പരിശോധന പ്രഹസനം മാത്രം, നിയമലംഘനം കാണാതെ മോട്ടോർ വാഹന വകുപ്പ്
text_fieldsതിരുവനന്തപുരം: ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ നടത്തുന്ന നിരന്തര നിയമലംഘനങ്ങളിൽ പരിശോധന പ്രഹസനം മാത്രം. രൂപമാറ്റം, അമിതവേഗം ഉൾപ്പെടെ ടൂറിസ്റ്റ് ബസുകൾ നഗ്നമായ നിയമലംഘനമാണ് നടത്തുന്നത്. ഡ്രൈവർമാരിൽ പലരും ലഹരിവസ്തുക്കൾ ഉപയോഗിച്ചാണ് വാഹനം ഓടിക്കുന്നതെന്ന് മോട്ടോർ വാഹനവകുപ്പ് പല തവണ നടത്തിയ പരിശോധനകളിൽ വ്യക്തമായെങ്കിലും നടപടികളുണ്ടായില്ല.
സർക്കുലറുകളും ഉത്തരവുകളും കൃത്യമായി പാലിക്കുന്നുണ്ടോയെന്ന പരിശോധന പോലും വകുപ്പ് നടത്തുന്നില്ലെന്നാണ് വടക്കഞ്ചേരിയിൽ അഞ്ച് കുരുന്നുകളടക്കം ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ സംഭവം വ്യക്തമാക്കുന്നത്. ശ്രദ്ധയിൽപെടുമ്പോൾ പിഴയോ കൈക്കൂലിയോ വാങ്ങി നിയമലംഘനങ്ങൾ ക്രമവത്കരിച്ച് നൽകുന്ന പൊതുരീതിയാണുള്ളതെന്ന ആക്ഷേപവുമുണ്ട്. ആർ.ടി ഓഫിസുകളിൽ വിജിലൻസ് നടത്തിയ പല മിന്നൽപരിശോധനകളിലും ഈ ആക്ഷേപം തെളിയിക്കുന്ന വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ അഞ്ചോളം കേസുള്ള ബസാണ് അപകടത്തിൽപെട്ടതെന്നാണ് മോട്ടോർ വാഹനവകുപ്പ് വൃത്തങ്ങൾ പറയുന്നത്. നിരന്തരം നിയമലംഘനം നടത്തുന്ന ബസിനെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നത് പ്രസക്തം. ഉത്തരവുകൾ പാലിക്കാതെ കാതടപ്പിക്കുന്ന ഹോണും അമിത ദീപാലങ്കാരങ്ങളുമായാണ് ഭൂരിപക്ഷം ടൂറിസ്റ്റ് ബസുകളും സർവിസ് നടത്തുന്നത്. വേഗപ്പൂട്ട് വേർപെടുത്തിയാണ് ഈ വാഹനങ്ങൾ ചീറിപ്പായുന്നതും. ടൂറിസ്റ്റ് ബസുകളെ ഡാൻസിങ് ഫ്ലോർ ആക്കരുതെന്നും അനാവശ്യ ലൈറ്റുകളും സൗണ്ട് സിസ്റ്റവും പാടില്ലെന്നുമുള്ള ഹൈകോടതി ഉത്തരവിറങ്ങി നാലുമാസമായിട്ടും നടപടിയുണ്ടായിട്ടില്ല.
കണ്ണഞ്ചിപ്പിക്കുന്ന വെളിച്ച വിന്യാസവുമായി ടൂറിസ്റ്റ് ബസുകൾ സർവിസ് നടത്തുന്നത് മറ്റ് വാഹനങ്ങളെ അപകടത്തിലേക്ക് നയിക്കാൻ ഇടയാക്കുമെന്നാണ് ഹൈകോടതി നിരീക്ഷണം. നിരന്തരം മിന്നുന്ന ലൈറ്റുകൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടി എടുക്കാനും കോടതി നിർദേശിച്ചിരുന്നു. ലംഘിക്കുന്ന ഡ്രൈവർമാരെ മൂന്ന് മാസത്തേക്ക് അയോഗ്യരാക്കണം. ആവർത്തിച്ചാൽ തടവുശിക്ഷ ഉൾപ്പടെ നടപടി സ്വീകരിക്കണമെന്നും ശബ്ദനിയന്ത്രണം വേണമെന്നും കോടതി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.