ലെവലുമാണ് കാര്‍ തുരുമ്പെടുക്കാന്‍ കാരണമെന്നാണ് ഡീലര്‍മാർ പറയുന്നത്. വെള്ളത്തിന്റെ ടോട്ടൽ ഡിസോൾവ്ഡ് സോളിഡ്സ് ലെവലാണ് ടി.ഡി.എസ് എന്ന് പറയുന്നത്. 50 മുതൽ 100 വരെ ടി.ഡി.എസ് ലെവൽ ആണ് കുടിവെള്ളത്തിൽ വരേണ്ടത്. ടി.ഡി.എസ് ലെവൽ 300നും മുകളിലായാൽ അതിനെയാണ് ഹാർഡ് വാട്ടർ എന്ന് പറയുന്നത്. ഇത്തരം വെള്ളത്തിൽ കാർ കഴുകുന്നത് തുരുമ്പിന് കാരണമാകാറുണ്ട്.
പകരം കാര്‍ നല്‍കണമെന്ന ഉടമയുടെ ആവശ്യം അംഗീകരിക്കാത്ത ഡീലര്‍മാര്‍ തുരുമ്പിച്ച ഭാഗങ്ങള്‍ വീണ്ടും പെയിന്റ് ചെയ്യാന്‍ തയാറാണെന്ന് അറിയിച്ചു. ഇതോടെ വാഹന ഡീലര്‍മാരെ കോടതി കയറ്റാനുള്ള നീക്കത്തിലാണ് റോക്കി. വിഷയം ഉന്നയിച്ച് ഉടന്‍ തന്നെ ഉപഭോക്തൃ കോടതിയില്‍ പരാതിപ്പെടാനാണ് ഇയാളുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.