പഞ്ചിന് പോന്ന എതിരാളി; ഇത് ടൊയോട്ട എയ്‌ഗോ എക്സ്
text_fieldsടൊയോട്ട എന്താ ഇങ്ങിനെ എന്ന് ഇന്ത്യക്കാർ ചോദിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. രാജ്യത്ത് കമ്പനിക്ക് ആകെയുള്ളത് മൂന്നോ നാലോ മോഡലുകൾ. അതിൽ പകുതിയും മാരുതിയിൽ നിന്ന് കടംവാങ്ങിയവ. അന്താരാഷ്ട്ര വിപണിയിലാകട്ടെ ടൊയോട്ട മോഡലുകളുടെ ചാകരയാണ്. അതിലൊന്നുപോലും ഇന്ത്യയിൽ എത്തിക്കാൻ കമ്പനി തയ്യാറായിട്ടുമില്ല. കഴിഞ്ഞ ദിവസം പുതിയൊരു സബ് കോമ്പാക്ട് എസ്.യു.വികൂടി ടൊയോട്ട ആഗോളവിപണിയിൽ അവതരിപ്പിച്ചു. ടാറ്റ അടുത്തിടെ അവതരിപ്പിച്ച പഞ്ചിന്‍റെ എതിരാളിയാകാൻ പറ്റിയ വാഹനത്തിന്‍റെ പേര് എയ്‌ഗോ എക്സ് എന്നാണ്.
എസ്‌യുവി സ്‌റ്റൈലിങ്ങോടുകൂടിയ അർബൻ സബ് കോംപാക്റ്റ് ക്രോസ്ഓവറാണ് എയ്‌ഗോ. 1.0 ലിറ്റർ ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വാഹനത്തിലുള്ളത്. ടൊയോട്ട യാരിസും, യാരിസ് ക്രോസും അടിസ്ഥാനമാക്കിയ ടൊയോട്ട ന്യൂ ഗ്ലോബൽ ആർക്കിടെക്ചറിൽ നിന്ന് രൂപപ്പെടുത്തിയ ജി.എ.ബി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ടൊയോട്ട എയ്‌ഗോ എക്സ് നിർമിച്ചിരിക്കുന്നത്. 3,700 mm നീളവും 1,740 mm വീതിയും 1,510 mm ഉയരവും വാഹനത്തിനുണ്ട്. ടാറ്റ പഞ്ചിന് എയ്‌ഗോ എക്സിനെ അപേക്ഷിച്ച് നീളവും വീതിയുമെല്ലാം കൂടുതലാണ്.
നിരവധി നിറങ്ങളുടെ സങ്കലനം വാഹനത്തിന് പുറത്ത് കാണാനാകും. സി പില്ലറിന് കറുപ്പ് നിറവും മറ്റിടങ്ങളിൽ ചുവപ്പ്, നീല, പച്ച, ബീജ് എന്നിവയും നൽകിയിട്ടുണ്ട്. വലിയ ഫ്രണ്ട് ഗ്രില്ലും ഫോഗ് ലാമ്പുകളും ഹെഡ്‌ലൈറ്റും എൽഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുകളും വാഹനത്തിന് ലഭിക്കും. വാഹനത്തിന്‍റെ സ്‌പോർട്ടി സ്വഭാവം വർധിപ്പിക്കുന്ന 18 ഇഞ്ച് വീലുകളിലും ആകർഷകമാണ്.
മൾട്ടിഫങ്ഷൻ സ്റ്റിയറിങ് വീലോടെയാണ് എയ്‌ഗോ എക്‌സിന്റെ ഇന്റീരിയർ വരുന്നത്. ഒമ്പത് ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് കണക്ഷൻ തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. 231 ലിറ്ററാണ് ബൂട്ട് സ്പേസ്. 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എൻജിനാണ് ടൊയോട്ട എയ്‌ഗോ എക്‌സിന് കരുത്തേകുന്നത്. പരമാവധി 72 എച്ച്പി കരുത്തും 205 എൻഎം വരെ ടോർക്കും എഞ്ചിൻ സൃഷ്ടിക്കും. ഗിയർബോക്സ് സിവിടിയാണ്. വാഹനം ഏതൊക്കെ വിപണിയിൽ എത്തിക്കുമെന്ന് ടൊയോട്ട ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.