യാത്രകൾ രാജകീയമാക്കാൻ ഇന്നോവ ഹൈക്രോസ്; ഉടമകളെ കാത്തിരിക്കുന്നത് ഫൈവ് സ്റ്റാർ സൗകര്യങ്ങൾ
text_fieldsഇന്നോവ സമം യാത്രാസുഖം എന്നുള്ളത് പറഞ്ഞ് പഴകിയ ക്ലീഷേകളിലൊന്നാണ്. ദീർഘദൂര യാത്രക്ക് ഏത് വാഹനം വേണമെന്ന് വാഹനങ്ങളെപ്പറ്റി സാമാന്യ ധാരണയുള്ളവരോട് ചോദിച്ചാൽ ഇന്നോവ എന്നായിരിക്കും ഉത്തരം. ലാഡർ ഫ്രെയിം ഷാസിയിൽ നിർമിക്കുന്ന ഒരു വാഹനത്തിന് ഇത്രയും യാത്രാ സുഖം തരാനാകും എന്ന് തെളിയിച്ചതും ഇന്നോവയാണ്. നിരത്തുകളിലൂടെ ചീറിപ്പായുന്ന സ്റ്റേറ്റ് കാറുകൾ ഇതിന് സാക്ഷ്യം നിൽക്കുകയും ചെയ്യും.
ഇത്തരമൊരു കാർ യാത്രാ സുഖത്തിന് പേരുകേട്ട മോണോകോക്ക് ഷാസിയിലേക്ക് മാറുന്നത് ഒന്ന് സങ്കൽപ്പിച്ച് നോക്കൂ. പുതുതായി അവതരിപ്പിച്ച ഇന്നോവ ഹൈക്രോസ് ഒരു മോണോഷോക് ഷാസി വാഹനമാണ്. നിലവിലെ യാത്രാ സുഖവും സൗകര്യങ്ങളും ഇരട്ടിയാകും എന്നതാണ് ഇതുകൊണ്ടുള്ള മെച്ചം. എന്നാൽ അതുമാത്രമല്ല ഹൈക്രോസ് ഉടമകളെ കാത്തിരിക്കുന്നത്. ഒരു ഫൈവ് സ്റ്റാർ യാത്രക്ക് ചേർന്ന എല്ലാ ആഡംബരങ്ങളും നൽകുന്ന വാഹനമാണ് ഇന്നോവ ഹൈക്രോസ്.
ഹൈബ്രിഡ് എൻജിൻ, പനോരമിക് സൺറൂഫ്, പുഷ്ബാക്ക് സീറ്റുകൾ, സീറ്റുകൾക്ക് ഫുട് സപ്പോർട്ട് തുടങ്ങി ആഡംബര ഫീച്ചറുകളുമായിട്ടാണ് ഇന്നോവ ഹൈക്രോസ് എത്തുന്നത്. പോരാത്തതിന് ലിറ്ററിന് 21.1 കിലോമീറ്റർ എന്ന അമ്പരപ്പിക്കുന്ന ഇന്ധനക്ഷമതയും ഈ സെവൻസീറ്റർ വാഹനം തരും.
ആഡംബര തികവാർന്ന അകത്തളം
ആഡംബര തികവാർന്ന അകത്തളമാണ് ഇന്നോവ ഹൈക്രോസിൽ ഒരുക്കിയിരിക്കുന്നത്. പുതിയ ഡ്യുവൽ ടോൺ ഡാഷ്‌ബോർഡ് സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ കൊണ്ട് മോടികൂട്ടിയിട്ടുണ്ട്. വലിയ ഫ്ലോട്ടിങ് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനാണ് അകത്തളത്തിലെ ശ്രദ്ധാകേന്ദ്രം. സിൽവർ ആക്സന്റഡ് എസി വെന്റുകൾ അതിന്റെ കൺട്രോളുകൾക്ക് മുകളിലായും സ്ഥാനം പിടിച്ചിരിക്കുന്നു. ഗിയർ ലിവർ ഡാഷ്‌ബോർഡിലേക്ക് കയറിയാണ് നിൽക്കുന്നത്. ആദ്യമായാണ് ഇത്തരമൊരു മാറ്റം ഇന്നോവയിൽ വരുന്നത്. സെന്റർ കൺസോളിൽ ധാരാളം ഇടം ലഭിക്കാനും ഈ മാറ്റം സഹായിക്കും. സ്ക്രാച്ച് പ്ലാസ്റ്റിക്കുകൾ പരമാവധി ഒഴിവാക്കിയാണ് ഇന്റീരിയർ നിർമിച്ചിരിക്കുന്നത്.
ഫീച്ചറുകളാൽ സമ്പന്നം
ഇന്നോവ ഹൈക്രോസ് ഫീച്ചറുകളാൽ സമ്പന്നമാണ്. 10.1 ഇഞ്ച് ഫ്ലോട്ടിങ് ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, ജെ.ബി.എൽ മ്യൂസിക് സിസ്റ്റം, മൾട്ടി സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ടൊയോട്ട ഐ-കണക്റ്റ് കണക്ടിവിറ്റി, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിങ് വീൽ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ചാർജിങ് എന്നിവ വാഹനത്തിലുണ്ട്. മെമ്മറി ഫംഗ്‌ഷനോടുകൂടിയ പവേർഡ് ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പിൻ യാത്രക്കാർക്ക് ക്യാപ്റ്റൻ സീറ്റുകൾ, റിക്‌ലൈൻ മോഡ്, ലെഗ് റെസ്റ്റിങ് ഫീച്ചർ, പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിങ്, റൂഫിൽ ഘടിപ്പിച്ചിരിക്കുന്ന എസി വെന്റുകൾ, പവേർഡ് ടെയിൽഗേറ്റ്, പിൻ സൺഷേഡുകൾ എന്നിങ്ങനെ വിമാനങ്ങളുടെ ഫസ്റ്റ് ക്ലാസ് യാത്രാ സൗകര്യങ്ങളെ ഓർമിപ്പിക്കും ഹൈക്രോസ്.
സുരക്ഷയിൽ വിട്ടുവീഴ്ച്ചയില്ല
പുതിയ തലമുറ ഇന്ത്യൻ ഉപഭോക്താക്കൾ സുരക്ഷക്ക് നൽകുന്ന പ്രാധാന്യം ടൊയോട്ടയും മനസിലാക്കിയിട്ടുണ്ട്. 360 ഡിഗ്രി സറൗണ്ട് ക്യാമറ, ആറ് എയർബാഗുകൾ, ഇ.എസ്.പി, ഹിൽ ഹോൾഡ്/ഡിസന്റ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിങ്, ഓട്ടോ ഹോൾഡോടുകൂടിയ ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക് എന്നിവയെല്ലാം ടൊയോട്ട ഹൈക്രോസിൽ ഉൾപ്പെടുത്തി. ടൊയോട്ട സേഫ്റ്റി സെൻസ് സ്യൂട്ട് അല്ലെങ്കിൽ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും (ADAS) ഹൈക്രോസിലുണ്ട്.
അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്, ലെയിൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഓട്ടോ ഹൈ ബീം അസിസ്റ്റ്, ഫോർവേഡ് കൊളീഷൻ വാർണിങ്, റിയർ ക്രോസ് ട്രാഫിക് അലേർട്ട് സിസ്റ്റം എന്നിവ എഡാസിൽ ലഭിക്കും.
മൈതാനം പോലുള്ള അകത്തളം
യാത്രാ സുഖത്തോടൊപ്പം എടുത്തുപറയേണ്ട ഇന്നോവയിലെ പ്രത്യേകതയാണ് സ്ഥലസൗകര്യം. ക്രിസ്റ്റയേക്കാൾ വീൽബേസ് കൂടിയ വാഹനമാണ് ഹെക്രോസ്. ഇതുകാരണം ക്യാബിനിനുള്ളിൽ കൂടുതൽ ഇടം ലഭിക്കും. ഏഴ്,എട്ട് സീറ്റ് ഓപ്ഷനുകളിൽ വാഹനം ലഭിക്കും. ഏഴ് സീറ്റുകളുള്ള പതിപ്പിന് നടുവിൽ രണ്ട് ക്യാപ്റ്റൻ സീറ്റുകളും മൂന്നാം നിരയിൽ ബെഞ്ച് സീറ്റും ഉണ്ടാകും. എട്ട് സീറ്റുള്ള മോഡലിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിരകളിൽ ബെഞ്ച് സീറ്റുകളാണ് ഉണ്ടായിരിക്കുക.
മൂന്നാം നിരയടക്കം എല്ലാ യാത്രക്കാർക്കും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകളാണ് കമ്പനി നൽകിയിരിക്കുന്നത്. മൂന്നാം നിര സീറ്റിൽ മൂന്ന് ഹെഡ്റെസ്റ്റുകൾ നൽകിയ ടൊയോട്ട ചെറിയ കളിയല്ല ഹൈക്രോസിലൂടെ തങ്ങൾ ഉദ്ദേശിക്കുന്നതെന്നാണ് വളരെ വ്യക്തമായി പറയുന്നത്. പ്രധാന എതിരാളിയായ മഹീന്ദ്ര എക്സ്.യു.വി 700 ന് കനത്ത വെല്ലുവിളിയാകും ഹൈക്രോസ് ഭാവിയിൽ ഉയർത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.