കുതിച്ചുപാഞ്ഞ ഫെരാരികൾ കൂട്ടിയിടിച്ചു, കോടികളുടെ നഷ്ടം -വീഡിയോ വൈറൽ
text_fieldsഅമേരിക്കയിലെ ഫിലാഡൽഫിയയിലാണ് സംഭവം. കുതിച്ചുപാഞ്ഞുകൊണ്ടിരുന്ന നിരവധി വാഹനങ്ങളുള്ള ഹൈവേയിൽ ഒരു അപകടം നടക്കുന്നു. മൂന്ന് വാഹനങ്ങളാണ് ഇതിൽ കൂട്ടിയിടിച്ചത്. സാധാരണ ഇങ്ങിനെ സംഭവിച്ചാൽ ചില ആയിരങ്ങളുടേയോ ലക്ഷങ്ങളുടേയോ നഷ്ടമായിരിക്കും ഉണ്ടാവുക. എന്നാലിവിടെ കോടികളാണ് ഒറ്റനിമിഷംകൊണ്ട് ഇൻഷുറൻസ് കമ്പനികൾക്ക് നഷ്ടമാവുക. കാരണം കൂട്ടിയിടിച്ചിരിക്കുന്ന ചില്ലറക്കാരല്ല. മൂന്ന് ഫെരാരികളാണ്.
സൂപ്പർ കാർ റേസ്
ഫിലാഡൽഫിയയിൽ സിഎഫ് ചാരിറ്റീസ് ആതിഥേയത്വം വഹിച്ച വാർഷിക സൂപ്പർകാർ ഷോയിലായിരുന്നു അപകടം. പരിപാടിയിൽ നൂറുകണക്കിന് സൂപ്പർ, ഹൈപ്പർ കാറുകൾ അണിനിരന്നിരുന്നു. ഒന്നിനുപിറകേ ഒന്നായി പാഞ്ഞ കാറുകൾക്കിടയിൽ മൂന്ന് ഫെരാരികൾ കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെവന്ന മക്ലാരൻ 600 എൽടിയുടെ ഡാഷ് കാമറയിലാണ് അപകട ദൃശ്യം പതിഞ്ഞത്. കറുത്ത ഫെരാരി 488 ജിടിബിയാണ് അപകടം ഉണ്ടാക്കിയത്. ഹൈവേയിലെ മധ്യനിരയിലൂടെ കുതിച്ചുപാഞ്ഞ ജിടിബി വശങ്ങളിലുണ്ടായിരുന്ന ചുവന്ന ഫെരാരി 488 പിസ്തയിൽ ഉരസി നിയന്ത്രണം വിടുകയായിരുന്നു.
ഇതിനിടെ ഫെരാരി 458 ഇറ്റാലിയയിലും ഇടിച്ചു. ഇതോടെ മൂന്ന് വാഹനങ്ങളും റോഡിൽ നിയന്ത്രണംവിട്ട് പരസ്പരം ഇടിച്ചു. അപകടം നടന്നയുടനെ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. ഫെരാരി 488 ജിടി (4.40 കോടി), ഫെരാരി 488 പിസ്ത(4കോടി), ഫെരാരി 458 ഇറ്റാലിയ(4.80 കോടി) എന്നിങ്ങനെയാണ് അപകടത്തിൽപെട്ട വാഹനങ്ങളുടെ വില. പൂർണമായും തകർന്നില്ലെങ്കിലും കാര്യമായ അറ്റകുറ്റപ്പണികൾക്ക് ഇവയെ വിധേയമാക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.