വാഹനത്തിൽ മോഡിഫിക്കേഷൻ ആവാം; പക്ഷെ, പരിധി വിടരുത്
text_fieldsകോഴിക്കോട്: കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാഹന പ്രേമികളുടെയും വണ്ടിഭ്രാന്തൻമാരുടെയും ഇടയിലെ പ്രധാന ചർച്ച മോട്ടോർ വാഹന വകുപ്പ് അധികൃതർ അനാവശ്യമായി പിഴ ചുമത്തുകയാണെന്നാണ്. ഇതിൻെറ ഭാഗമായി നിരവധി വിഡിയോകളും പോസ്റ്റുകളും ട്രോളുകളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുകഴിഞ്ഞു. മാത്രമല്ല, വിദേശ നാടുകളിലേത് പോലെ ഉപദ്രവകരമല്ലാത്ത രീതിയിലെ മോഡിഫിക്കേഷൻ നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ സമർപ്പിക്കാൻ ഒപ്പുശേഖരണവും നടക്കുന്നുണ്ട്.
സർക്കാറിൽ നികുതി അടച്ചാണ് മിക്ക ആക്സസറീസുകളും കടകളിലെത്തുന്നത്. ഇത് വിൽക്കാനും വാങ്ങാനും അനുമതിയുണ്ട്. എന്നാൽ, വാഹനത്തിൽ ഉപയോഗിക്കാൻ മാത്രമാവില്ല എന്നത് എവിടത്തെ നീതിയാണെന്നാണ് ഇവരുടെ ചോദ്യം. മോഡിഫിക്കേഷനുകളും അപ്ഗ്രഡേഷനുകളുമെല്ലാം നിർമാതാക്കൾ തന്നെ വാഹനങ്ങളിൽ ചെയ്തുകൊടുക്കുന്നുണ്ട്. നിയമപ്രകാരം ഇതൊന്നും തന്നെ ശിക്ഷാർഹവുമല്ല.
നിയമത്തിലെ നൂലാമാലകൾ കുറച്ച് മറ്റുള്ളവർക്ക് ശല്യമാകാത്ത മോഡിഫിക്കേഷനുകൾ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇത് േമാഡിഫിക്കേഷനല്ല, ബ്യൂട്ടിഫിക്കേഷൻ മാത്രമാണെന്ന് ഇവർ പറയുന്നു. കൂടാതെ, ഒരുപാട് പേരാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്. അവരുടെ കഞ്ഞികുടി മുട്ടിക്കുന്ന ഏർപ്പാടാണ് അധികൃതരുടേതെന്നും ആക്ഷേപം ഉയർന്നുകഴിഞ്ഞു.
സൂക്ഷിച്ചാൽ സീൻ കോണ്ട്രയാകില്ല
വാഹനങ്ങളുടെ രൂപമാറ്റം നിയമവിരുദ്ധമാണെന്ന 2019 ജനുവരിയിലെ സുപ്രീംകോടതി വിധി മോഡിഫൈഡ് വാഹനങ്ങൾക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചത്. വാഹനത്തിെൻറ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താൻ പാടില്ല എന്നാണ് നിയമം. ആകെ നിറം മാറ്റാൻ മാത്രമാണ് ഉടമക്ക് അധികാരമുള്ളത്. ഇതിന് മോേട്ടാർ വാഹനവകുപ്പിൽനിന്ന് പ്രത്യേകം അനുമതി വാങ്ങേണ്ടതുണ്ട്.
വണ്ടി വലിച്ചുനീട്ടുക, വലിപ്പം കുറക്കുക, ഉയരം വർധിപ്പിക്കുക, വീതിയേറിയ ടയർ, ഉയർന്ന അലോയ്വീലുകൾ, തീവ്രതകൂടിയ ലൈറ്റ്, കാതടപ്പിക്കുന്ന ഹോൺ എന്നിവയെല്ലാം നിയമവിരുദ്ധം തന്നെ. കൂടാതെ ബൈക്കുകളിൽ ഹാൻഡിൽ, സൈലൻസർ, ലൈറ്റുകൾ തുടങ്ങിയവ മാറ്റുന്നതും മറ്റു മോഡിഫിക്കേഷനുകളും കുറ്റകരം തന്നെയാണ്.
കഴിഞ്ഞവർഷം കേരളത്തിൽ മോഡിഫൈ ചെയ്ത ജീപ്പുകളടക്കം നിരവധി വാഹനങ്ങൾ അധികൃതർ പിടിച്ചെടുത്തിരുന്നു. ഇതിനെതിരെ വണ്ടിഭ്രാന്തൻമാരുടെ ഭാഗത്തുനിന്ന് വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. പ്രളയകാലത്ത് പല ദുരിതപ്രദേശങ്ങളിലും വെള്ളത്തിലൂടെ സഹായത്തിനായി പാഞ്ഞെത്തിയ വാഹനങ്ങളായിരുന്നു ഇവയിൽ മിക്കതും. വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനെതിരെ സേവ് മോഡിഫിക്കേഷൻ എന്ന കാമ്പയിൻ നടത്തിയാണ് ഇവർ പ്രതിരോധിച്ചത്.
സോഷ്യൽമീഡിയ വഴിയും തെരുവിലിറങ്ങിയും ന്യൂജെൻ മച്ചാൻമാർ കട്ടസപ്പോർട്ടുമായെത്തി. എന്നാൽ, അറസ്റ്റ് ചെയ്തും വാഹനങ്ങൾ പിടിച്ചെടുത്തും അധികൃതർ ഇൗ കാമ്പയിനിനെ അടിച്ചൊതുക്കി. അതിനുേശഷമാണ് ഇപ്പോൾ വീണ്ടും പുതിയ സംഭവവികാസങ്ങൾ അരങ്ങേറുന്നത്. അതേസമയം, തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചാരണം നടത്തിയവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്.
പലതും തെറ്റിദ്ധരിപ്പിക്കുന്നത്
ആക്സസറീസ് ഫിറ്റ് ചെയ്ത കാറുകൾ പരിശോധിച്ച് ഉദ്യോഗസ്ഥർ വൻ തുക പിഴ ഈടാക്കുന്നു എന്ന രീതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോ-ഓഡിയോ ക്ലിപ്പുകൾ വാസ്തവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് ജോയിൻറ് കമ്മീഷണർ രാജീവ് പുത്തലത്ത് കേരളത്തിലെ കാർ ആക്സസറീസ് വ്യാപാരികളുടെ കൂട്ടായ്മയായ കാഡ് ഫെഡ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.
നിയമാനുസൃതമായ ആക്സസറീസുകൾ വാഹനങ്ങളിൽ ഘടിപ്പിക്കുന്നതിന് തടസ്സങ്ങൾ ഒന്നുമില്ല. വാഹനങ്ങളിൽ ഘടിപ്പിക്കുന്ന സാധാരണ അലോയ് വീലുകൾ, ചെറിയ സ്റ്റിക്കറുകൾ, ഗിയർ നോബുകൾ, ഓഡിയോ സംവിധാനം തുടങ്ങിയവക്ക് പോലും വൻതുക പിഴ ഈടാക്കുന്നു എന്ന തരത്തിലെ പ്രചാരണങ്ങൾ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. വാഹനങ്ങളുടെ രൂപമാറ്റം വരുത്തി കൊണ്ടുള്ള അപകടരമായതും സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ളതുമായ വസ്തുക്കൾക്കാണ് പിഴ ഈടാക്കുന്നത്.
മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണ്. അതേസമയം, ജനങ്ങളിൽ ആശങ്കയുളവാക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് കാർ ആക്സസറീസ് ഡീലേഴ്സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ (കാഡ്ഫെഡ്) സംസ്ഥാന പ്രസിഡന്റ് എസ്. അബ്ദുൽ കരീം ആവശ്യപ്പെട്ടു.
ആശങ്ക വേണ്ട, ജാഗ്രത മതി
നിയമം നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇ-ചെലാന്‍ സംവിധാനം വന്നതോടെ പിഴയീടാക്കല്‍ കൂടുതല്‍ കാര്യക്ഷമമായെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്. വാഹനത്തിൻെറ ബോഡി ലെവലും കഴിഞ്ഞ് നിൽക്കുന്ന മോടിപിടിപ്പിച്ച അലോയ് വീലുകൾക്കാണ് പിഴ ചുമത്തുന്നത്. നാല് വീലിനും ചേര്‍ത്ത് 20,000 രൂപ പിഴ എന്ന പരാതിയിൽ കഴമ്പില്ല. മോഡിഫിക്കേഷൻ ചെയ്യുന്ന വാഹനങ്ങൾക്ക് ചുമത്തുന്ന 5000 രൂപ പിഴമാത്രമാണ് അലോയ് വീൽ നിയമവിരുദ്ധമായി ഘടിപ്പിക്കുന്നവർക്കും ചുമത്തുന്നത്.
പിന്നെ ഗിയർ നോബ്, സൺഫിലിം, സൗണ്ട് സിസ്റ്റം എന്നിവക്ക് പിഴ ചുമത്തുന്നു എന്ന പ്രചാരണം തെറ്റാണ്. ഗിയർ നോബ് ഘടിപ്പിച്ചിരിക്കുന്നത് വാഹനത്തിൻെറ സുഗമമായ പ്രവർത്തനത്തെ ബാധിക്കുന്നില്ലെങ്കിൽ സുരക്ഷാ ഭീഷണി പ്രശ്നം ഉദിക്കുന്നില്ല. അടുത്തിടെ മോഡിഫിക്കേഷനിൽ പൊതിഞ്ഞ രാക്ഷസ വണ്ടിക്ക് 40,500 രൂപ മാത്രമാണ് പിഴയിട്ടത്. വാഹനങ്ങളിലെ സൺഫിലിം ഉപയോഗത്തിന് സുപ്രീംകോടതി വിധിപ്രകാരമുള്ള 250 രൂപയാണ് പിഴയായി ചുമത്തുന്നത്.
ബൈക്കിൽ സൈലൻസർ, ഹാൻഡിലുകൾ എന്നിവകളിൽ മോഡിഫിക്കേഷന്‍ പരീക്ഷണത്തിന് ഇറങ്ങിയാലും 5000 രൂപ തന്നെ പിഴ ലഭിക്കും. ഇനി പിഴ അന്യായമായി ഈടാക്കി എന്ന പരാതികളുണ്ടെങ്കിൽ മോട്ടോർ വാഹന വകുപ്പുമായി വാഹന ഉടമകൾക്ക് നേരിട്ട് ബന്ധപ്പെടാനും അവസരമുണ്ട്. അതല്ലാതെ പൊതുജനം ആശങ്കപ്പെടേണ്ട കാര്യമില്ല. വണ്ടിയുമായി റോഡിൽ ഇറങ്ങുന്നവരെ കൊള്ളയടിക്കാനല്ല മോട്ടോർ വാഹന വകുപ്പ് ശ്രമിക്കുന്നത്. മറിച്ച് റോഡുകൾ കൂടുതൽ സുരക്ഷിതമാക്കാനാണ് ഉദ്യോഗസ്ഥരുടെ പരിശ്രമമെന്നും അധികൃതർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.