എല്ലാവർക്കും വേണം ടൊയോട്ട ; എന്താണീ വിജയരഹസ്യം? ഒരു ജാപ്പനീസ് ബ്രാൻഡ് രാജ്യം കീഴടക്കുന്നത് ഇങ്ങിനെയാണ്
text_fieldsലോകത്തെ ഏറ്റവും വിശ്വസ്തമായ വാഹന നാമങ്ങളിലൊന്നാണ് ടൊയോട്ട. ഇന്ത്യക്കാരെ സംബന്ധിച്ച് ടൊയോട്ടയെന്നാൽ ഇന്നോവയും ഫോർച്യൂണറുമാണ്. പഴകുംതോറും വിലവർധിക്കുന്ന ലോകത്തെ അപൂർവ്വം വാഹനങ്ങളാണിത്. എന്താണ് എല്ലാവർക്കും ടൊയോട്ടയോട് ഇത്ര താൽപ്പര്യം?. ഫോർച്യൂണർ പോലെ വലുതും വിലകൂടിയതുമായ വാഹനംപോലും ഇത്രമാത്രം ജനപ്രിയമായി തുടരാൻ കാരണമെന്താകും?. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന പൂർണ വലിപ്പത്തിലുള്ള എസ്‌യുവിയാണ് ടൊയോട്ട ഫോർച്യൂണർ. ഏറെക്കാലമായി ഇൗ സ്ഥാനത്ത് തുടരുന്നതും ഫോർച്യൂണറാണ്. ഇപ്പോഴും പുത്തൻ മിഡ്-സൈസ് എസ്‌യുവികൾക്ക് പകരം ആളുകൾ ഇഷ്ടപ്പെടുന്നത് സെക്കൻഡ്ഹാൻഡ് ടൊയോട്ടയാണ്. ഫോർച്യൂണറിെൻറ ജനപ്രിയതയുടെ കാരണങ്ങൾ തേടുകയാണിവിടെ.
ടൊയോട്ടയെന്ന ബ്രാൻഡ്
വിശ്വാസ്യതയാണ് ടൊയോട്ട എന്ന ബ്രാൻഡിെൻറ ഏറ്റവുംവലിയ മൂലധനം. വിശ്വാസ്യതയിൽ വെള്ളംചേർക്കുന്നതിനേക്കാൾ കമ്പനി ഇഷ്ടപ്പെടുന്നത് വാഹനം വിൽക്കാതിരിക്കാനാണ്. കേന്ദ്ര സർക്കാറിെൻറ ചൂഷണാത്മകമായ നികുതിഘടനക്കെതിരേ നിരവധിതവണ പ്രതിഷേധിച്ചിട്ടുണ്ട് ടൊയോട്ട. ഇത്രയും ഭീമമായ നികുതികളുള്ള നാട്ടിൽ വാഹനം വിൽക്കണമെങ്കിൽ വില വർധിപ്പിക്കാതെ നിവൃത്തിയില്ല എന്നും പറഞ്ഞിട്ടുണ്ട്. വില കുറക്കാനായി തങ്ങളുടെ ബ്രാൻഡ് വാല്യൂവിൽ വെള്ളംചേർക്കാൻ ജാപ്പനീസ് നിർമാതാവ് ഒരിക്കലും തയ്യാറായിരുന്നില്ല.
എംപിവി ആയ ക്വാളിസുമായാണ് ടൊയോട്ട ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്. ക്വാളിസ് വിപണിയിൽ ഹിറ്റായിരുന്നു. 2009 ലാണ് അവർ ഫോർച്യൂണർ അവതരിപ്പിച്ചത്. അതും ജനപ്രിയമാകാൻ അധികകാലം വേണ്ടിവന്നില്ല. രാജ്യത്ത് ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന എസ്‌യുവിയാണ് ഫോർച്യൂണർ. വാഹനത്തിെൻറ പ്രതിച്ഛായ കാരണം പല രാഷ്ട്രീയക്കാരും അവരുടെ വാഹനവ്യൂഹമായി ഉപയോഗിക്കുന്നതും ഫോർച്യൂണറിനെയാണ്.
പുനർവിൽപ്പന മൂല്യം
ടൊയോട്ടയുടെ പുനർവിൽപ്പന മൂല്യം എതിരാളികളേക്കാൾ വളരെ കൂടുതലാണ്. മികച്ച നിലവാരത്തിലുള്ള സെക്കൻഡ്ഹാൻഡ് ഫോർച്യൂണറിനും ഇന്നോവക്കുമെല്ലാം വാങ്ങിയതിനേക്കാൾ വില ലഭിക്കും. 15-20 ലക്ഷം മുടക്കി പുതിയ എസ്.യു.വികൾ വാങ്ങുന്നതിനേക്കാൾ പഴയ ഫോർച്യൂണർ വാങ്ങാൻ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ രാജ്യത്തുണ്ട്. തങ്ങളുടെ വാഹനങ്ങൾ 5 വർഷത്തിനു ശേഷവും അവയുടെ മൂല്യത്തിെൻറ 68 ശതമാനം നിലനിർത്തുമെന്നാണ് ടൊയോട്ട പറയുന്നത്.
വിൽപ്പന ശൃംഖല
ഇന്ത്യയിലെ മികച്ച വിൽപ്പന ശൃംഖലകളിലൊന്നാണ് ടൊയോട്ടയുടേത്. രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും പട്ടണങ്ങളിലും ടൊയോട്ട സേവന കേന്ദ്രങ്ങൾ കണ്ടെത്താൻ കഴിയും. ടൊയോട്ടയ്ക്ക് ഇന്ത്യയിലുടനീളം ഏകദേശം 400 സർവീസ് ഒൗട്ട്ലെറ്റുകളും 80 ലധികം ഡീലർഷിപ്പുകളും ഉണ്ട്. ഫോർച്യൂണറിന് മൂന്ന് വർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ വരെ സ്റ്റാേൻറഡ് വാറൻറി ടൊയോട്ട വാഗ്ദാനം ചെയ്യുന്നു. ആവശ്യമെങ്കിൽ അഞ്ച് വർഷം വരെ വാറൻറി നീട്ടാനും കഴിയും. ഇത് ആദ്യ ഉടമയ്ക്ക് മാത്രമല്ല പിന്നീട് വാഹനം വാങ്ങുന്നവർക്കും മനസമാധാനം നൽകും. ടൊയോട്ടയുടെ റോഡ്സൈഡ് അസിസ്റ്റ് സംവിധാനവും മികച്ചതാണ്.
മികച്ച സർവീസ്
ഓട്ടോമൊബൈൽ വ്യവസായത്തിലെ ഏറ്റവും താങ്ങാനാവുന്ന സർവ്വീസ് ചെലവുകളാണ് ടൊയോട്ടക്കുള്ളത്. ടൊയോട്ട എഞ്ചിനുകൾക്കുള്ള വിശ്വാസ്യത മറ്റൊരു നിർമാതാവിനും ഇല്ലാത്തതും എടുത്തുപറയേണ്ടതാണ്. പീരിയോഡിക്കൽ സർവ്വീസുകൾ ചെയ്ത് മുന്നോട്ട് പോയാൽ ഏറെക്കാലം വാഹനം കേടുകൂടാതിരിക്കും. മിതമായ സർവ്വീസ് ചാർജുകളാണ് മറ്റൊരു ആകർഷക ഘടകം. ടൊയോട്ടയുടെ ഡീസൽ എഞ്ചിനുകൾ അവയുടെ വിശ്വാസ്യതയ്ക്ക് ലോകമെമ്പാടും പ്രസിദ്ധമാണ്. ഫോർച്യൂണറിെൻറയൊക്കെ ഡീസൽ എഞ്ചിന് 44 ശതമാനം ഉയർന്ന താപ കാര്യക്ഷമതയുണ്ട്. ലോകത്തിലെതന്നെ ഏറ്റവും കാര്യക്ഷമമായ ഡീസൽ എഞ്ചിനുകളാണണ് ടൊയോട്ട നിർമിക്കുന്നത്. ഫോർച്യൂണറിെൻറ ഡീസൽ എഞ്ചിൻ 204 പിഎസ് കരുത്തും 500 എൻഎം ടോർക്കും ഉത്പാദിപ്പിക്കും.
നിരവധി വകഭേദങ്ങൾ
തിരഞ്ഞെടുക്കാൻ ധാരാളം വകഭേദങ്ങളുള്ള വാഹനങ്ങളാണ് ടൊയോട്ടയുടേത്. ഫോർച്യൂണറിൽ പെട്രോൾ, ഡീസൽ എഞ്ചിനുകളും നിരവധി കോമ്പിനേഷനുകളും ലഭ്യമാണ്. മാനുവൽ ഗിയർബോക്സിനുപുറമേ ഓട്ടോമാറ്റിക് സംവിധാനവും ഓൾ-വീൽ ഡ്രൈവ് സിസ്റ്റവുമൊക്കെ ടൊയോട്ടയിൽ ലഭിക്കും. പെട്രോൾ എഞ്ചിൻ വാഹനം 4 × 2 ആയി മാത്രമേ ലഭിക്കുകയുള്ളൂ. പക്ഷേ ഇത് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ ലഭിക്കും.ഡീസൽ എൻജിനിൽ 4 × 4 അല്ലെങ്കിൽ 4 × 2 തിരഞ്ഞെടുക്കാം. ഇവ രണ്ടും മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്സിൽ ലഭ്യമാണ്. വലിയ എസ്.യു.വി വിഭാഗത്തിൽ മറ്റൊരു നിർമാതാവും പെട്രോൾ എഞ്ചിൻ നൽകാത്തതും ഫോർച്യൂണറിനെ സവിശേഷമാക്കുന്ന ഒന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.