റേഞ്ചിലെ മറിമായം; ഹൈവേകളേക്കാൾ നഗരത്തിൽ ഇ.വികൾക്ക് മൈലേജ് ലഭിക്കുന്നതെന്താണ്?
text_fieldsവൈദ്യുത വാഹനങ്ങളുടെ വരവോടെ പരമ്പരാഗതമായ പല സങ്കൽപ്പങ്ങളും തിരുത്തിയെഴുതേണ്ട അവസ്ഥയിലാണ് നാം. പ്രകൃതിദത്ത ഇന്ധനവും അതുപയോഗിച്ചുള്ള വാഹനങ്ങളുമാണ് നൂറ്റാണ്ടിലേറെയായി മനുഷ്യൻ ഉപയോഗിച്ചിരുന്നത്. അതിൽനിന്ന് ലഭിച്ച അറിവുകളാണ് പാരമ്പര്യമായി നാം കൈമാറി വന്നതും. ഇ.വികളുടെ വരവോടെ അതിൽ പലതും മാറിമറിയുന്ന അവസ്ഥയാണ്. അതിൽ പ്രധാനമാണ് ഹൈവേകളിൽ കൂടുതൽ ഇന്ധനക്ഷമത എന്നത്.
നഗരത്തിരക്കിൽ പൊതുവേ ഇന്ധനക്ഷമത കുറവായിരിക്കുമെന്നും ഹൈവേകളിൽ കൂടുതലായിരിക്കും എന്നുമാണ് നാം ഇതുവരെ മനസിലാക്കിയിരുന്നത്. ഇ.വികളിൽ ഇത് നേരേ തിരിച്ചാണ്. ഹൈവേയിൽ ഇ.വികളുടെ റേഞ്ച് കുറവായിരിക്കും. നഗരനിരത്തുകളിലെത്തിയാൽ റേഞ്ച് വർധിക്കുകയും ചെയ്യും.
ഇന്ത്യയിൽ വൈദ്യുത വാഹന രംഗത്ത് പ്രാമാണികമായ മാനദണ്ഡം സൃഷ്ടിച്ചത് മൂന്ന് വാഹനങ്ങളാണ്. ടാറ്റ നെക്സോൺ, എം.ജി ഇസഡ്.എസ് ഇ.വി, ഹ്യുണ്ടായ് കോന എന്നിവയാണവ. 16 മുതൽ 24 ലക്ഷത്തിന് ഇടയിലാണ് ഈ വാഹനങ്ങളുടെ വില. നെക്സോൺ ഇ.വി(312km), എം.ജി ഇസഡ്.എസ് ഇ.വി (340km), ഹ്യുണ്ടായ് കോന(452km) എന്നിങ്ങനെയാണ് ഈ വാഹനങ്ങളുടെ എ.ആർ.ആർ.ഐ സർട്ടിഫൈഡ് റേഞ്ച്.
അടുത്ത കാലത്ത് നടത്തിയ പരീക്ഷണ ഓട്ടങ്ങളിൽ ഈ വാഹനങ്ങളുടെ യഥാർഥ ലോകത്തെ റേഞ്ച് ലഭിച്ചിരുന്നു. നെക്സോൺ ഇ.വിക്ക് ഹൈവേകളിൽ ലഭിച്ച റേഞ്ച് വെറും 201 കിലോമീറ്റർ മാത്രമാണ്. നഗരത്തിൽ എത്തിയപ്പോൾ അത് 216 ആയി വർധിച്ചു. 208 കിലോമീറ്റർ എന്ന ശരാശരിയാണ് ചുരുക്കത്തിൽ നെക്സോണിലുള്ളത്. 312 എന്ന സർട്ടിഫൈഡ് റേഞ്ച് ഉള്ള വാഹനത്തിനാണ് ഈ അവസ്ഥയെന്നോർക്കുക. എം.ജി ഇസഡ്.എസ് ഇ.വിയിലേക്കുവന്നാൽ ഹൈവേകളിൽ 301 കിലോമീറ്റർ റേഞ്ച് ലഭിച്ചു. സിറ്റിയിൽ ഇത് 353 ആണ്. കോന ഇലക്ട്രിക്കിന് ഹൈവേകളിൽ 236 കിലോമീറ്ററും നഗരത്തിൽ 282ഉം കിലോമീറ്റർ റേഞ്ച് ലഭിച്ചു. നഗരത്തിലാണ് ഹൈവേകളേക്കാൾ കൂടുതൽ റേഞ്ച് ലഭിച്ചത് എന്ന് സാമാന്യമായി പറയാം. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്?
ജഡത്വവും ഇന്ധനക്ഷമതയും
ഒരു പ്രത്യേക ആർ.പി.എം ബാൻഡിലും, കുറഞ്ഞ ഭാരംവഹിക്കുന്ന അവസ്ഥയിലും മാത്രമാണ് പരമ്പരാഗത ആന്തരിക ജ്വലന എഞ്ചിന് അതിന്‍റെ ഏറ്റവും ഉയർന്ന ഇന്ധനക്ഷമത കൈവരിക്കാനാവുക. ഹൈവേയിൽ വാഹനം നിശ്ചിത വേഗതയിൽ തുടർച്ചയായി സഞ്ചരിക്കുന്നതുകാരണം കുറച്ച് ഇന്ധനം മാത്രമാണ് ഉപയോഗിക്കുക. നഗര ട്രാഫിക്കിൽ വേഗത കൂടിയും കുറഞ്ഞും വരുന്നതിനാൽ ഇന്ധനം കത്തുന്നതിന്‍റെ തോത് കൂടും. വാഹനം നിർത്തിയിട്ട് എടുക്കുേമ്പാൾ ഏറെ ഇന്ധനം വേണ്ടിവരികയും ചെയ്യും.
ഊർജപുനരുത്പാദനം
വൈദ്യുത വാഹനങ്ങളുടെ പ്രത്യേകത അതിലെ ഇലക്ട്രിക് മോട്ടോറിന് ഊർജം പുനരുത്പാദിപ്പിക്കാൻ കഴിയും എന്നതാണ്. ജനറേറ്ററായി പ്രവർത്തിക്കാൻ ഒരു ഇലക്ട്രിക് മോട്ടോറിനാകും. വേഗത കുറയുേമ്പാഴോ ബ്രേക്കിങ് സമയത്തോ മോട്ടോർ, ജനറേറ്റർ ആയി മാറുകയും ബാറ്ററി റീചാർജ് ചെയ്യുകയും ചെയ്യും. അതുകൊണ്ടാണ് ഇ.വികൾ നഗരത്തിൽ ഉയർന്ന റേഞ്ച് നൽകുന്നത്. നിരന്തരമായ ത്രോട്ടിൽ ഇൻപുട്ട് ഉള്ള ഹൈവേയിൽ നിന്ന് വ്യത്യസ്തമായി നഗരത്തിലെ സ്റ്റാർട്ട്-സ്റ്റോപ്പ് പാറ്റേൺ ഊർജ്ജത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുമെന്ന് സാരം. പുനരുജ്ജീവനത്തിന്‍റെ തോത് വാഹന നിർമ്മാതാവിന് തീരുമാനിക്കാനും കഴിയും. എന്നാൽ വാഹനം അനന്തമായി സഞ്ചരിക്കുന്ന രീതിയിൽ ഊർജ്ജ പുനരുത്പാദനം നടക്കുമോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം.
ഗിയർ
റേഞ്ച് വർധിപ്പിക്കുന്ന മറ്റൊരു ഘടകം ഗിയർബോക്സാണ്. ഒരു ഇലക്ട്രിക് മോട്ടോർ അതിന്‍റെ പരമാവധി ടോർക്ക് പുറത്തെടുക്കുന്നത് അതിന്‍റെ നിശ്ചലാവസ്ഥയിലാണ്. ഈ ടോർക്ക് എഞ്ചിന്‍റെ കറക്കത്തിലുടനീളം തുടരുകയും ചെയ്യും. അതിനാൽ ഒരു ഗിയർറേഷ്യോ മാത്രമേ വൈദ്യുത വാഹനങ്ങളിൽ ഉപയോഗിക്കുന്നുള്ളൂ. നഗരവും ഹൈവേ ഡ്രൈവിങും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് ഇവിടെ കാണാവുന്നത്. വാഹനത്തിന് അധിക ഗിയർ ശ്രേണി ഉൾപ്പെടുത്തിയാൽ ഇന്ധനക്ഷമത മെച്ചപ്പെടും. പക്ഷേ അധിക വിലയും ഭാരവും ഒഴിവാക്കുന്നതിന് ഒറ്റ റേഷ്യോ ഗിയർബോക്സുകളാണ് വൈദ്യുത വാഹനങ്ങൾക്കും നിർമാതാക്കളും പഥ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.