1000 കിലോമീറ്റർ റേഞ്ച്; പുത്തൻ വൈദ്യുത വാഹനം അവതരിപ്പിച്ച് ബെൻസ്, ഈ വർഷം നിരത്തിൽ
text_fieldsറേഞ്ചിൽ അത്ഭുതങ്ങൾ തീർക്കാനൊരുങ്ങി ജർമൻ വാഹന നിർമാതാവായ മെഴ്‌സിഡസ് ബെൻസ്. പുതുതായി അവതരിപ്പിച്ച ഇലക്ട്രിക് വാഹനത്തിന് 1000 കിലോമീറ്റർ പരിധിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മെഴ്‌സിഡസ് ബെന്‍സ് വിഷന്‍ ഇ.ക്യൂഎക്സ്.എക്സ് എന്ന ഇ.വി മോഡലിന്‍റെ അരങ്ങേറ്റം ലാസ് വെഗാസിൽ നടക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിലാണ് നടന്നത്.100 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററി പായ്ക്കും 647 കിലോമീറ്റർ റേഞ്ചും വാഗ്ദാനം ചെയ്യുന്ന ടെസ്‌ല മോഡൽ എസ് പ്ലെയിഡാണ് നിലവില്‍ ഇ.വികളില്‍ ഏറ്റവും മികച്ചത്. ഇതിനേയും കവച്ചുവയ്ക്കുന്നതാണ് ബെൻസ് ഇ.ക്യൂഎക്സ്.എക്സ്.
വാഹനത്തിന്റെ ഭാരം 1,750 കിലോഗ്രാം ആണ്. ബാറ്ററി 900 വോൾട്ട് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. മഗ്നീഷ്യം പോലെയുള്ള ഭാരം കുറഞ്ഞ വസ്തുക്കൾ കൊണ്ടാണ് പല വാഹന ഭാഗങ്ങളും നിർമ്മിച്ചിരിക്കുന്നത്. കനം കുറഞ്ഞ സോളാർ പാനലുകളാണ് മേൽക്കൂരയിലുള്ളത്. 25 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്നത്ര വൈദ്യുതി ഇവ ഉത്പ്പാദിപ്പിക്കും.
495 കിലോഗ്രാമാണ് ഇ.ക്യൂഎക്സ്.എക്സിലെ ബാറ്ററിയുടെ ആകെ ഭാരം. ലിഥിയം അയൺ സെല്ലുകളിൽ നിന്ന് കൂടുതൽ ഊർജ്ജം പുറത്തെടുക്കുന്നതിലൂടെ കാര്യക്ഷമത വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഇ.വിയുടെ പ്രത്യേകത. ഇതിന്‍റെ ഭാഗമായി ബാറ്ററി പായ്ക്കിന്റെ വലുപ്പം കുറയ്ക്കും. ചാർജ് ചെയ്യാൻ കൂടുതൽ സമയമെടുക്കുമെങ്കിലും ഭാരം കുറവായിരിക്കുമെന്നത് മേന്മയാണ്. ബെന്‍സിന്റെ ഫോര്‍മുല വണ്‍ ഹൈ പെര്‍ഫോമെന്‍സ് വാഹനങ്ങളുടെ എന്‍ജിനും മറ്റും വികസിപ്പിക്കുന്നവരാണ് വാഹന നിർമാണത്തിൽ പങ്കാളികളായിരിക്കുന്നത്. 47.5 ഇഞ്ചുള്ള 8K ടച്ച് സ്‌ക്രീനാണ് ഉള്ളിലെ പ്രധാന ആകർഷണം. എ.ഐ സാങ്കേതികതയും ടച്ച് സ്ക്രീനിലുണ്ട്. ലൈവ് ത്രീ ഡി നാവിഗേഷനും ലഭിക്കും.
2030ഓടെ സമ്പൂർണമായും വൈദ്യുത വാഹനങ്ങളിലേക്ക് മാറാനൊരുങ്ങുകയാണ് ബെൻസ്. 2025 മുതൽ എല്ലാ മോഡലുകളിലും ബാറ്ററി-ഇലക്ട്രിക് വാഹന ഓപ്ഷനുകളും ബെൻസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭാവിയിൽ ഇലക്ട്രിക് കാറുകൾക്കായി മൂന്ന് ഇവി ഡിസൈൻ തീമുകളും കമ്പനി വികസിപ്പിക്കും.
ഇതോടൊപ്പം ഇവി ബാറ്ററികൾ നിർമിക്കാൻ എട്ട് കേന്ദ്രങ്ങൾ സ്ഥാപിക്കാനും നീക്കമുണ്ട്. സ്വന്തമായി ബാറ്ററികൾ വികസിപ്പിക്കുന്നതിന് എട്ട് ജിഗാഫാക്ടറികൾ സ്ഥാപിക്കാനും മെഴ്‌സിഡസ് പദ്ധതിയിടുന്നുണ്ട്. ജിഗാഫാക്ടറികളില്‍ ഒരെണ്ണം അമേരിക്കയിലും നാലെണ്ണം യൂറോപ്പിൽ വിവിധ പങ്കാളികളുമായി ചേർന്നും സ്ഥാപിക്കും. 2022ൽ പുതിയ വാഹനം നിരത്തിൽ എത്തുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.