ടൊയോട്ടയുടെ ആദ്യ ഇലക്ട്രിക് വാഹനം അവതരിപ്പിച്ചു ; റേഞ്ചിലും കരുത്തിലും വിപ്ലവം
text_fieldsപുതിയ യുഗപ്പിറവിക്ക് തുടക്കമിട്ട് ടൊയോട്ട തങ്ങളുടെ ആദ്യ വൈദ്യുത വാഹനം അവതരിപ്പിച്ചു. ക്രോസോവർ വാഹനമാണ് ആഗോളവിപണിക്കായി പുറത്തിറക്കിയിരിക്കുന്നത്. ബി.ഇസഡ് അഥവാ 'ബിയോണ്ട് സീറോ' എന്ന് വിളിക്കുന്ന സീരീസിലാവും ടൊയോട്ടയുടെ ഇ.വികൾ പുറത്തിറങ്ങുക. കാർബൺ ന്യൂട്രാലിറ്റിയോടുള്ള കമ്പനിയുടെ സമീപനത്തെ പ്രതിഫലിപ്പിക്കുന്നതാണ് ബിയോണ്ട് സീറോ അഥവാ പൂജ്യത്തിനും അപ്പുറം എന്ന കൺസപ്ട്. ബി.ഇസഡ് 4 എക്സ് എന്നാണ് വാഹനത്തിന് പേരിട്ടിരിക്കുന്നത്. 2025ഓടെ തങ്ങളുടെ പുതിയ വാഹന വിൽപ്പനയുടെ 40 ശതമാനവും 2035 ഓടെ 70 ശതമാനവും വൈദ്യുതീകരിക്കുക എന്നതാണ് ലക്ഷ്യമെന്ന് ടൊയോട്ട നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സുബാരു കോർപ്പറേഷനുമായി സഹകരിച്ചാണ് പുതിയ ബി.ഇസഡ് 4 എക്സ് ഇ.വി പ്ലാറ്റ്‌ഫോം വികസിപ്പിച്ചത്. 71.4kWh ബാറ്ററി പാക്കാണ് വാഹനതിന് കരുത്തുപകരുന്നത്. ബാറ്ററിയുടെ പ്ലെയ്‌സ്‌മെന്റ് ഷാസിയുടെ ബലവും ഇന്റീരിയർ സ്‌പെയ്‌സും പരമാവധി വർധിപ്പിക്കുകയും വാഹനത്തിന്റെ റോഡ് പിടുത്തം കൂട്ടുകയും ചെയ്യും.
ഫ്രണ്ട്-വീൽ, ഓൾ-വീൽ ഡ്രൈവ് വേരിയന്റുകളിൽ ബി.ഇസഡ് 4 എക്സ് ലഭ്യമാണ്. ഫ്രണ്ട്-വീൽ ഡ്രൈവ് പതിപ്പിന് 500 കിലോമീറ്ററും ഓൾ-വീൽ ഡ്രൈവ് പതിപ്പിന് ഏകദേശം 460 കിലോമീറ്ററും റേഞ്ചാണ് ടൊയോട്ട അവകാശപ്പെടുന്നത്. രണ്ടുതരം മോട്ടോറുകളിൽ വാഹനം ലഭ്യമാണ്. 201 ബിഎച്ച്‌പിയും 265 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 150 കിലോവാട്ട് മോട്ടോറാണ് ആദ്യത്തേത്. രണ്ടാമത്തേതിൽ ഓരോ ആക്‌സിലിലും 80 കിലോവാട്ട് മോട്ടോർ ഉണ്ട്. അതിന് 215 ബിഎച്ച്പിയും 336 എൻഎം ടോർക്കും പുറപ്പെടുവിക്കാൻ കഴിയും.
ബി.ഇസഡ് 4 എക്സ് ഡി.സി ഫാസ്റ്റ് ചാർജിങ് വേഗത 150 kW ആയി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും 30 മിനിറ്റിൽ 80 ശതമാനം ചാർജ് ചെയ്യാൻ കഴിയുമെന്നും ടൊയോട്ട അറിയിച്ചു. വീട്ടിലിരുന്ന് ചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉടമകൾക്ക് അതിന്റെ 11 kW എസി ചാർജർ ഉപയോഗിക്കാം. ഈ വർഷം ആദ്യം വെളിപ്പെടുത്തിയ കൺസെപ്റ്റ് പതിപ്പിൽ നിന്ന് വ്യത്യസ്തമാണ് ബി.ഇസഡ് 4 എക്സിന്റെ ബാഹ്യ രൂപകൽപ്പന. എസ്‌യുവിയിൽ സ്ലീക്ക് ഡിആർഎല്ലുകളും ബ്ലാക്ക്ഡ്-ഔട്ട് ഗ്രിൽ വിഭാഗവുമുണ്ട്. വീൽ ആർച്ചുകളിൽ 20 ഇഞ്ച് അലോയ് വീലുകൾ നിറഞ്ഞിരിക്കുന്നു. കറുത്ത ഫിനിഷുകൾ അവിടവിടെയായുണ്ട്. ടെയിൽലാമ്പുകൾ ലൈറ്റ്‌ബാർ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു.
അകത്തളം വിശാലമാണ്. ഉപഭോക്താക്കൾക്ക് ചിറകിന്റെ ആകൃതിയിലുള്ള സ്റ്റിയറിംഗ് വീലോ പരമ്പരാഗതമായതോ തിരഞ്ഞെടുക്കാം. വൺ-മോഷൻ ഗ്രിപ്പ് എന്ന് കമ്പനി വിളിക്കുന്ന സ്റ്റിയർ-ബൈ-വയർ സിസ്റ്റം പുതിയ 'വിങ് ഷേപ്പ്' സ്റ്റിയറിങ് ഉപയോഗിക്കുന്നു. ഡ്രൈവർമാർക്ക് കൂടുതൽ ലെഗ്‌റൂം, മെച്ചപ്പെട്ട ഡ്രൈവിങ് പൊസിഷൻ നൽകുമെന്ന് ടൊയോട്ട അവകാശപ്പെടുന്നു. അപ്‌ഡേറ്റുകൾ അനുവദിക്കുന്ന 7 ഇഞ്ച് ടി.എഫ്.ടി ഡിസ്‌പ്ലേയിൽ ഡ്രൈവർ ഇൻസ്‌ട്രുമെന്റേഷൻ അടങ്ങിയിരിക്കുന്നു. കൂടാതെ ടച്ച് സെൻസിറ്റീവ് നിയന്ത്രണങ്ങളും ഫീച്ചർ ചെയ്യുന്നുണ്ട്.
പുതിയ ഇലക്ട്രിക് എസ്‌യുവി 2022 മധ്യത്തോടെ ജപ്പാനിൽ ആദ്യമായി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ മോഡൽ എപ്പോൾ എത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.