യെസ്ഡികൾ ഈ മാസം 13ന് എത്തും; അറിയാം, ചെക് ലെജൻഡിന്‍റെ ചരിത്രം
text_fields'യെസ്ഡി' എന്ന വാക്കിനൊപ്പം പലവിധമായ വികാരങ്ങളും ഇന്ത്യക്കാരുടെ മനസിൽ കൂടിക്കലർന്നിട്ടുണ്ട്. നാം ഇന്ന് ഉപയോഗിക്കുന്ന ബൈക്കുകളേക്കാൾ പ്രാകൃതവും സാങ്കേതികത്തികവില്ലാത്തതുമായ വാഹനമായിരുന്നു പഴയ യെസ്ഡികൾ. എങ്കിലും ഓർമകൾ ഏറെ ദീപ്തമായതിനാൽ യെസ്ഡിയെന്ന് കേൾക്കുമ്പോൾ ആരാധകർക്ക് ഉണ്ടാകുന്ന ആവേശത്തിന് കുറവില്ല. ഈ ബ്രാൻഡ് മൂല്യത്തെ വിൽപ്പനക്ക് വയ്ക്കാനാണ് മഹീന്ദ്രയുടെ സബ്സിഡിയറി കമ്പനിയായ ക്ലാസിക് ലെജൻഡ് യെസ്ഡി എന്ന വ്യാപാര നാമത്തെ വീണ്ടും വിപണിയിൽ അവതരിപ്പിക്കുന്നത്.
ഈ മാസം 13ന് പുതിയ യെസ്ഡികൾ വീണ്ടുമെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സമൂഹമാധ്യമത്തിലൂടെയാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. ഒന്നല്ല പകരം മൂന്ന് പുതിയ യെസ്‍ഡി ബൈക്കുകൾ ഇന്ത്യൻ വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യെസ്ഡിയുടെ ചരിത്രം
ജാവ, യെസ്ഡി എന്നീ പേരുകൾ അഭേദ്യമായ പരസ്പരബന്ധമുള്ളവയാണ്. ജാവ എവിടെ നിന്നാണ് വരുന്നത്, യെസ്ഡി അതിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് നമ്മുക്കൊന്ന് അന്വേഷിക്കാം. ചെക്ക് റിപ്പബ്ലിക്കിലെ മോട്ടോർ സൈക്കിൾ നിർമ്മാതാക്കളായിരുന്നു ജാവ. ജനേസെക്, വാണ്ടർവെർക് എന്നിവരുടെ പേരുകളിൽ നിന്നാണ് ജാവ രൂപം കൊള്ളുന്നത്. 1929ൽ ജാവ എന്ന ബ്രാൻഡ് നിലവിൽവന്നു. നാസി അധിനിവേശത്തിൻകീഴിലായിരുന്ന ചെക്കോസ്ലോവാക്യയിലാണീ മോട്ടോർസൈക്കിൾ ബ്രാൻഡ് ജനിച്ചത്.
ജാവയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് ഫറോഖ് കെ ഇറാനി, റുസ്‌തം എസ് ഇറാനി എന്നിവർ ചേർന്നാണ്. ഇവരാണ് ജാവയെ യെസ്ഡി എന്ന് പുനർനാമകരണം ചെയ്തത്. 1961ൽ മൈസൂരുവിൽ യെസ്‌ഡി മോട്ടോർസൈക്കിളുകൾ നിർമ്മിക്കുന്നതിനുള്ള ഒരു ഫാക്ടറിയും സ്ഥാപിച്ചു. ഇന്ത്യക്കാരുടെ മനസ്സിൽ ജാവ യെസ്‌ഡി എന്ന പേര് പതിയാനിടയാക്കിയ മോഡലാണ് ജാവ 250. ഇതിനെ എ-ടൈപ്പ് എന്നാണ് വിളിച്ചിരുന്നത്. പിന്നീട് യെസ്ഡി 250 ബി-ടൈപ്പ്, യെസ്ഡി 350 ട്വിൻ, യെസ്ഡി മൊണാർക് എന്നിവ പുറത്തിറങ്ങി.
യെസ്ഡി 175, യെസ്ഡി 60 കോൾട്ട് തുടങ്ങിയ ചെറിയ സി.സി മോപ്പഡുകളും ബ്രാൻഡ് നിർമ്മിച്ചു. എന്നിരുന്നാലും, 1978 മുതൽ 1996 വരെ മൈസൂർ പ്ലാന്റിൽ ഉത്പാദിപ്പിച്ച റോഡ്‌കിങ് ആയിരിക്കണം ഏറ്റവും ജനപ്രിയമായ യെസ്‌ഡി. 16 എച്ച്‌പിയും 24 എൻഎം ടോർക്കും ഉൽപ്പാദിപ്പിച്ച ടു-സ്ട്രോക്ക് 250 സിസി എഞ്ചിനിലാണ് ഇത് വന്നത്. നാല് സ്പീഡായിരുന്നു ഗിയർബോക്‌സ്. മണിക്കൂറിൽ 120 കി.മീ വേഗതയിൽവരെ ഇവ സഞ്ചരിച്ചിരുന്നു. സെമിഓട്ടോമാറ്റിക് ക്ലച്ച്, ഡ്യുവൽ എക്‌സ്‌ഹോസ്റ്റുകൾ, ഇന്റഗ്രേറ്റഡ് ഗിയർ ഷിഫ്റ്റർ, കിക്ക്‌സ്റ്റാർട്ടർ എന്നിവ റോഡ്കിങിന്റെ എടുത്തുപറയേണ്ട സവിശേഷതകളിൽ ഉൾപ്പെടുന്നു.
റോയൽ എൻഫീൽഡ് ബുള്ളറ്റിനും ക്ലാസിക്കിനുമെതിരെ വമ്പിച്ച മത്സരമായിരുന്നു റോഡ്‌കിങ് നടത്തിയത്. യെസ്ഡികൾ ഇന്ത്യയിൽ വളരെ ജനപ്രിയമായിരുന്നു. എന്നാൽ രാജ്യത്തിന്‍റെ വാഹന നയങ്ങളിൽ വന്ന മാറ്റം ബ്രാൻഡിനെ നിലനിർത്തുന്നത് ബുദ്ധിമുട്ടാക്കി. 90കളുടെ അവസാനമായപ്പോഴേക്ക് യെസ്ഡി ഫാക്ടറി പൂട്ടേണ്ടി വന്നു. ഭാരം കുറഞ്ഞതും കൂടുതൽ ഇന്ധനക്ഷമതയുള്ളതുമായ മോട്ടോർസൈക്കിളുകൾ വിപണിയിൽ എത്തി. ടു-സ്ട്രോക് എഞ്ചിൻ നിയമപരമല്ല എന്നുവന്നതോടെ യെസ്ഡികൾ കാലയവനികക്കുള്ളിൽ മാഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.