സ്പീഡ് കാമറയിൽ പതിയുന്ന ചിത്രങ്ങൾ ഉപയോഗിച്ച് പിഴയീടാക്കേണ്ടത് ആര്? ഹൈകോടതി സർക്കാറിൽനിന്ന് വിശദീകരണം തേടി
text_fieldsകൊച്ചി: വാഹനങ്ങളുടെ അമിത വേഗത ആരോപിച്ച് കുറ്റാരോപണ മെമ്മോയും കാരണം കാണിക്കൽ നോട്ടീസും നൽകാൻ പൊലീസ് ഹൈടെക് ട്രാഫിക് എൻഫോഴ്സ്മെൻറ് കൺട്രോൾ റൂമിന് അധികാരമില്ലെന്ന ഹരജിയിൽ സർക്കാർ വിശദീകരണ പത്രിക നൽകണമെന്ന് ഹൈകോടതി നിർേദശം. എറണാകുളം മരട് സ്വദേശി അഡ്വ. സിജു കമലാസനൻ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്.
കൊല്ലം കുളക്കടയിലൂടെ സെപ്റ്റംബർ 29ന് അമിത വേഗത്തിൽ കാറോടിച്ചത് പാതയോരത്തെ കാമറയിൽ പതിഞ്ഞെന്ന് ചൂണ്ടിക്കാട്ടി 1500 രൂപ പിഴയടക്കാനും കാരണം കാണിക്കാനും ഹർജിക്കാരന് ഹൈടെക് ട്രാഫിക് എൻഫോഴ്സ്മെൻറ് കൺട്രോൾ റൂം ഇൻസ്പെക്ടർ നോട്ടീസ് നൽകി. എന്നാൽ, മോട്ടോർ വാഹന നിയമപ്രകാരം ഇത്തരം നടപടി എടുക്കാനുള്ള അധികാരം ഹൈ ടെക് ട്രാഫിക് എൻഫോഴ്സ്‌മെൻറ് അധികൃതർക്കല്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
ലൈസൻസിങ് അതോറിറ്റിയായ മോട്ടോർ വാഹന വകുപ്പിനാണ് ഇതിന് അധികാരം. ഹർജിക്കാരന് നൽകിയ കുറ്റാരോപണ മെമ്മോയിലെ തുടർനടപടി മൂന്നാഴ്ചത്തേക്ക് സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തിട്ടുമുണ്ട്. കൊല്ലം ജില്ലയിലെ കുളക്കടയിൽ നടന്ന സംഭവം തിരുവനന്തപുരത്ത് തൈക്കാടുള്ള ഹൈ ടെക് ട്രാഫിക് എൻഫോഴ്സ്മെൻറ് കൺട്രോൾ റൂമിെൻറ അധികാര പരിധിയിലല്ല. മാത്രമല്ല പാതയിലെ വേഗ നിയന്ത്രണം സംബന്ധിച്ച് വിജ്ഞാപനം ഇറക്കണമെന്നും ട്രാഫിക് അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും വ്യവസ്ഥയുണ്ട്. കുളക്കടയിൽ ഇത്തരത്തിൽ ബോർഡ് സ്ഥാപിച്ചിരുന്നില്ല.
പാതയോരത്ത് കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ വാഹന യാത്രക്കാർ കാമറ നിരീക്ഷണത്തിലാണെന്ന് വ്യക്തമാക്കുന്ന ബോർഡ് സ്ഥാപിക്കണം. അല്ലാത്തപക്ഷം സ്വകാര്യതയുടെ ലംഘനമാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.