ട്രാഫിക് സിഗ്നലിൽ കാർ കഴുകാനെത്തിയ കുട്ടികൾക്ക് സ്റ്റാർ ഹോട്ടലിൽ ഭക്ഷണമൊരുക്കി വ്ലോഗർ; വിഡിയോ വൈറൽ
text_fieldsട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട കാർ കഴുകാനെത്തിയ വഴിയോരക്കച്ചവടക്കാരായ കുട്ടികളെ കൂട്ടിക്കൊണ്ടുപോയി 5-സ്റ്റാർ ഡിന്നർ കൊടുത്ത് വ്ലോഗർ. സോഷ്യൽമീഡിയയിൽ പങ്കുവച്ച വിഡിയോ വൈറലായി. കവൽജീത് സിങ് എന്ന വ്ലോഗറാണ് സോഷ്യൽമീഡിയയിൽ താരമായി മാറിയത്.
കവൽജീത് സിങ് തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ട്രാഫിക് സിഗ്നലിൽ കാർ വൃത്തിയാക്കുന്ന കുട്ടികളിലാണ് വിഡിയോ ആരംഭിക്കുന്നത്. ഷെവർലെ ക്രൂസ് സെഡാനിൽ സഞ്ചരിക്കുന്ന കവൽജീത് പിൻസീറ്റിൽ ഇരുന്നുകൊണ്ടാണ് കുട്ടികൾ വിൻഡോകളും വിൻഡ്‌സ്‌ക്രീനും വൃത്തിയാക്കുന്നത് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വിൻഡോ താഴ്ത്തി തന്റെ കാർ വൃത്തിയാക്കുന്ന കുട്ടികളോട് അദ്ദേഹം സംസാരിക്കുന്നു. രാത്രി അത്താഴം വാങ്ങാൻ പണം സമ്പാദിക്കാനാണ് കുട്ടികൾ ഈ ജോലി ചെയ്യുന്നതെന്ന് അയാൾ മനസിലാക്കുന്നു.
ഉടൻ അവരോട് അത്താഴം കഴിക്കുന്ന സ്ഥലത്തെക്കുറിച്ചാണ് കാർ ഉടമ ചോദിക്കുന്നത്. അവർ നിൽക്കുന്നിടത്ത് നിന്ന് റോഡിന് താഴെയുള്ള ഒരു ചെറിയ കടയിലേക്കായിരുന്നു കുട്ടികൾ കൈചൂണ്ടിയത്. എല്ലാ കുട്ടികളോടും കാറിനുള്ളിൽ കയറാൻ ഉടമ ആവശ്യപ്പെടുകയും അവർക്ക് ഹോട്ടലിൽ നിന്നും അത്താഴം വാങ്ങിത്തരാമെന്ന് പറയുകയും ചെയ്‌തു.
തുടർന്ന് കുട്ടികളെ വാഹനത്തിൽ കയറ്റുകയും അടുത്തുള്ള സ്റ്റാർ ഹോട്ടലിലേക്ക് കൊണ്ടുപോകാൻ കവൽജീത് തന്റെ ഡ്രൈവറോട് ആവശ്യപ്പെടുകയും ചെയ്യുന്നു. വിഡിയോയിൽ കാണുന്ന മിക്ക കുട്ടികളും 10 വയസിന് താഴെ പ്രായമുള്ളവരാണ്. തുടർന്ന് എല്ലാവരുംകൂടി സ്റ്റാർ ഹോട്ടലിൽ ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതും കാണാം. 55 ലക്ഷത്തിലധികം പേരാണ് ഈ വിഡിയോ ലൈക് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.