ടിയാഗോ മുതൽ സെലേറിയോ വരെ; ഓട്ടോമാറ്റികിലെ മൈലേജ് രാജാക്കന്മാർ ഇവരാണ്
text_fieldsഇന്ധന വില പൊറുതിമുട്ടിക്കുന്ന രാജ്യത്ത് ചെറുതെങ്കിലും ആശ്വാസമാകുന്നത് നല്ല ഇന്ധനക്ഷമതയുള്ള കാറുകളാണ്. അതിൽതന്നെ ഓട്ടോമാറ്റിക് വാഹനം ആണെങ്കിൽ കൂടുതൽ നല്ലത്. രാജ്യത്തിപ്പോൾ മാനുവൽ കാറുകളെ അപേക്ഷിച്ച് ഓട്ടോമാറ്റിക് വാഹനങ്ങളുടെ വിൽപ്പന കൂടുകയാണ്. ഓട്ടോമാറ്റിക്കിൽ തന്നെ അനേകം ട്രാൻസ്‌മിഷൻ ഓപ്ഷനുകൾ ഇന്ന് നിലവിലുണ്ട്. എ.എം.ടി, സിവിടി, ടോർക്ക് കൺവേർട്ടർ എന്നിവയാണ് അതിൽ ചിലത്.
ഇതിൽ ഏറ്റവും ചെലവുകുറഞ്ഞ സാങ്കേതികവിദ്യയാണ് എ.എം.ടി. ഈ ട്രാൻസ്‌മിഷന് ആദ്യം രൂപംകൊടുത്തത് മാരുതി സുസുകിയാണ്. സെലേറിയോ ആയിരുന്നു രാജ്യത്തെ ആദ്യ എ.എം.ടി വാഹനം.ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷൻ (AMT) എന്നതാണ് എ.എം.ടി. ചെറിയ വിലയ്ക്ക് എ.എം.ടി മോഡലുകള്‍ വിപണിയില്‍ ഇപ്പോൾ ലഭ്യമാണ്.
എന്താണീ എ.എം.ടി
എ.എം.ടിയെന്നാല്‍ ഓട്ടോമാറ്റിക്കാണെന്ന ധാരണ പലര്‍ക്കുമുണ്ട്. ക്ലച്ച് പെഡൽ ഇല്ലാതെ അടിസ്ഥാനപരമായി സ്വന്തമായി ഗിയർ മാറുന്ന ഒരു മാനുവൽ കാറാണ് എ.എം.ടി മോഡലുകൾ. മാനുവല്‍ കാറുകളുടെ ഗിയര്‍ബോക്‌സ് സംവിധാനമാണ് എ.എം.ടിയിലും പ്രവർത്തിക്കുന്നത്. എന്നാല്‍ ക്ലച്ചിന്റെയും ഗിയറിന്റെ പ്രവര്‍ത്തനം ഓട്ടോമാറ്റിക്കായിരിക്കുമെന്ന് മാത്രം. ക്ലച്ചിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത് ചില സെൻസറുകളുടെ സഹായത്തോടെ ട്രാൻസ്മിഷൻ കൺട്രോൾ യൂനിറ്റ് എന്ന ഇലക്ട്രോണിക് സംവിധാനമാണ്.
സാേങ്കതികമായി ഉയർന്നതല്ലാത്തതുകൊണ്ട് എ.എം.ടി ഓടിക്കുമ്പോൾ മറ്റ് ഓട്ടോമാറ്റിക്കുകളുടെ അത്ര സ്മൂത്നെസ്സ് ലഭിക്കില്ല.ഗിയർമാറ്റം സാവധാനത്തിലായിരിക്കും എന്നതാണ് എ.എം.ടികളിലെ പ്രധാന പ്രശ്നം.എന്നാൽ മികച്ച മൈലേജും വിലക്കുറവും ഈ ഗിയർബോക്സ് ഉള്ള വാഹനങ്ങളുടെ പ്രത്യേകതകളാണ്. നമ്മുക്ക് അത്തരം ചില ബെസ്റ്റ് സെല്ലർ മൈലേജ് കാറുകളെ പരിചയെപ്പടാം.
ടാറ്റ ടിയാഗോ
ഇന്ത്യയിലെ ഏറ്റവും മികച്ച എ.എം.ടി കാറുകളിൽ ഒന്നാണ് ടാറ്റ ടിയാഗോ എക്സ്.ടി.എ വേരിയന്റ്. 84.82 bhp കരുത്തിൽ 113 Nm ടോർക് വരെ ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ 3-സിലിണ്ടർ റെവോട്രോൺ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്.19 കിലോമീറ്റർ ആണ് ടിയാഗോ എ.എം.ടിയുടെ ഇന്ധനക്ഷമത. 6.93 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ടാറ്റ ടിയാഗോ എക്സ്.ടി.എ വേരിയന്റ് വിലയുടെ കാര്യത്തിലും പോക്കറ്റിൽ ഒതുങ്ങുന്ന വാഹനമാണ്.
റെനോ ക്വിഡ്
റെനോയുടെ എൻട്രി ലെവൽ ഹാച്ച്ബാക്കാണ് ക്വിഡ്. എ.എം.ടി ട്രാൻസ്‌മിഷൻ ഓപ്ഷനോടെ ഇന്ത്യയിൽ ലഭിക്കുന്ന വിലകുറഞ്ഞ വാഹനങ്ങളിൽ ഒന്നാണിത്. 6.12 ലക്ഷം രൂപ വിലയുള്ള മോഡലിന്റെ 1.0 RXT ഈസി ആർ വേരിയന്റിലാണ് ഈ ട്രാൻസ്മിഷൻ ലഭ്യമാവുക. 67.06 bhp പവറിൽ ഏതാണ്ട് 91 Nm ടോർക് വികസിപ്പിക്കുന്ന 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ക്വിഡിന് തുടിപ്പേകുന്നത്. 5-സ്പീഡ് എ.എം.ടിയുമായി ജോടിയാക്കിയ ഈ വാഹനം 22.3 കിലോമീറ്ററിന്റെ ഇന്ധനക്ഷമത നൽകും.
മാരുതി വാഗൺആർ
അടുത്തതായി ഈ കാറ്റഗറിയിൽ വരുന്ന മൂന്ന് കാറുകളും മാരുതിയുടേതാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫാമിലി കാറുകളിൽ ഒന്നായ വാഗൺ ആർ ആണ് അതിൽ ഒന്നാമത്തേത്. വാഗൺആറിന്റെ VXi എ.ജി.എസ് വേരിയന്റാണ് എ.എം.ടി ഗിയർബോക്‌സുള്ള കാർ. എ.എം.ടി ഓപ്ഷനെ മാരുതി പൊതുവേ എജിഎസ് എന്നാണ് വിശേഷിപ്പിക്കാറ്. വാഗൺആറിന്റെ ഈ മോഡലിന് 6.54 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്. 65.70 bhp പവറിൽ 89 Nm ടോർക് നൽകുന്ന 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. 5-സ്പീഡ് എ.എം.ടി യൂണിറ്റാണിതിൽ വരുന്നത്. 25.19 കിലോമീറ്റർ ഇന്ധനക്ഷമതയാണ് വാഗണറിന് ലഭിക്കുക.
എസ്-പ്രെസോ
നിലവിൽ ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷൻ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ കാറാണ് മാരുതി സുസുകി എസ്-പ്രെസോ. മോഡലിന്റെ VXi Opt AGS വേരിയന്റാണ് ബജറ്റ് ഫ്രണ്ട്ലിയായ എ.എം.ടി കാറുകളിൽ ഒന്നാമൻ. 5.76 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ്ഷോറൂം വില വരുന്നത്. വാഗൺആറിലും സെലേറിയോയിലും കാണുന്ന അതേ എഞ്ചിൻ 25.30 കിലോമീറ്റർ വരെ ഇന്ധനക്ഷമത നൽകും.
സെലേറിയോ
എ.എം.ടി ഗിയർബോക്‌സ് ഇന്ത്യയിൽ ആദ്യമായി ലഭിച്ച കാറാണിത്. രാജ്യത്ത് ഏറ്റവും കൂടുതൽ മൈലേജ് വാഗ്‌ദാനം ചെയ്യുന്ന വാഹനവും സെലേറിയോ ആണ്. 6.38 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ഹാച്ച്ബാക്കിന്റെ VXi AGS വേരിയന്റ് ഇന്ത്യൻ വിപണിയിലെ ഏറ്റവും വിലകുറഞ്ഞ എ.എം.ടി കാറുകളിൽ ഒന്നാണ്. 65.70 bhp കരുത്തിൽ പരമാവധി 89 Nm ടോർക് വരെ ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് സെലേറിയോയുടെ ഹൃദയം. 5-സ്പീഡ് എ.എം.ടിയുമായി ജോടിയാക്കിയ വാഹനം ലിറ്ററിന് 26 കിലോമീറ്ററാണ് അവകാശപ്പെടുന്ന മൈലേജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.