എന്തൊരു അച്ചടക്കം, ഇത് ഇന്ത്യയിൽ തന്നെയാണോ? ഏത് സംസ്ഥാനത്തെ മാന്യന്മാരാണിത്?
text_fieldsറോഡിൽ അരനിമിഷംപോലും കാത്തുകിടക്കാനുള്ള ക്ഷമയില്ലാത്തവർ എന്നാണ് ഇന്ത്യക്കാരെപ്പറ്റി പൊതുവേ പറയാറുള്ളത്. രാജ്യത്തെ ഏതൊരു റോഡിലും ചെറിയൊരു ബ്ലോക്കുണ്ടായാൽപ്പോലും അക്ഷമരാകുന്നതാണ് നമ്മുടെ ശീലം. പിന്നെ ഹോണടിയായി, മറ്റ് വാഹനങ്ങളുടെ ഇടയിലേക്ക് കുത്തിക്കയറ്റലായി, പരസ്പരം ആക്ഷേപങ്ങളായി റോഡിലാകെ പുകിലാകും. ഇതിൽനിന്ന് ഭിന്നമായൊരു ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. സന്ദീപ് അഹ്ലാവത് എന്ന ട്വിറ്റർ ഉപയോക്താവാണ് ചിത്രം പങ്കുവെച്ചത്. ചിത്രത്തിലുള്ളത് ഒരു ട്രാഫിക് ബ്ലോകിന്റെ ദൃശ്യമാണ്. എന്നാലിവിടെ എല്ലാവരും അച്ചടക്കത്തോടെ വാഹനങ്ങളുമായി ബ്ലോക് നീങ്ങാൻ കാത്തിരിക്കുകയാണ്. ഒരു ഇരുചക്ര വാഹനംപോലും റോഡിലെ നീണ്ട ഒറ്റവര മുറിച്ചുകടന്നില്ലെന്നതും ശ്രദ്ധേയമാണ്.
അത് മിസോറാമിലെ റോഡാണ്
ചിത്രത്തിൽ കാണിച്ചിരിക്കുന്നത് മിസോറാമിലെ ഒരു റോഡാണ്. കൃത്യമായി നിയമങ്ങൾ പാലിച്ച് മറ്റ് വാഹനങ്ങൾക്ക് തടസമുണ്ടാകാതെ ശാന്തതയോടെ വരിക്ക് നിൽക്കുന്നത് മിസോകളാണ്. 'മിസോറാമിൽ മാത്രമാണ് ഞാൻ ഇത്തരത്തിലുള്ള അച്ചടക്കം കണ്ടിട്ടുള്ളത്. ഫാൻസി കാറുകളോ വലിയ തർക്കങ്ങളോ റോഡിലെ ദേഷ്യമോ ഹോൺ മുഴക്കുക്കങ്ങളോ ഒന്നും ഇവിടെ ഇല്ല' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും ചിത്രം പങ്കുവച്ചിട്ടുണ്ട്. മിസോറാമിലെ ജനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണം എന്നും അദ്ദേഹം കുറിച്ചു. 'എന്തൊരു ആശ്ചര്യമാണ് ഈ ചിത്രം തരുന്നത്. ഒരു വാഹനം പോലും വരി തെറ്റിച്ചിട്ടില്ല' എന്നാണ് കുറിച്ചത്. ട്രാഫിക്കിൽ കുടുങ്ങിക്കിടങ്ങുന്നത് പുതിയ കാര്യം അല്ലെന്നും എന്നാൽ അച്ചടക്കം പാലിക്കേണ്ടത് അനിവാര്യമാമെന്നും ഇവർ എല്ലാവർക്കും മാതൃകയാണെന്നും നിരവധിപേർ ചിത്രത്തിന് താഴെ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.