'ന്നാ സാർ വണ്ടി എട്'; സുരക്ഷിത വാഹനം സ്വന്തമാക്കി സംവിധായകൻ
text_fieldsവിവാദങ്ങളും ജനപ്രിയതയും കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ സിനിമയാണ് 'ന്നാ താൻ കേസ് കൊട്'.നാലാഴ്ച്ചയായി പ്രദര്‍ശനം തുടരുന്ന കുഞ്ചാക്കോ ബോബന്‍ നായകനായ ഹിറ്റ് ചിത്രം കളക്ഷനില്‍ 50 കോടി ക്ലബ്ബിലും കയറി. ചിത്രത്തിന്റെ വിജയം ആഘോഷിച്ച് ആഡംബര എസ്.യു.വിയായ വോള്‍വോ എക്‌സ്.സി.90 സ്വന്തമാക്കിയിരിക്കുകയാണ് സിനിമയുടെ സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതുവാള്‍.
സിനിമ പോസ്റ്ററിന്റെ മാതൃകയില്‍ 'ന്നാ സാര്‍ വണ്ടി എട്' എന്നെഴുതിയ പോസ്റ്ററും ഡീലര്‍ഷിപ്പില്‍ സ്ഥാപിച്ചായിരുന്നു വാഹനം കൈമാറിയത്. പുതിയ വാഹനം സ്വന്തമാക്കുന്നതിന് വോള്‍വോയെ തിരഞ്ഞെടുത്തതില്‍ നന്ദിയും അറിയിക്കുന്നു എന്ന കുറിപ്പോടെയാണ് സംവിധായകന്‍ വാഹനം ഏറ്റുവാങ്ങുന്നതിന്റെ ചിത്രം വോള്‍വോ പങ്കുവെച്ചത്.
വോൾവോയുടെ ഏറ്റവും ആഡംബരം നിറഞ്ഞ എസ്‍യുവികളിലൊന്നാണ് എക്സ്‌സി 90. മൈൽഡ് ഹൈബ്രിഡ് പതിപ്പായ എക്സ്‌സി 90ക്ക് കരുത്തു പകരുന്നത് 2 ലീറ്റർ പെട്രോൾ എൻജിനാണ്. 300 ബിഎച്ച്പി കരുത്തുള്ള എൻജിന്റെ ടോർക്ക് 420 എന്‍എം ആണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 6.7 സെക്കൻഡ് മാത്രം വേണ്ടിവരുന്ന ഈ എസ്‌യുവിയുടെ ഉയർന്ന വേഗം മണിക്കൂറിൽ 180 കിലോമീറ്ററാണ്.
ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളില്‍ ഒന്നായ വോള്‍വോ XC90 ഡ്രൈവര്‍ ഫ്രണ്ട്‌ലി ഫീച്ചറുകളുമായാണ് എത്തിയിട്ടുള്ളത്. നാവിഗേഷന്‍ സംവിധാനവും ഇന്‍ കാര്‍ എന്റര്‍ടെയ്ന്‍മെന്റ് ആപ്ലിക്കേഷനുകളുമുള്ള 12.5 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനാണ് ഇന്റീരിയറിലെ ഹൈലൈറ്റ്. 93.90 ലക്ഷം രൂപ മുതല്‍ 96.65 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.