ഇന്ത്യൻ ടൊയോട്ടയുടെ സൗമ്യ മുഖം, വിക്രം കിർലോസ്കർ അന്തരിച്ചു
text_fieldsഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായത്തിലെ പ്രമുഖനും ടൊയോട്ട കിർലോസ്കർ മോട്ടോർ വൈസ് ചെയർമാനുമായ വിക്രം. എസ്. കിർലോസ്‌കർ അന്തരിച്ചു. 64 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്ത്യൻ ടൊയോട്ടയുടെ സൗമ്യ മുഖമായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ടൊയോട്ട ഇന്ത്യ തന്നെയാണ് ഈ വാര്‍ത്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടത്.
'ടൊയോട്ട കിർലോസ്‌കർ മോട്ടറിന്റെ വൈസ് ചെയർമാൻ വിക്രം എസ് കിർലോസ്‌കറിന്റെ അകാല വിയോഗത്തിന്റെ ദുഃഖത്തിലാണ് ഞങ്ങൾ. ഈ വിഷമകരമായ ഘട്ടത്തിൽ എല്ലാവരോടും അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു'- ടൊയോട്ട ട്വീറ്റ് ചെയ്തു.
2022 നവംബർ 25ന് മുംബൈയിൽ നടന്ന ന്യൂ ജനറേഷൻ ടൊയോട്ട ഇന്നോവ ഹൈക്രോസ് അനാച്ഛാദന ചടങ്ങിലാണ് വിക്രം കിർലോസ്‌കറിനെ അവസാനമായി പൊതുവേദിയില്‍ കണ്ടത്. മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിച്ചിരുന്നു. ഇന്ത്യൻ വാഹന വ്യവസായം ആഗോളതലത്തിൽ കൂടുതൽ മത്സരാധിഷ്ഠിതമാണെന്നും വാഹനങ്ങളുടെ നികുതി 10 വർഷത്തിനുള്ളിൽ പകുതിയായി കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും അദ്ദേഹം അന്നും ഊന്നിപ്പറയുകയും ചെയ്‍തിരുന്നു.
കിർലോസ്‍കർ ഗ്രൂപ്പിന്റെ നാലാം തലമുറ തലവനായിരുന്നു വിക്രം. കിർലോസ്‍കർ സിസ്റ്റംസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറും ടൊയോട്ട കിർലോസ്കർ മോട്ടോർ പ്രൈവറ്റ് ലിമിറ്റഡിന്റെ വൈസ് ചെയർമാനുമായിരുന്നു അദ്ദേഹം. മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (എംഐടി) മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ വിക്രം കിർലോസ്‌കർ ഇന്ത്യൻ വാഹന മേഖലയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു. ഗീതാഞ്ജലിയാണ് ഭാര്യ. മകൾ മാനസി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.