90 വർഷത്തെ കുത്തകക്ക് വിരാമം; അമേരിക്കയിൽ ടൊയോട്ടയുടെ പടയോട്ടം
text_fieldsജനറൽ മോട്ടോഴ്സിന്റെ അമേരിക്കയിലെ കുത്തക കച്ചവടം തകർത്ത് ജാപ്പനീസ് വാഹന ഭീമൻ ടൊയോട്ട. ജി.എമ്മിന്‍റെ 90 വർഷത്തെ ആധിപത്യമാണ് 2021ൽ അവസാനിച്ചത്. കഴിഞ്ഞ വർഷത്തെ വിൽപ്പന കണക്കുകൾ പുറത്തുവന്നപ്പോൾ അമേരിക്കയിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ വിറ്റഴിച്ച കമ്പനിയെന്ന പദവി ടൊയോട്ടക്ക് സ്വന്തമായി. 2021ൽ യുഎസ് വിപണിയിൽ 2.3 ദശലക്ഷത്തിലധികം വാഹനങ്ങൾ ടൊയോട്ട വിറ്റു. മുൻ വർഷത്തേക്കാൾ 10 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. 1931 മുതൽ സ്വന്തം രാജ്യത്ത് ഒന്നാം സ്ഥാനം നിലനിർത്തുന്ന ജിഎമ്മിനേക്കാൾ 1,00,000 വാഹനങ്ങൾ കൂടുതലാണിത്.
യു.എസിൽ ടൊയോട്ടയുടെ വിൽപ്പന പ്രതിവർഷം 10 ശതമാനമാണ് വർധിച്ചിരിക്കുന്നത്. ടൊയോട്ടയുടെ വിജയത്തിന് നേതൃത്വം നൽകിയ മോഡൽ കൊറോളയാണ്. കൊറോളയുടെ വിൽപ്പന 5 ശതമാനം വർധിച്ചു. കാമ്രി, ആർ.എ.വി 4 എന്നിവരായിരുന്നു മറ്റ് ബെസ്റ്റ് സെല്ലർ വാഹനങ്ങൾ. അവസാനപാദ വിൽപ്പനയിൽ 43 ശതമാനം ഇടിവുണ്ടായതാണ് ജി.എമ്മിന് വിനയായത്. ഇതേതുടർന്ന് GM വാഹനങ്ങളുടെ വിൽപ്പന 13 ശതമാനം ഇടിഞ്ഞ് 2.2 ദശലക്ഷമായി. ചിപ്പ് ക്ഷാമവും സപ്ലൈ ചെയിൻ പ്രതിസന്ധിയുമാണ് ജി.എമ്മിന് തിരിച്ചടിയായത്.
മികച്ച സപ്ലൈ ചെയിൻ മുന്നൊരുക്കമാണ് ടൊയോട്ടയുടെ വിജയത്തിന് കാരണം.വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങൾ പരിഹരിച്ചുകഴിഞ്ഞാൽ അമേരിക്കയിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നത് ബുദ്ധിമുട്ടാണെന്നും എതിരാളികൾ നിലം വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ടൊയോട്ട പറയുന്നു. 'നമ്പർ വൺ ആകുന്നത് ഒരിക്കലും മുൻഗണനയിൽപ്പെടുന്നില്ല. അതല്ല ഞങ്ങളുടെ ലക്ഷ്യം'-ടൊയോട്ടയുടെ യുഎസ് സെയിൽസ് ഡിവിഷന്റെ സീനിയർ വൈസ് പ്രസിഡന്റ് ജാക്ക് ഹോളിസ് പറഞ്ഞു.
ഇന്ത്യൻ പദ്ധതികൾ
ഇന്ത്യൻ വിപണിയിൽ വിലവർധനക്ക് ഒരുങ്ങുകയാണ് ടൊയോട്ട. 2022ൽ ടൊയോട്ട അതിന്റെ മോഡൽ ലൈനപ്പിലുടനീളം വില വർധിപ്പിച്ചിട്ടുണ്ട്. ഫെയിസ്ലിഫ്റ്റ് കാമ്രിയും ഹൈലക്‌സ് പിക്ക്-അപ്പും പുതുതായി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലുമാണവർ. അപ്‌ഡേറ്റ് ചെയ്‌ത കാമ്രിയുടെ ടീസർ ടൊയോട്ട അടുത്തിടെ പുറത്തിറക്കിയിരുന്നു. ഹൈലക്സിന്‍റെ ബുക്കിങ് സ്വീകരിക്കാനും തുടങ്ങിയിട്ടുണ്ട്. അർബൻ ക്രൂസറിന്റെയും ഗ്ലാൻസയുടെയും അപ്‌ഡേറ്റ് ചെയ്ത പതിപ്പുകളും ഉടൻ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.