കടുവയും വോൾവോയും തമ്മിലെന്താണ്?; സംവിധായകനുപിന്നാലെ തിരക്കഥാകൃത്തും അതേ വഴിയിൽ
text_fields'ഒമ്പത് വർഷത്തെ ഇടവേളക്ക് ശേഷം' ഷാജി കൈലാസ് എന്ന സംവിധായകൻ എത്തിയത് 'കടുവ' എന്ന സൂപ്പർഹിറ്റ് സിനിമയുമായാണ്. തട്ടുപ്പൊളിപ്പൻ മാസ് മസാല പടങ്ങളിലേക്കുള്ള ഷാജി കൈലാസ് എന്ന സംവിധായകന്‍റെ ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രം. കടുവയുടെ വിജയം അദ്ദേഹം ആഘോഷിച്ചത് പുത്തൻ വോൾവോ എസ്.യു.വി സ്വന്തമാക്കിയാണ്. സ്വീഡിഷ് വാഹനനിർമാതാക്കാളായ വോള്‍വോയുടെ ആഢംബര എസ്.യു.വി എക്‌സ്.സി 60 ആണ് തീപ്പൊരി സംവിധായകൻ ഗ്യാരേജിലെത്തിച്ചത്. ആഢംബരത്തിന് പുറമെ ലോകത്തെ ഏറ്റവും സുരക്ഷിതമായ കാർ എന്ന വിശേഷണം ലഭിച്ച വാഹനമാണ് എക്‌സ്.സി 60.
സംവിധായകന് പിന്നാലെ കടുവയുടെ തിരക്കഥാകൃത്തും തന്റെ യാത്രകള്‍ക്കായി വോള്‍വോ എക്‌സ്.സി 60 തന്നെ സ്വന്തമാക്കിയിരിക്കുകയാണ്. ജിനു എം. എബ്രഹാം ആണ് 66 ലക്ഷം രൂപ വിലവരുന്ന ആഡംബര എസ്.യു.വി വാങ്ങിയത്. പൃഥ്വിരാജിന്റെ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുള്ള കടുവ 50 കോടി ക്ലബ്ബില്‍ ഇതിനോടകം സ്ഥാനം പിടിച്ച് കഴിഞ്ഞു. പൃഥ്വിരാജിന്റെ ചിത്രമായ ആദം ജോണിന്റെ സംവിധായകനായ ജിനു ലണ്ടന്‍ ബ്രിഡ്ജ്, മാസ്‌റ്റേഴ്‌സ്, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമാണ്.
സുരക്ഷാ ഏജൻസിയായ യൂറോ എൻ.സി.പി നടത്തിയ ക്രാഷ് ടെസ്റ്റിൽ എക്‌സ്.സി 60 ഏറ്റവും സുരക്ഷിതമായ കാറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതുകൂടാതെ മികച്ച ഓഫ് റോഡർ എന്ന പുരസ്കാരവും വാഹനത്തിന് ലഭിച്ചിട്ടുണ്ട്. മുന്നിലെയും പിന്നിലെയും വാഹനങ്ങളില്‍ നിന്നും നിശ്ചിത അകലം പാലിക്കാന്‍ സഹായിക്കുന്ന പൈലറ്റ് അസിസ്റ്റ് സംവിധാനം ഉൾപ്പെടെ നിരവധി സുരക്ഷ സംവിധാനങ്ങൾ എക്‌സ്‌സി 60ൽ ഉണ്ട്.
പെട്രോൾ മൈൽഡ് ഹൈബ്രിഡ് എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം. 2.4 ലീറ്റർ ടർബോ ചാർജിഡ് 5 സിലിണ്ടർ എൻ.ജിന് 250 ബി.എച്ച്.പി കരുത്തും 350 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് നൂറ് കി.മീറ്റർ വേഗം കൈവരിക്കാൻ വേണ്ടത് 6.9 സെക്കന്‍റ് സമയം മാത്രം. 180 കി.മീറ്ററാണ് ഉയർന്ന വേഗത. വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പുറമെ, റോഡിലൂടെ യാത്ര ചെയ്യുന്നവരുടെയും സുരക്ഷയും ഉറപ്പാക്കുന്ന വാഹനമെന്ന പ്രത്യേകതയും വോൾവോ എക്സ്.സി 60 ക്ക് സ്വന്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.