നിരത്തുകൾക്ക് ഇത് സഫാരിക്കാലം; അഞ്ചക്കം തൊട്ട് വിൽപ്പന കണക്ക്
text_fieldsടാറ്റ സഫാരിയുടെ ഏറ്റവും പുതിയ വിൽപ്പന കണക്ക് പുറത്തുവന്നു. വിപണിയിൽ ഇറങ്ങി അഞ്ച് മാസത്തിനുള്ളിൽ 10,000 യൂനിറ്റ് സഫാരികളാണ് ടാറ്റ വിറ്റഴിച്ചത്. 10,000-ാമത്തെ വാഹനം ടാറ്റയുടെ പുണെ ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങി. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും മികച്ച വിൽപ്പനയാണ് ടാറ്റക്ക് നേടാനായത്. അവസാന 9,900 യൂനിറ്റുകൾ നാലുമാസത്തിനുള്ളിൽ ഉൽപാദിപ്പിക്കാനായി. 2021 ജൂൺ അവസാനം വരെ മൊത്തം 8,964 സഫാരികളാണ് നിരത്തിലെത്തിയത്.
'പുതിയ സഫാരി സുപ്രധാന നാഴികക്കല്ല് നാല് മാസത്തിനുള്ളിൽ താണ്ടിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. നാം കടന്നുപോകുന്ന ഏറ്റവും പ്രയാസകരമായ കാലഘട്ടത്തിലാണ് ഈ വിജയമെന്നത് വിസ്മരിക്കാനാവില്ല. ടാറ്റയിലെ വിവിധ ടീമുകൾ നടത്തിയ കൂട്ടായ കഠിനാധ്വാനംകൊണ്ടണ് ഇൗ വിജയം സാധ്യമായത്'-ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂനിറ്റ് പ്രസിഡൻറ് ശൈലേഷ് ചന്ദ്ര പറഞ്ഞു. ടാറ്റയുടെ കണക്കനുസരിച്ച് എസ്.യു.വി വിഭാഗത്തിൽ സഫാരിയുടെ നിലവിലെ വിപണി വിഹിതം 25.2 ശതമാനമാണ്.
മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ മുന്ന്നിര സീറ്റുള്ള വാഹനങ്ങളാണ് സഫാരിയുടെ പ്രധാന എതിരാളികൾ. ഹ്യുണ്ടായ് അൽകാസർ, എംജി ഹെക്ടർ പ്ലസ്, മഹീന്ദ്ര എക്സ് യു വി 500 എന്നിവയാണ് ഇൗ വിഭാഗത്തിൽ വരുന്നത്. 14.69 ലക്ഷമാണ് ഏറ്റവും കുറഞ്ഞ സഫാരി വകഭേദത്തിെൻറ വില. ആറ്, ഏഴ് സീറ്റുകളിൽ വാഹനം ലഭ്യമാണ്. നഗര യാത്രകൾക്കും ഹൈവേ ക്രൂസിങ്ങിനും അൽപ്പം ഓഫ്റോഡിങ്ങിനുമൊക്കെ ഇണങ്ങുന്ന രീതിയിലാണ് വാഹനം തയ്യാറാക്കിയിരിക്കുന്നത്.
ഹാരിയറിലേതുപോലെ 170 എച്ച്പിയും 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ക്രയോടെക് ടർബോ-ഡീസൽ എഞ്ചിനാണ് സഫാരിക്ക് കരുത്തുപകരുന്നത്.ഗിയർബോക്സ് ഓപ്ഷനുകളും ഹാരിയറിന് സമാനമാണ്. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുകൾ സഫാരിയിലുണ്ട്. 2741 എം.എം വീൽ ബേസ്, ഓയിസ്റ്റർ വൈറ്റ് ഇൻറീരിയർ അതോടൊപ്പമുള്ള ആഷ് വുഡ് ഫിനിഷ് ഡാഷ് ബോർഡ്, പനോരമിക് സൺ റൂഫ്, 8.8 ഇഞ്ച് ഫ്ലോട്ടിങ് ഐലൻറ് ഇൻഫോടെയ്മെൻറ് സിസ്റ്റം എന്നിവ വാഹനത്തിന്‍റെ മുഖ്യ സവിശേഷതകളാണ്. സുരക്ഷക്കും സഫാരിയിൽ വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. ഡിസ്ക് ബ്രേക്സ്, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, 14 ഫംഗ്ഷണൽ സാധ്യതകളോടെ ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം എന്നിവ ലഭ്യമാക്കിയിരിക്കുന്നു.
റോയൽ ബ്ലൂവിനൊപ്പം ഡേടോണ ഗ്രേ, ട്രോപ്പിക്കല്‍ മിസ്റ്റ് ഓർകസ് വൈറ്റ് നിറങ്ങളിലും വാഹനം ലഭ്യമാണ്. ബ്ലാക് ടിൻറഡ് ചാർക്കോൾ ഗ്രേ മെഷീൻഡ് അലോയ്, പിയാനോ ബ്ലാക് ഗ്രിൽ, റൂഫ് റെയിൽ, ബോണറ്റിൽ സഫാരി മസ്കോട്ട്, ഗ്രാബ് ഹാൻറിലുകൾ, പിയാനോ ബ്ലാക് സ്റ്റീറിങ് വീൽ തുടങ്ങിയ പ്രത്യേകതകളും ഉണ്ട്. പുതിയ സഫാരി ഒമ്പത് വേരിയന്‍റുകളിൽ ലഭ്യമാകും. എക്സ് ഇയിൽ തുടങ്ങി എക്സ് ഇസെഡ് എ പ്ലസ് വരെയാണ് വിവിധ വേരിയൻറുകൾ വരുന്നത്. ടാറ്റാ മോട്ടോർസിന്‍റെ ഇംപാക്ട് 2.0 ഡിസൈനിലുള്ള ഒഎംഇജിഎആർസി പ്ലാറ്റ്ഫോമിലാണ് പുതിയ സഫാരിയും ഒരുക്കിയിട്ടുള്ളത്. ലാൻറ് റോവറിന്‍റെ ഡി8 പ്ലാറ്റ്ഫോമിൽ നിന്ന് ഉരുത്തിരിഞ്ഞ നവീനമായ ആർക്കിടെക്ട് രീതിയാണ് ഒഎംഇജിഎആർസി. ടാറ്റ ഹാരിയറിലും ഇതേ പ്ലാറ്റ്ഫോമാണ് ഉപയോഗിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.