അർജന്റീനയെ തകർത്ത സൗദി കളിക്കാർക്ക് റോൾസ് റോയ്സ്? പ്രചരിക്കുന്ന വാർത്തയിലെ സത്യം ഇതാണ്
text_fieldsകായികലോകത്തെ 'ബിഗ് അപ്സറ്റ്' ആയിരുന്നു ഖത്തർ ലോകകപ്പിലെ സൗദി അറേബ്യ-അർജന്റീന മത്സരം. ലോക ഫുട്ബോളിലെ വമ്പന്മാരായ അർജന്റീനയെ താരതമ്യേന ദുർബലരായ സൗദി അറേബ്യ അട്ടിമറിച്ചത് വലിയ വാർത്തയായിരുന്നു. സൗദിയുടെ വിജയത്തിനുപിന്നാലെ സമൂഹമാധ്യമങ്ങളിൽ ഒരു വാർത്ത പ്രചരിച്ചിരുന്നു. വിജയിച്ച സൗദി കളിക്കാർക്ക് സൽമാൻ രാജകുമാരൻ റോൾസ് റോയ്സ് നൽകുന്നു എന്നായിരുന്നു ആ വാർത്ത.
ലോകകപ്പിൽ അർജന്റീനയെ പരാജയപ്പെടുത്തിയ സൗദി ദേശീയ ഫുട്ബോൾ ടീം അംഗങ്ങൾക്ക് കോടികള്‍ വില മതിക്കുന്ന റോള്‍സ് റോയിസ് ഫാന്റം കാറുകൾ സമ്മാനിക്കുമെന്നാണ് വാർത്തയിൽ ഉണ്ടായിരുന്നത്. ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ അത്യാഡംബര വാഹനമായ റോള്‍സ് റോയിസ് ഫാന്റത്തിന് 8.99 മുതല്‍ 10.48 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. കൗതുകമുള്ള വാർത്തയായതിനാൽ വൻ പ്രചാരമാണ് ലഭിച്ചത്. എന്നാൽ ഇതേപറ്റി സൗദി കോച്ച് ഹെര്‍വ് റെനാഡും സ്‌ട്രൈക്കര്‍ അല്‍ ഷെഹ്‌രിയും പ്രതികരിച്ചിരിക്കുകയാണ്.
സമ്മാന വാർത്ത വ്യാജം
സൗദി അറേബ്യ ടീമംഗങ്ങള്‍ക്ക് രാജകുടുംബം റോള്‍സ് റോയ്‌സ് സമ്മാനിക്കുമെന്ന വാര്‍ത്ത നിഷേധിച്ച് കോച്ച് ഹെര്‍വ് റെനാഡും സ്‌ട്രൈക്കര്‍ അല്‍ ഷെഹ്‌രിയും രംഗത്തെത്തി. ഇത് സത്യമല്ലെന്നും രാജ്യത്തെ പ്രതിനിധീകരിച്ചാണ് ഞങ്ങള്‍ ലോകകപ്പില്‍ കളിക്കുന്നതെന്നും ഇത് തങ്ങളുടെ ഏറ്റവും വലിയ നേട്ടമാണെന്നും അല്‍ ഷെഹ്‌രി പ്രതികരിച്ചു. സമ്മാനമായി എന്തെങ്കിലും സ്വീകരിക്കാനുള്ള സമയമല്ല ഇതെന്നും തങ്ങളുടെ ടീം വണ്‍ ഹിറ്റ് വണ്ടറല്ലെന്നും കളിയെ കാര്യമായാണ് സമീപിക്കുന്നതെന്നും റെനാഡും വ്യക്തമാക്കുന്നു. പോളണ്ടിനെതിരായ മത്സരത്തിന് മുമ്പ് നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു ഇരുവരുടേയും പ്രതികരണം.
'ഞങ്ങള്‍ക്ക് വളരെ ശക്തമായ ഒരു ഫെഡറേഷനും കായിക മന്ത്രാലയവുമുണ്ട്. ഇത് പോലെ വല്ലതും ലഭിക്കേണ്ട സമയമല്ലിത്. ഞങ്ങള്‍ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ട്. ഞങ്ങള്‍ക്ക് ഇനിയും ഒരുപാട് പ്രതീക്ഷകളുണ്ട്'-റെനാര്‍ഡ് പറഞ്ഞു.
പാകിസ്ഥാനി ദന്തഡോക്ടർ അവാബ് ആല്‍വിയുടെ ട്വിറ്റര്‍ പോസ്റ്റില്‍ നിന്നാണ് റോൾസ് റോയ്സ് സംബന്ധിച്ച കിംവദന്തികള്‍ പരക്കാന്‍ ആരംഭിച്ചതെന്ന് ന്യൂയോർക് പോസ്റ്റ് പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. വെരിഫൈഡ് പ്രൊഫൈലില്‍ പങ്കുവെച്ച ഈ വിവരം പല മാധ്യമങ്ങളും വാര്‍ത്തയാക്കുകയായിരുന്നു.
റോള്‍സ് റോയ്‌സ് വാർത്ത പ്രമുഖ ഇന്ത്യന്‍ വ്യവസായി സുഹേല്‍ സേത്തും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. 1994 ലെ ലോകകപ്പില്‍ ബെല്‍ജിയത്തിനെതിരെ അത്ഭുത ഗോള്‍ നേടിയ സയ്യിദ് അല്‍ ഒവൈരാന് സൗദി രാജാവ് റോള്‍സ് റോയ്സ് കാര്‍ സമ്മാനിച്ച മുന്‍കാല അനുഭവത്തിന്റെ കൂടി വെളിച്ചത്തിലായിരുന്നു വാര്‍ത്തകള്‍ പരന്നത്.
സൗദി-അർജന്റീന മത്സരത്തിൽ പത്താം മിനിറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ പെനാല്‍റ്റിയിലൂടെ അര്‍ജന്റീനയാണ് മുന്നിലെത്തിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ സാലിഹ് അല്‍ ഷെഹ്രി (48'), സലാം അല്‍ ദവ്‌സാരി (53') എന്നിവടെ ഗോളിലൂടെ സൗദി ജയം പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ സൗദി പോളണ്ടിനോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റു. രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുമായി നിലവില്‍ ഗ്രൂപ്പ് സിയില്‍ മൂന്നാമതാണ് സൗദി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.