കയ്യിൽ പണമുണ്ടോ? ഇനി വീട്ടിലിരുന്ന് ഫോർമുല വൺ കാർ ഓടിക്കാം
text_fieldsഫോർമുല വൺ കാർ ഒാടിക്കുക എന്നത് ഏതൊരു വാഹന പ്രേമിയുടേയും ആഗ്രഹങ്ങളിൽ ഒന്നായിരിക്കും. എന്നാലതത്ര എളുപ്പമല്ല. കാരണം വിപണിയിൽ ഫോർമുല വൺ കാറുകൾ ലഭ്യമല്ല. ഇതൊരു റോഡ് കാറല്ല എന്നത് മറ്റൊരു കാരണമാണ്. ട്രാക്കുകൾക്ക് വേണ്ടി മാത്രം ഉള്ളതാണ് ഫോർമുല വൺ കാറുകൾ. എന്നാൽ കയ്യിൽ ആവശ്യത്തിന് പണമുണ്ടെങ്കിൽ ഫോർമുല വൺ കാർ വീട്ടിലിരുന്ന് ഓടിക്കാനാവും. ഇതിനായി ലക്ഷങ്ങൾ മുടക്കേണ്ടിവരുമെന്നുമാത്രം.
പറഞ്ഞുവരുന്നത് സിമുലേറ്ററുകളെക്കുറിച്ചാണ്. ഗ്രാഫിക്സും യന്ത്ര സംവിധാനങ്ങളും ഉപയോഗിച്ച് യഥാർഥമെന്നപോലെ ഡ്രൈവിങ് സാഹചര്യങ്ങൾ ഒരുക്കുകയാണ് സിമുലേറ്റർ ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും കൃത്യതയുള്ള സിമുലേറ്റർ വികസിപ്പിച്ചിരിക്കുകയാണ് യുകെ ആസ്ഥാനമായുള്ള ആക്‌സിം ഫോർമുല എന്ന കമ്പനി. ആക്‌സിം ഫോർമുല സിമുലേറ്ററുകളുടെ വിവിധ വേരിയന്റുകളുടെ വില 39,900 പൗണ്ടിൽ (ഏകദേശം 40 ലക്ഷം രൂപ) ആരംഭിക്കുമ്പോൾ, ഏറ്റവും ഉയർന്ന ഫുൾ-മോഷൻ + ജി-ഫോഴ്‌സിന് 99,900 പൗണ്ട് (ഒരു കോടിയിലധികം രൂപ) വിലവരും.
ഫുൾ-മോഷൻ + ജി-ഫോഴ്‌സ് ഫോർമുല സിമുലേറ്ററിലെ സീറ്റുകൾ, അതുല്യമായ ന്യൂമാറ്റിക് പ്രഷർ മൊഡ്യൂളുകളുമായാണ് വരുന്നത്. വത്‍വ് തിരിയുമ്പോഴും ബ്രേക്ക് ചെയ്യുമ്പോഴും ത്വരിതപ്പെടുത്തുമ്പോഴും അനുഭവപ്പെടുന്ന ജി-ഫോഴ്‌സുകളെ അനുകരിക്കാൻ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന ഒന്നിലധികം എയർബാഗുകൾ വാഹനത്തിലുണ്ട്. ജിപിഎക്‌സ് സ്റ്റിയറിങ് വീലിൽ ഫുൾ കളർ എൽസിഡി ഡിസ്‌പ്ലേയും ലഭിക്കും. ഹൈഡ്രോളിക് ബ്രേക്ക് പെഡലുകൾ സിഎൻസി മെഷീൻ അലൂമിനിയത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.
ഉയർന്ന നിലവാരമുള്ള ഓഡിയോയും സിമുലേറ്ററിലുണ്ട്. 5 എംഎം ഹൈ ഫ്രീക്വൻസി ട്വീറ്ററും 165 എംഎം ലോ ഫ്രീക്വൻസി വൂഫറും ഉള്ള ഡ്യുവൽ കെഇഎഫ് അൾട്രാ-ഹൈ-പെർഫോമൻസ് ലൗഡ്‌സ്പീക്കറുകൾ സിമുലേറ്ററിൽ സജ്ജീകരിച്ചിട്ടുണ്ട്. സാംസങ് 65-ഇഞ്ച് 4K അൾട്രാ എച്ച്ഡി ഡിസ്പ്ലേയാണ് സിമുലേറ്റിലുള്ളത്. 98 ഇഞ്ച് വരെയുള്ള സക്രീനും തിരഞ്ഞെടുക്കാം.
ചുവപ്പ്, നീല, കറുപ്പ്, മഞ്ഞ, പിങ്ക് എന്നിവ ഉൾപ്പെടുന്ന ഒന്നിലധികം വർണ്ണ ഓപ്ഷനുകളിൽ ഫോർമുല സിമുലേറ്റർ തിരഞ്ഞെടുക്കാൻ ഭാവി ഉപഭോക്താക്കളെ ആക്‌സിം അനുവദിക്കുന്നു.
നാസ്‌കാർ, വേൾഡ് റാലി ചാമ്പ്യൻഷിപ്പ് തുടങ്ങിയ മറ്റ് മോട്ടോർസ്‌പോർട്‌സ് ഇവന്റുകളിലുള്ളവർക്കൊപ്പം എഫ്1, എഫ്2 റേസർമാർ ഡ്രൈവിങ് പരിശീലിക്കുന്നത് സിമുലേറ്ററുകൾവഴിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.