40 വർഷമായി ഓടിക്കുന്നത് ഒരേ കാറും സ്കൂട്ടറും; ദയാനന്ദന്റെ വേറിട്ട വാഹന ലോകം
text_fieldsപുതിയ വാഹനങ്ങൾ സ്വന്തമാക്കുക എന്നത് ഏതൊരാളുടേയും സ്വപ്നമാണ്. അതുപോലെതന്നെ ക്ലാസിക് അല്ലെങ്കിൽ വിന്റേജ് കാറുകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളും ഉണ്ട്. എന്നാൽ അവരിൽ പലരും ഒരു കൗതുകത്തിനുവേണ്ടി മാത്രമാകും വാഹനങ്ങൾ സ്വന്തമാക്കുക. ഇത്തരം വാഹനങ്ങൾ പലപ്പോഴും ഗ്യാരേജിൽ സൂക്ഷിക്കുകയാണ് പതിവ്. ഇയിൽനിെന്നല്ലാം വ്യത്യസ്തമാണ് ദയാനന്ദന്റെ വാഹനങ്ങൾ. 40 വർഷമായി ഒരേ കാറും സ്‌കൂട്ടറും ഓടിക്കുന്നയാളാണ് ദയാനന്ദൻ. പ്രശസ്ത ഓട്ടോ ജേർണലിസ്റ്റായ ബൈജു എൻ നായരാണ് തന്റെ യൂ ട്യൂബ് ചാനലിലൂടെ ദയാനന്ദനെ പരിചയപ്പെടുത്തിയിരിക്കുന്നത്.
ബജാജ് സൂപ്പർ സ്കൂട്ടറും പ്രീമിയർ പദ്മിനിയുമാണ് ദയാനന്ദന് സ്വന്തമായുള്ളത്. താനൊരു കേന്ദ്രസർക്കാർ ജീവനക്കാരനായിരുന്നെന്ന് അദ്ദേഹം പറയുന്നു. ജോലിയുടെ ഭാഗമായി ഡൽഹിയിലും മറ്റ് പല ഇന്ത്യൻ സംസ്ഥാനങ്ങളിലും അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. ഒരിക്കൽ ഭൂട്ടാനിലും അദ്ദേഹത്തെ നിയമിച്ചിരുന്നു. ജോലി ചെയ്തിരുന്ന കാലത്ത് ഉപയോഗിക്കാന് ഔദ്യോഗിക വാഹനങ്ങളുണ്ടായിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോൾ സ്വന്തം ആവശ്യത്തിന് ഒരു കാര് വാങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചുതുടങ്ങി. അക്കാലത്ത് ഹിന്ദുസ്ഥാൻ അംബാസഡർ, പ്രീമിയർ പദ്മിനി തുടങ്ങിയ കാറുകൾ മാത്രമാണ് വിപണിയിൽ ലഭ്യമായിരുന്നത്. ഒടുവിൽ പ്രീമിയർ പദ്മിനി വാങ്ങാൻ തീരുമാനിക്കുകയായിരുന്നു.
ഇന്ത്യയ്‌ക്കകത്ത് ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലെല്ലാം കാർ കൊണ്ടുപോയിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ റജിസ്‌റ്റർ ചെയ്‌ത കാർ, റിട്ടയർ ചെയ്‌ത് കേരളത്തിൽ തിരിച്ചെത്തിയപ്പോൾ ഇവിടത്തെ ആർ.ടി.ഒയിലേക്ക് കാർ മാറ്റി. 40 വർഷമായി പ്രീമിയർ പദ്മിനി അദ്ദേഹത്തോടൊപ്പമുണ്ട്. ഈ സമയത്ത് അദ്ദേഹം മറ്റൊരു കാറും ഓടിച്ചിട്ടിെല്ലന്നും ദയാനന്ദൻ പറയുന്നു. കാറിൽ ഒരുപാട് മോഡേൺ ഫീച്ചറുകൾ ഇഷ്ടപ്പെടുന്ന ആളല്ല താനെന്നും സീറ്റ് കവറുകൾ മാറ്റിയതൊഴിച്ചാൽ കാറിനുള്ളിലെ മറ്റെല്ലാം ഫാക്ടറി ഫിറ്റിങ് ആണെന്നും അദ്ദേഹം പറഞ്ഞു.
കാർ കേരളത്തിൽകൊണ്ടുവന്നശേഷം ഗ്രീൻ, വൈറ്റ് ഡ്യുവൽ ടോൺ ഷേഡിൽ കാർ പൂർണ്ണമായും പെയിന്റ് ചെയ്തു. എ.സി പോലുള്ള പല ഫീച്ചറുകളും കാറിൽ ഇല്ലെങ്കിലും ദയാനന്ദൻ കാറിൽ സന്തുഷ്ടനാണ്. ഇപ്പോഴും നഗരത്തിൽ ഉൾപ്പടെ വാഹനം ഓടിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. കാറുപോലെതന്നെ സ്കൂട്ടറിലേക്ക് വരുമ്പോഴും വ്യത്യസ്തനാണ് ദയാന്ദൻ. ബജാജിന്റെ ചേതക്കിന് മുമ്പുള്ള മോഡലായിരുന്ന സൂപ്പർ സ്കൂട്ടറാണ് അദ്ദേഹം ഉപയോഗിക്കുന്നത്.
ഭൂട്ടാനിൽ പോസ്‌റ്റ് ചെയ്‌തപ്പോഴാണ് സ്കൂട്ടർ വാങ്ങിയത്. അസമിലേക്ക് ട്രാൻസ്ഫർ കിട്ടിയപ്പോൾ സ്കൂട്ടർ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ഭൂട്ടാനിൽ നിന്ന് അസമിലേക്കും പിന്നീട് ഡൽഹിയിലേക്കും ഒടുവിൽ കേരളത്തിലേക്കും സ്കൂട്ടറിന്റെ രജിസ്ട്രേഷൻ മാറി. ഏകദേശം 35 വർഷമായി സ്കൂട്ടർ അദ്ദേഹത്തോടൊപ്പമുണ്ട്. സ്‌കൂട്ടറും കാറും സ്ഥിരമായി ഉപയോഗിക്കുന്ന ദയാനന്ദനോട് കാർ വിൽക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ച് നിരവധിപേർ സമീപിച്ചിരുന്നെങ്കിലും താൽപ്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.