മൈലേജ് രാജാവ് സെലേറിയോയുടെ ചിത്രങ്ങൾ കാണാം; ടച്ച് സ്ക്രീനും പുഷ് ബട്ടൻ സ്റ്റാർട്ടുമായി എന്തിനും ഒരുങ്ങി മാരുതി
text_fieldsരാജ്യത്തെ ഏറ്റവും മൈലേജുള്ള പെട്രോൾ കാർ എന്ന വിശേഷണമാണ് മാരുതിയുടെ പുതിയ തലമുറ സെലേറിയോയെ വാർത്തകളിൽ നിറച്ചത്. നവംബർ 10ന് കാർ നിരത്തിലെത്തുമെന്നാണ് കമ്പനി വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്. വാഹനത്തിന്‍റെ ബുക്കിങും മാരുതി ആരംഭിച്ചിട്ടുണ്ട്. പുതിയ സെലേറിയോയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയത് വൈറലായി. രൂപത്തിലും ഭാവത്തിലും തികച്ചും പുതിയ വാഹനമായാണ് സെലേറിയോ കാണപ്പെടുന്നത്.
ചിത്രങ്ങൾ പറയുന്നത്
മുന്നിൽനിന്ന് നോക്കിയാൽ ആൾട്ടോ, വശങ്ങളാകട്ടെ എസ്പ്രെസ്സോക്ക് സമം, പിന്നിലെത്തിയാൽ സ്വിഫ്റ്റിന്റെ ഛായ, ആകെ മൊത്തം മാരുതി കാറുകളുടെ മിശ്രണമാണ് സെലേറിയോയുടെ രൂപത്തിൽ കാണുന്നത്. ഏതുതരത്തിൽ പറഞ്ഞാലും നിലവിലുള്ളതിനേക്കാൾ 'മെന'യായിട്ടുണ്ട് പുതുതലമുറ സെലേറിയോ. മൾട്ടി സ്പോക് അലോയ് വീലുകളും ബോഡി കളർ ഡോർ ഹാൻഡിലുകളും ആകർഷകമാണ്. പിൻഭാഗത്ത് പുതുതായി രൂപകൽപ്പന ചെയ്ത ടെയിൽ ലാമ്പ് ലഭിക്കും. ബമ്പറിലെ റിഫ്ലക്ടറുകളുമായി സംയോജിപ്പിച്ച പാർക്കിങ് സെൻസറുകളുമുണ്ട്. ടോപ്പ് എൻഡ് വേരിയന്റിൽ റിയർ വൈപ്പർ, ഡീഫോഗർ, വിൻഡ്‌സ്‌ക്രീൻ വാഷർ എന്നിവയും ലഭിക്കുന്നു.
ഉള്ളിലെത്തിയാൽ, കറുപ്പാണ് പ്രധാന നിറം. പുഷ്ബട്ടൻ സ്റ്റാർട്ടും, ടച്ച് സ്ക്രീനും, സ്റ്റിയറിങ് മൗണ്ടഡ് കൺട്രോളുകളും, ഹെഡ്റെസ്റ്റ് ചേർന്നുവരുന്ന സ്പോർട്ടി സീറ്റുകളും വാഹനത്തിന്‍റെ പ്രത്യേകതയാണ്. ഇരട്ട അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ അത്യാവശ്യ വിവരങ്ങൾ ലഭിക്കും. മാരുതിയുടെ ഉയർന്ന മോഡലുകളിൽ വരുന്ന ഇൻഫോൈടൻമെന്റ് സിസ്റ്റമാണ് സെലേറിയോയിലും ഉൾപ്പെടുത്തിയിരിക്കുന്നത്.
മൈലേജ് രാജാവ്
വാഹനത്തിന്‍റെ എഞ്ചിനെയും ഗിയർബോക്സിനെയും കുറിച്ചുള്ള വിശദാംശങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. പുതിയ തലമുറ സെലേറിയോയിൽ കെ10സി പെട്രോൾ എഞ്ചിനാണുള്ളത്.ഡ്യുവൽ-ജെറ്റ് ടെക്നോളജിയുള്ള എഞ്ചിനാണിത്. മുൻ തലമുറ സെലേറിയോ ഉൾപ്പെടെ വിദേശത്തുള്ള ഒന്നിലധികം സുസുകി കാറുകളിൽ എഞ്ചിൻ പ്രവർത്തിക്കുന്നുണ്ട്. ടർബോചാർജറിനൊപ്പം ഇതേ എഞ്ചിൻ നേരത്തെ ഇന്ത്യയിൽ ബലേനോ ആർ.എസിൽ ലഭ്യമായിരുന്നു.
സുസുകി ഡ്യുവൽ ജെറ്റ് എഞ്ചിൻ സാങ്കേതികവിദ്യയിൽ ഒരു സിലിണ്ടറിന് ഒന്നിന് പകരം രണ്ട് ഫ്യൂവൽ ഇഞ്ചക്ടറുകളാണുള്ളത്. ഇതിനർഥം, 16-വാൽവ് എഞ്ചിനിലെ എട്ട് ഇൻടേക്ക് പോർട്ടുകളിൽ ഓരോന്നിനും അതിന്റേതായ ഇൻജക്ടർ ലഭിക്കുമെന്നാണ്. ഇത് കൂടുതൽ കൃത്യമായ നിയന്ത്രണവും മികച്ച ഇന്ധനക്ഷമതയും നൽകും. മറ്റ് നവീകരണങ്ങൾക്കൊപ്പം മെച്ചപ്പെട്ട എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീസർക്കുലേഷൻ സിസ്റ്റവും വാഹനത്തിലുണ്ട്. ഇതെല്ലാമാണ് സെലേറിയോടെ മൈലേജ് രാജാവാക്കി മാറ്റുന്നത്.
പെട്രോൾ ഹാച്ച്ബാക്ക് വിഭാഗത്തിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള വാഹനങ്ങളിൽ ഒന്നായിരിക്കും പുതിയ സെലേറിയോ എന്നാണ് മാരുതി പറയുന്നത്. 26kpl മൈലേജ് സെലേറിയോ നൽകും. 23.84kplമായി നിലവിൽ ടാറ്റ ടിയാഗോ എഎംടിയാണ് ഇന്ധനക്ഷമതയിൽ മുന്നിൽ നിൽക്കുന്നത്. സെലേറിയോ ടിയോഗോയെ കടത്തിവെട്ടും.
5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനോ എഎംടി ഓട്ടോമാറ്റിക്കോ ആയിട്ടായിരിക്കും വാഹനം വരുന്നത്. രണ്ടാം തലമുറ സെലേറിയോ അടിസ്ഥാനപരമായ പുതിയ മോഡലാണെന്നും മാരുതി അവകാശപ്പെടുന്നു. വാഗൺ ആർ പോലുള്ള മോഡലുകൾക്ക് സമാനമായി മോഡുലാർ ഹാർട്ട്‌ടെക് പ്ലാറ്റ്‌ഫോമിലേക്കും വാഹനം മാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.