'വണ്ടിയൊക്കെ നല്ലതുതന്നെ, പക്ഷെ അമിതആത്മവിശ്വാസം പാടില്ല'; ഥാർ വിഡിയോ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര
text_fieldsബംഗളൂരുവിൽ വെള്ളപ്പൊക്കത്തിൽ മുങ്ങിയ റോഡിലൂടെ അനായാസം ഓടിച്ചുപോകുന്ന മഹീന്ദ്ര ഥാറിന്റെ വീഡിയോ കണ്ടതിന് പിന്നാലെ ഡ്രൈവർമാരോട് പ്രത്യേക അഭ്യർഥന നടത്തി ആനന്ദ് മഹീന്ദ്ര. തന്റെ കമ്പനിയുടെ വാഹനത്തിന് യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്നത് സന്തോഷം പകരുന്നതാണെങ്കിലും, 'അനാവശ്യമായ റിസ്ക്' എടുക്കരുതെന്ന് അദ്ദേഹം അഭ്യർഥിച്ചു. ട്വിറ്ററിലാണ് ബംഗളൂരു വെള്ളപ്പൊക്ക വാർത്ത മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ പങ്കുവച്ചത്.
'വാഹനം യാത്രക്കാരെ സുരക്ഷിതമായി എത്തിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. ഞങ്ങളുടെ കാറുകളിലുള്ള ഉപഭോക്താവിന്റെ വിശ്വാസത്തിനും നന്ദിയുണ്ട്. എന്നാൽ ആളുകൾ അനാവശ്യമായി സാഹസികത കാട്ടുന്നതിൽ ആശങ്കയുണ്ട്. അമിത ആത്മവിശ്വാസം പാടില്ല എന്ന് ഞാൻ ഉപഭോക്താക്കളോട് അഭ്യർഥിക്കുന്നു. അപകടകരമായ അവസ്ഥയിലേക്ക് ഒരിക്കിലും കാര്യങ്ങൾ എത്താൻ പാടില്ല'-ആനന്ദ് മഹീന്ദ്ര കുറിച്ചു.
മഹീന്ദ്ര ഥാർ, ബംഗളൂരു ബെല്ലന്തൂർ തടാകത്തിന് സമീപമുള്ള വെള്ളക്കെട്ടിലൂടെ സുരക്ഷിതമായി ഓടിച്ചുപോകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 625 മില്ലിമീറ്റർ വെള്ളത്തിലൂടെ സഞ്ചരിക്കാനുള്ള കഴിവുള്ള വാഹനമാണ് ഥാർ. എന്നാൽ, ശക്തമായ വെള്ളമൊഴുക്ക് കാരണം വാഹനം ഒലിച്ചുപോകുമെന്നതിനാൽ വെള്ളക്കെട്ടുള്ള റോഡിലൂടെ വാഹനമോടിക്കുന്നത് അപകടകരമാണ്. വെള്ളം കയറിയാൽ വാഹനത്തിന്റെ ഇലക്ട്രിക്കൽ സംവിധാനം തകരാറിലാകും. കൂടാതെ, വാഹനത്തിന്റെ ഇൻടേക്ക് സിസ്റ്റത്തിലേക്ക് വെള്ളം കയറുകയും ഹൈഡ്രോസ്റ്റാറ്റിക് ലോക്ക് ഉണ്ടാകുകയും എഞ്ചിൻ ബ്ലോക്കാകുകയും വാഹനം എന്നെന്നേക്കുമായി തകരാറിലാവുകയും ചെയ്യും.
സ്‌നോർക്കൽ എന്ന് വിളിക്കുന്ന ഉപകരണം ഘടിപ്പിച്ചാൽ കുറച്ചുകൂടി ആഴത്തിലുള്ള വെള്ളത്തിലൂടെ വാഹനങ്ങൾ ഓടിക്കാനാവും. വാഹനത്തിന്റെ എയർ ഇൻടേക്കിലാണ് ഉപകരണം ഘടിപ്പിച്ചിരിക്കുന്നത്. ഫോഴ്‌സ് ഗൂർഖ സ്‌നോർക്കൽ സ്റ്റാൻഡേർഡ് ആയി വരുന്ന വാഹനമാണ്. ഇതിന് ഏകദേശം 700 മില്ലിമീറ്റർ വെള്ളക്കെട്ടിലൂടെ സഞ്ചരിക്കാനുള്ള കഴിവുണ്ട്.
ബംഗളൂരു പ്രളയം
അടുത്തിടെ കനത്ത മഴയെ തുടർന്ന് ബംഗളൂരുവിൽ നിരവധി പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലായിരുന്നു. റോഡിൽ വെള്ളം കയറിയതോടെ നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. കനത്ത മഴയിൽ അപ്പാർട്ട്മെന്റുകളുടെ ബേസ്മെന്റുകളടക്കം വെള്ളത്തിനടിയിലായി. ഇകോസ്‍പേസ്, ബെല്ലാന്ദൂർ, കെ.ആർ മാർക്കറ്റ്, സിൽക്ക് ബോർഡ് ജങ്ഷൻ, വാർത്തൂർ എന്നീ മേഖലകളിൽ വെള്ളം കയറി. നിരവധി വീടുകളിലും ഐ.ടി കോറിഡോറും വെള്ളത്തിലായി.
ബംഗളൂരുവിലെ അതിസമ്പന്നർ തിങ്ങിപ്പാർക്കുന്ന വൈറ്റ്ഫീൽഡും വെള്ളത്തിനടിയിലായി. ജനവാസ മേഖലയായ ഇവിടെ കോടികൾ വിലമതിക്കുന്ന വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. ലെക്‌സസ്, ബെന്റ്‌ലി തുടങ്ങിയ ആഡംബര വാഹനങ്ങളാണ് ഇത്തരത്തിൽ മുങ്ങിപ്പോയത്. കോൺഗ്രസ് നേതാവായ രക്ഷിത് ശിവറാം പങ്കുവച്ച വീഡിയോയിൽ, വൈറ്റ്ഫീൽഡ് ഏരിയയിലെ പോഷ് റെസിഡൻഷ്യൽ പ്രദേശത്തിലൂടെ ഒരു ട്രാക്ടർ നീങ്ങുന്നത് കാണാം. ഇവിടുത്തെ ഓരോ വസ്തുവിനും കോടികളുടെ വിലയുണ്ടെന്ന് ശിവറാം പറയുന്നുണ്ട്. ലെക്‌സസ്, ബെന്റ്‌ലി തുടങ്ങിയ ആഡംബര വാഹനങ്ങ ഇവിടത്തെ വീടുകളുടെ പോർച്ചുകളിൽ വെള്ളക്കെട്ടിൽ കിടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.