‘കുട്ടികളുടെ സുരക്ഷയ്ക്ക് അനുകരണീയ മാതൃക’; ചിത്രം പങ്കുവച്ച് എം.വി.ഡി
text_fieldsഇരുചക്ര വാഹന യാത്രക്കാർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഒപ്പം സഞ്ചരിക്കുന്ന കുട്ടികളുടെ സുരക്ഷ. അൽപ്പം വികൃതികളായ കുട്ടികളാണെങ്കിൽപിന്നെ പറയുകയും വേണ്ട. ഉറങ്ങിപ്പോകുമോ, ബ്രേക്കിടുമ്പോൾ തെറിച്ചുപോകുമോ എന്നൊക്കെ ഭയന്നാണ് പലപ്പോഴും കുട്ടികളുമായി രക്ഷിതാക്കൾ യാത്ര ചെയ്യുക. കുട്ടികളുമായി യാത്ര ചെയ്യുന്നതിന് നല്ല മാതൃക എന്നപേരിൽ ചിത്രവും കുറിപ്പും പങ്കുവച്ചിരിക്കുകയാണിപ്പോൾ മോട്ടോർ വാഹന ഡിപ്പോർട്ട്മെന്റ്. കുറിപ്പിന്‍റെ പൂർണരൂപം താഴെ.
നമ്മളുടെ കുട്ടികളുടെ സുരക്ഷയ്ക്ക് അനുകരണീയമായ ഒരു മാതൃക ഈ ചിത്രത്തിൽ നിങ്ങൾ ശ്രദ്ധിച്ചിരിക്കുമല്ലോ !!! ഇരുചക്ര വാഹനത്തിൽ ഡ്രൈവറോടൊപ്പം യാത്ര ചെയ്യുന്ന കുട്ടി സുരക്ഷയ്ക്കായി ഹെൽമെറ്റ് ധരിച്ചിരിക്കുന്നു, കൂടാതെ കുട്ടിയുടെ ശരീരം ഒരു സേഫ്റ്റി ബെൽറ്റിനാൽ (Safety Harness) ഡ്രൈവറുടെ ശരീരവുമായി ബന്ധിപ്പിച്ചിരിക്കുന്നു.
അപ്രതീക്ഷിതമായി വാഹനത്തിനു നേരിടാവുന്ന ആഘാതങ്ങൾ ഏൽക്കുക , കുട്ടി ഉറങ്ങിപ്പോവുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളിൽ കുട്ടി വാഹനത്തിൽ നിന്നും തെറിച്ചു പോകാതിരിക്കാൻ ഇത് സഹായകമാണ്. ഒൻപത് മാസത്തിനും നാലു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളെ ഇരുചക്രവാഹനത്തിൽ കൊണ്ടുപോകുന്നുണ്ടെങ്കിൽ കുട്ടിയെ ഡ്രൈവറുടെ ശരീരവുമായി മുപ്പത് കിലോഗ്രാം ഭാരമെങ്കിലും ഭാരവാഹനശേഷിയുള്ള ഒരു സേഫ്റ്റി ഹാർനസ്സ് കൊണ്ട് ബന്ധിപ്പിച്ചിരിക്കണം.
ഒപ്പം ഈ കുട്ടികൾ ക്രാഷ് ഹെൽമറ്റോ ബൈസിക്കിൾ ഹെൽമെറ്റോ ധരിച്ചിരിക്കണം. നാലു വയസ്സ് വരെ പ്രായമായ കുട്ടികൾ ഇരുചക്രവാഹനത്തിൽ ഉണ്ടെങ്കിൽ വാഹനത്തിന്റെ വേഗം മണിക്കൂറിൽ 40 കിമി സ്പീഡിൽ കൂടാൻ പാടില്ല.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കൊണ്ടു വന്ന ഈ ചട്ടം ഈ വർഷം ഫെബ്രുവരി 15 മുതൽ നടപ്പിലായി. കേന്ദ്ര മോട്ടോർ വാഹന ചട്ടം 138 (7) ആയി ഈ ചട്ടം ഉൾപ്പെടുത്തി.
ഫേസ്ബുക്കിലാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.