80 മോഡൽ റോൾസിൽ കറങ്ങി മഹി ഭായ്; വിഡിയോ വൈറൽ
text_fieldsക്രിക്കറ്റിനോട് എന്നപോലെ വിന്റേജ് വാഹനങ്ങളോടും പ്രത്യേക കമ്പമുള്ളയാളാണ് എം.എംസ്. ധോണി. അടുത്തിടെ ധോണിയുടെ വാഹന ശേഖരം കണ്ട ഇന്ത്യന്‍ താരം വെങ്കിടേഷ് പ്രസാദ് പോലും ഞെട്ടിയിരുന്നു. സ്പോർട്സ് ബൈക്കുകളാണ് ആരാധകരുടെ മഹി ഭായ്ക്ക് ഏറെ പ്രിയമെങ്കിലും വിന്റേജ് കാറുകളുടെ വലിയ ശേഖരവും താരത്തിന്റെ പക്കലുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതിനു ശേഷം കുടുംബത്തോടൊപ്പം റാഞ്ചിയിലെ ഫാം ഹൗസിൽ താമസിക്കുന്ന ധോണി അവിടെത്തന്നെ തന്‍റെ വാഹനങ്ങൾക്കായി വലിയ ഗരാജും നിർമിച്ചിട്ടുണ്ട്.
തന്റെ സൂപ്പര്‍ ബൈക്കുകളുമായി റാഞ്ചിയിലെ നിരത്തുകളിലൂടെ പോവുന്ന ധോണി ഒരു സ്ഥിരം കാഴ്ച്ചയാണ്. എന്നാൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു വിന്‍റേജ് കാറിൽ കുതിക്കുന്ന ധോണിയുടെ വിഡിയോയാണ്. 1980 മോഡല്‍ റോള്‍സ് റോയ്സ് കാറാണ് ഇങ്ങിനെ വൈറലായിരിക്കുന്നത്.
ഇന്ത്യയിൽ അപൂർവമായ റോൾസ് റോയ്‌സിന്റെ 1980 മോഡൽ സിൽവർ റെയ്ത് II ആണ് ധോണി ഓടിക്കുന്നത്. ക്ലാസിക് കാറുകളിൽ ഒന്നാണെന്ന് വിളിച്ചുപറയുന്ന രൂപമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഡ്യുവൽ-ടോൺ ബ്ലൂ-ബ്ലാക്ക് നിറത്തിൽ ഒരുങ്ങിയിരിക്കുന്ന ഈ രാജകീയ സെഡാൻ സ്റ്റോക്ക് കണ്ടീഷനിൽ അതേപടി നിലനിർത്താനും ധോണി ശ്രദ്ധിച്ചിട്ടുണ്ട്. 1976-ൽ പുറത്തിറങ്ങിയ ഈ മോഡൽ വിപണിയിലും ഹിറ്റായിരുന്നു.
ലോംഗ്-വീൽബേസിലുള്ള ലക്ഷ്വറി സെഡാൻ 1980 വരെയാണ് നിർമാണത്തിലുണ്ടായിരുന്നത്. റോൾസ്കൂടാതെ ലാൻഡ് റോവർ ഡിഫെൻഡർ 110, 1971 ലെ ലാൻഡ് റോവർ സീരീസ് 3 സ്റ്റേഷൻ വാഗൺ, പോണ്ടിയാക് ഫയർബേർഡ്, നിസ്സാൻ ജോംഗ, ട്രാൻസ്‌ആം പോലുള്ള വിന്റേജ് കാറുകളുടെ അപൂർവ ശേഖരവും ധോണിയുടെ പക്കലുണ്ട്.
ജീപ്പ് ഗ്രാൻഡ് ചെറോക്കി ട്രാക്ക്ഹോക്കാണ് ഇതിലെ കണ്ണഞ്ചിപ്പിക്കുന്ന മോഡൽ. ഇന്ത്യയിലെ ഒരേയൊരു മോഡലാണിതെന്നതാണ് ശ്രദ്ധേയമാക്കുന്നത്. ഈ പവർഫുൾ എസ്‌യുവിയിൽ 6.2 ലിറ്റർ ഹെൽകാറ്റ് എഞ്ചിനാണ് പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.