റേസിങ് കാര്‍ ഡ്രൈവറാകണോ? എഫ്.ഐ.എ റാലി സ്റ്റാറിൽ പങ്കെടുക്കാൻ സുവർണാവസരം
text_fieldsറേസിങ് കാര്‍ ഡ്രൈവറാകണം എന്ന സ്വപ്നം താലോലിക്കുന്നവരാണോ നിങ്ങൾ?. അല്ലെങ്കിൽ അത്തരക്കാരിൽ ആരെയെങ്കിലും പരിചയമുണ്ടോ? എങ്കിൽ ഇതാ ഒരു സുവർണാവസരം നിങ്ങളെ കാത്തിരിക്കുന്നു. കാര്‍ റേസിങ് കഴിവ് തെളിയിക്കാനുള്ള അവസരം ചരിത്രത്തിലാദ്യമായി എല്ലാവര്‍ക്കും മുമ്പില്‍ തുറന്നിടുകയാണ് എഫ്.ഐ.എ (Federation Internationale de l'Automobile). എഫ്.ഐ.എ റാലി സ്റ്റാർ മത്സരത്തിൽ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്ക് രാജ്യാന്തരതലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള സുവര്‍ണാവസരമാണ് ലഭിക്കുക.
ഇന്ത്യയില്‍ ഫെഡറേഷന്‍ ഓഫ് മോട്ടോര്‍സ്‌പോര്‍ട്‌സ് ക്ലബ്‌സ് ഓഫ് ഇന്ത്യ (FMSCI) ആണ് എഫ്.ഐ.എ റാലി സ്റ്റാര്‍ മത്സരം നടത്തുന്നത്. വിജയിക്കുന്നവര്‍ സെപ്തംബര്‍ രണ്ട്, മൂന്ന്, നാല് തീയതികളില്‍ നടക്കുന്ന ഏഷ്യ പസഫിക് ഫൈനലിലേക്ക് ഇന്ത്യന്‍ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടും. അന്തിമ വിജയികള്‍ക്ക് 2023ല്‍ ആറ് രാജ്യങ്ങളിലായി നടക്കുന്ന യൂറോപ്യന്‍ ടൂറില്‍ പങ്കെടുക്കാം.
17 വയസിനും 26 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് എഫ്.ഐ.എ റാലി സ്റ്റാറില്‍ പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനവും എഫ്.ഐ.എയുടെ നേതൃത്വത്തില്‍ ലഭിക്കും. ഇന്ത്യയില്‍ ചെന്നൈ, ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. റേസിങ് ട്രാക്കിലായാലും സിമുലേറ്ററിലായാലും നേരിട്ട് കഴിവു തെളിയിക്കാനുള്ള അവസരമാണ് ലഭിക്കുക. ഇതിന് വേണ്ട കാറുകളും സിമുലേറ്ററുകളും സംഘാടകര്‍ തന്നെ നല്‍കും. പങ്കെടുക്കുന്നവരുടെ ചിലവുകളും വാഹനങ്ങളും എഫ്.ഐ.എ തന്നെയാവും വഹിക്കുക.
ചെന്നൈയില്‍ ഓഗസ്ത് അഞ്ച് മുതല്‍ ഏഴ് വരെയും 12, 13 തീയതികളിലുമായിരിക്കും മത്സരം. ബംഗളൂരുവില്‍ ഓഗസ്ത് എട്ട്, ഒമ്പത് തീയതികളിലും ഡല്‍ഹിയില്‍ ഓഗസ്ത് 20, 21 തിയതികളിലും നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാനാണ് അവസരമുള്ളത്. വിശദ വിവരങ്ങള്‍ in.fiarallystar.com ല്‍ ലഭ്യമാണ്. സ്ത്രീ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും എഫ്.ഐ.എക്ക് പ്രത്യേക പദ്ധതിയുണ്ട്. ആറ് മികച്ച വനിതാ ഡ്രൈവർമാർ (ഒരു ഭൂഖണ്ഡത്തിൽ ഒരാൾ) ഫൈനലിൽ മത്സരിക്കുകയും റാലി സ്റ്റാർ ടീമിൽ സ്ഥാനം നേടുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.